- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹ തീരം അണഞ്ഞ് ബൃഹസ്പദി; ഭർത്താവ് ഉപേക്ഷിച്ച 24കാരിയെ പിതാവ് കണ്ടെത്തുന്നത് എട്ട് വർഷങ്ങൾക്ക് ശേഷം: പ്രസവിച്ചയുടനെ ഭർത്താവ് ഉപേക്ഷിച്ച യുവതി വീടണഞ്ഞത് പിതാവ് തമിഴ്നാട്ടിലും കേരളത്തിലുമായി നടത്തിയ തിരച്ചിലിനൊടുവിൽ
കോട്ടയം: പ്രസവിച്ചയുടൻ ആശുപത്രി കിടക്കയിൽ ഭർത്താവ് ഉപേക്ഷിച്ച യുവതി എട്ട് വർഷത്തിനു ശേഷം വീടണഞ്ഞു. കോട്ടയത്തെ അഭയകേന്ദ്രത്തിൽ കൈക്കുഞ്ഞുമായി കഴിഞ്ഞ മധ്യപ്രദേശ് സ്വദേശിനിയാണ് സ്വന്തം കുടുംബം എന്ന സ്നേഹ തീരത്ത് അണഞ്ഞത്. ഗാന്ധിനഗർ സാന്ത്വനത്തിന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന മണ്ഡൽ ജില്ലയിൽ നിന്നുള്ള ബൃഹസ്പദി(24), മകൻ ഓംകാർ (4) എന്നിവരെ ഇന്നലെ അച്ഛൻ രത്തിറാം എത്തി കൂട്ടിക്കൊണ്ടു പോയി. എഴുത്തും വായനയും അറിയാതെ വന്നതോടെയാണ് ബൃഹസ്പതിക്ക് സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ വന്നത്.
മകളെ കണ്ടെത്താൻ രത്തിറാം കേരളത്തിലും തമിഴ്നാട്ടിലുമായി ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ എല്ലാ പ്രതീക്ഷയും അസ്തമിച്ച സമയത്താണ് ഗാന്ധിനഗർ സാന്ത്വനത്തിൽ ഇവരെ കണ്ടുമുട്ടിയത്. സാന്ത്വനം ഡയറക്ടർ ആനി ബാബുവും ഇവിടത്തെ അന്തേവാസിയായ സുമനുമാണ് ഈ സമാഗമത്തിനു കാരണക്കാർ. ചെറുപ്പത്തിലെ തന്നെ ബൃഹസ്പദിയെ മധ്യപ്രദേശ് സ്വദേശിയായ മനോഹറിന് വിവാഹം ചെയ്തു നൽകി.
ഏലപ്പാറയിലെ ഏലത്തോട്ടത്തിൽ തൊഴിലാളിയായിരുന്നു മനോഹർ. ഏലത്തോട്ടത്തിൽ വച്ചാണു ബൃഹസ്പദി ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. തുടർന്നു മനോഹർ നാട്ടുകാരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങി. ഇതോടെ ബൃഹസ്പതിയും കുഞ്ഞും ആരോരുമില്ലാത്തവരായി. 10 ദിവസമായിട്ടും ആരും തേടി വരാതിരുന്നതോടെ ആശുപത്രി അധികൃതർ സാന്ത്വനത്തിലേക്കു മാറ്റി.
മനോഹറിന് വേണ്ടി പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്കു തിരികെ പോകാനും ബൃഹസ്പദിക്ക് അറിയാതെ വന്നതോടെ ഇവിടെ തുടരുകയായിരുന്നു.മകളെയും മരുമകനെയും കാണാതെ വന്നതോടെ രത്തിറാം ഇവരെ അന്വേഷിച്ചു കേരളത്തിലെത്തി. ഇടുക്കി, കോട്ടയം ജില്ലകളിൽ മാസങ്ങളോളം ചെലവിട്ടെങ്കിലും കണ്ടെത്താനായില്ല. തുടർന്നു തമിഴ്നാട്ടിലും ഏറെക്കാലം അന്വേഷിച്ചു.
സാന്ത്വനത്തിൽ കഴിഞ്ഞിരുന്ന സുമൻ എന്ന അന്തേവാസി സ്വദേശമായ മധ്യപ്രദേശിലേക്കു തിരിച്ചു പോയതോടെയാണ് ഇവരുടെ കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സാന്ത്വനം അധികൃതർ ആരംഭിച്ചത്. സുമൻ തന്റെ സഹോദരന്റെ സഹായത്തോടെ ബൃഹസ്പദി പറഞ്ഞ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടെത്തി. അപ്പോഴാണു മകൾ കോട്ടയത്ത് ഉണ്ടെന്നും കുഞ്ഞ് ജനിച്ചതും മനോഹർ ഉപേക്ഷിച്ചു പോയതും ബന്ധുക്കൾ അറിഞ്ഞത്.