- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ നിന്നും ഹോളണ്ട് വരെ 19,000 അടി ഉയരത്തിൽ വിമാനത്തിന്റെ വീലിൽ തൂങ്ങി മൈനസ് 20 ഡിഗ്രി തണുപ്പിൽ 16 കാരൻ പറന്നു; ഒരു കെനിയൻ വിദ്യാർത്ഥിയുടെ അത്ഭുത കഥ
ലണ്ടനിൽ നിന്നും നെതർലാൻഡ്സിലേക്ക് ചരക്ക് വിമാനത്തിന്റെ വീലിൽ തൂങ്ങി ഒരു യാത്ര. കഠിനമായ തണുപ്പും, ഓക്സിജന്റെ കുറവും എല്ലാം അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് സുരക്ഷിതനായി ഇറങ്ങുക. ഭാഗ്യം എന്നു മാത്രം വിളിക്കാവുന്ന ഈ സംഭവത്തിലെ നായകൻ ഒരുകൗമാരക്കാരനാണെന്ന് അറിയുമ്പോൾ അദ്ഭുതം വർദ്ധിക്കും. നോർത്ത് സീ മറികടന്ന് 19,000 അടി ഉയരത്തിൽ പറന്ന് നെതർലൻഡ്സിലെ മാസ്ട്രിക്ട് വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ തൂങ്ങിക്കിടന്നു വന്നത് ഒരു 16 വയസ്സുകാരനായിരുന്നു.
മറ്റനേകം പേർ ശ്രമിച്ച് മരണം വരിച്ച ഒരു വഴിയാണ് ഈ കൗമാരക്കാരൻ തന്റെ യാത്രയ്ക്കായി തെരഞ്ഞെടുത്തത്. പലപ്പോഴും അതികഠിനമായ ശൈത്യത്താലും, ഓക്സിജൻ കുറവുമൂലവും ഇങ്ങനെ സഞ്ചരിക്കുന്നവർ മരണമടയുകയാണ് പതിവ്. പലരും വിമാനത്തിൽ നിന്നും താഴെ വീണും മരണമടഞ്ഞിട്ടുണ്ട്. 2019- ൽ ഇത്തരത്തിൽ ഒരു കെനിയൻ എയർവേസ് വിമാനത്തിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ച ഒരാൾ വീണത് ക്ലാഫാമിലെ ഒരു ഗാർഡന്റെ നടുവിലായിരുന്നു.
നെതർലാൻഡിൽ അനധികൃതമായി എത്തിയ ഈ പതിനാറുകാരൻ ഒരു കെനിയക്കാരൻ ആണെന്നാണ് ഡച്ച് പൊലീസ് ട്വീറ്റ് ചെയ്തത്. ഇപ്പോൾ അയാൾ ആശുപത്രിയിൽ ഹൈപ്പോതെർമിയയ്ക്ക് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി പാശ്ചാത്യ ലോകത്തേക്ക് മനുഷ്യക്കടത്തു നടത്തുന്ന ഏതെങ്കിലും സംഘം ഇതിനു പുറകിലുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ, ഈ കൗമാരക്കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ ലണ്ടനിൽ നിന്നും ഈ വിമാനത്താവളത്തിലെത്തിയ ഏകവിമാനം ടർക്കിഷ് എയർലൈൻസിന്റെ ഈ ചരക്ക് വിമാനമായിരുന്നു. ഇതിലായിരുന്നു ഈ കൗമാരക്കാരൻ തന്റെ ഭാഗ്യം പരീക്ഷിച്ചത്. അപകടം ഒന്നും കൂടാതെ, ജീവഹാനി സംഭവിക്കാതെ ഇവിടെ എത്തിയത് ഭാഗ്യം ആയി മാത്രമേ കാണാനാകൂ എന്നാണ് അധികൃതരും പറയുന്നത്.
ഇത്തരത്തിൽ സഞ്ചരിച്ചവരിൽ ഏറെയുംതണുത്തുറഞ്ഞ മൃതദേഹങ്ങളായാണ് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുള്ളത്. മറ്റു ചിലർ താഴെ വീണ് മരണമടയുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ