- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; നെയ്യാറ്റിൻകരയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു: കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് കുടുംബ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു. ആങ്കോട് തലമണ്ണൂർക്കോണം മോഹനവിലാസത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ മോഹനകുമാരി (63), മകൻ കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (33) എന്നിവരാണു മരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. വിപിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകൾ
കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും വിപിന്റെ ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം. ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ദാരുണ സംഭവം അരങ്ങേറിയത്. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു. അമ്മയുടെ മൃതദേഹം കട്ടിലിൽനിന്നും മകനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകൻ അമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. വിപിൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
വിപിനും ഭാര്യയും അമ്മയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായും വഴക്കു പതിവായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നില്ല. വിപിൻ സ്വകാര്യ ഹാർഡ്വെയർ സ്ഥാപനത്തിൽ ഡ്രൈവറും സെയിൽസ്മാനുമാണ്. മരണത്തിൽ മറ്റു ദുരൂഹതകളില്ലെന്നാണു പ്രാഥമിക നിഗമനം.
അതേസമയം വീട്ടിലെ പ്രശ്‌നങ്ങളെത്തുടർന്ന് വിപിൻ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഏറെ സ്‌നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നതായി ബന്ധുക്കൾ മൊഴി നൽകി.