പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഞായറാഴ്ച പമ്പാ മണൽപ്പുറത്ത് തുടക്കമാകും. 10.30-ന് ഘോഷയാത്രകൾക്ക് സ്വീകരണം. ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പതാക ഉയർത്തും. നാലിന് ആർട്ട് ഓഫ് ലിവിങ് സ്ഥാപക ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അധ്യക്ഷത വഹിക്കും. തിങ്കളാഴ്ച മൂന്നിന് മാർഗദർശനസഭയിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച 3.30 മുതൽ ധർമബോധനസഭ.

ബുധനാഴ്ച 3.30 മുതൽ അധ്യാത്മബോധനസഭ. വ്യാഴാഴ്ച 3.30-ന് ആചാര്യാനുസ്മരണസഭയിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച 3.30 മുതൽ അയ്യപ്പധർമസഭയിൽ ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയുടെ പ്രഭാഷണം. ശനിയാഴ്ച 3.30 മുതൽ മാതൃസഭയിൽ ദേവി ജ്ഞാനാഭനിഷ്ഠയുടെയും അഡ്വ. സുബ്ബലക്ഷ്മിയുടെയും പ്രഭാഷണം. ഞായറാഴ്ച നാലിന് സമാപനസഭ മിസോറം ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. 6.30-ന് മഹാആരതി. ഏഴുമുതൽ ഗാനമഞ്ജരി. ആദ്യദിനംമുതൽ രാവിലെ എട്ടിന് ഭാഗവതപാരായണമുണ്ട്.

കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് 108 വർഷം മുൻപാണ് പരിഷത്ത് ആരംഭിച്ചത്. ചട്ടമ്പിസ്വാമിയുടെ പ്രധാന ശിഷ്യനായിരുന്ന തീർത്ഥപാദപരമഹംസസ്വാമി ആ കാലയളവിൽ അയിരൂരിലെത്തി. അന്നത്തെ പ്രമുഖരായ വ്യക്തികളെ സംഘടിപ്പിച്ച് നായർ സമാജത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നീളുന്ന മതപ്രഭാഷണയോഗം സംഘടിപ്പിച്ചു. ഇത് പ്രശസ്തമായ അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തായി മാറി.