ബ്രെക്സിറ്റിനു ശേഷമുള്ള വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ ഇന്നലെ പ്രഖ്യാപിച്ചു. വിദേശ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കാര്യമായ മാറ്റങ്ങൾ വന്നിരിക്കുന്നത്. ബ്രെക്സിറ്റിനു ശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളുമായുള്ള വിദ്യാർത്ഥികളെ പരസ്പരം കൈമാറ്റം ചെയ്യുന്ന നടപടികൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് പുതിയ നയമാറ്റം. യൂറൊപ്യൻ യൂണിയനിൽ നിന്നു വിട്ടുമാറിയപ്പോൾ, കഴിഞ്ഞവർഷം അവസാനം തന്നെ, യൂറോപ്യൻ യൂണീയന്റെ ഇറാസ്മസ് എന്ന പദ്ധതിക്ക് സമാനമായി മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു.

വിദ്യാർത്ഥികൾക്ക് വിദേശങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പഠനത്തിനുള്ള സാധ്യതകൾ കൂടുതലായി ഉണ്ടാക്കുക, വിദേശ സർവ്വകലാശാലകളിൽ പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുക, കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെയായിരുന്നു യൂറോപ്യൻ യൂണിയൻ ഇറാസ്മസ് എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇത് പക്ഷെ യൂണിയനിലെ അംഗരാജ്യങ്ങൾക്കുള്ളിൽ മാത്രമായിട്ടായിരുന്നു. അതേസമയം, ബ്രിട്ടൻ ആഗോളതലത്തിൽ തന്നെ അത്തരമൊരു പദ്ധതിക്കായാണ് ഉന്നം വയ്ക്കുന്നത് എന്ന് നേരത്തേ തന്നെ ചില സർക്കാർ വൃത്തങ്ങൾ സൂചനകൾ നൽകിയിരുന്നു.

പ്രശസ്ത ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ അലൻ ട്യുറിംഗിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ വിശദാംശങ്ങൾ ഇന്നലെ പുറത്തുവിട്ടു. 110 മില്ല്യൺ പൗണ്ടിന്റെ ഈ പദ്ധതിയിൽ ചേരുവാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവ്വകലാശാലകൾക്കും അപേക്ഷിക്കാം. നിലവിൽ ബ്രിട്ടനിൽ ഏറ്റവുമധികം വിദേശ വിദ്യാർത്ഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പദ്ധതിയിൽ ഇന്ത്യക്ക് മുൻഗണന നൽകുമെന്നും വിദ്യാഭാസവകുപ്പ് ഇന്നലെ പറഞ്ഞു.

ബ്രിട്ടനിലെ യുവതയ്ക്ക് വിദേശരാജ്യങ്ങളിൽ പഠനത്തിന് സൗകര്യമൊരുക്കുവാനും, ലോകത്തിന്റെ ഏത് മൂലയിൽ പോയും തൊഴിലെടുക്കാൻ പ്രാപ്തരാക്കാനു ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ട്യുറിങ് പദ്ധതി എന്നാണ് ബ്രിട്ടീഷ്, ഉന്നതവിദ്യാഭ്യാസകാര്യമന്ത്രി. മിഷേൽ ഡോൺലാൻ പറഞ്ഞത്. ബ്രിട്ടീഷ് കൗൺസിലുമായി സഹകരിച്ച്, ബ്രിട്ടനിലെ യുവാക്കൾക്ക് മുന്നിൽ ലോകം തുറന്നുകൊടുക്കുമെന്നും അവർ പറഞ്ഞു. ബ്രിട്ടന്റെ സംബദ്ഘടനയുടെ സുപ്രധാനമായ ഒരു ഭാഗം തന്നെയാണ് ലോകപ്രശസ്തമായ ഉന്നതവിദ്യാഭ്യാസ രംഗം. ഈ മേഖലയ്ക്ക് സഹായം നൽകി കൂടുതൽ വികസിപ്പിക്കുക എന്നതും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്നാണ്.

ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല, ലോക വിദ്യാഭ്യാസ വിപണിയിൽ ബ്രിട്ടന് ഇന്ന് മുൻനിരയിൽ തന്നെ സ്ഥാനമുണ്ട്. ഈ രംഗത്തുനിന്നു മാത്രം ബ്രിട്ടൻ 2018 ൽ നേടിയത് 23.3 മില്ല്യൺ പൗണ്ടായിരുന്നു. ശക്തമായ അടിത്തറയുള്ള ബ്രിട്ടനിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നേരായ രീതിയിലുള്ള പിന്തുണ നൽകിയാൽ ഇത് ഇനിയും വർദ്ധിപ്പിക്കാനാകും. വിദേശവിദ്യാർത്ഥികളിൽ നിന്നുള്ള ഫീസും വിദേശങ്ങളിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനുള്ള ഫീസും ഒക്കെയായി ഈ മേഖലയിലെ ഒരുവർഷത്തെ വരുമാനം 35 മില്ല്യൺ പൗണ്ട് വരെയായി ഉയർത്താം എന്നാണ് സർക്കാർ കരുതുന്നത്.

2030 ആകുമ്പോഴേക്കും പ്രതിവർഷം 6 ലക്ഷം വിദേശവിദ്യാർത്ഥികൾ ബ്രിട്ടനിൽ എത്തുന്ന സ്ഥിതിവിശേഷം സംജാതമാകണം എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാലാണ് സ്റ്റുഡന്റ്സ് വിസയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്തി പ്രക്രിയകൾ കൂടുതൽ ലളിതമാക്കിയത്. യൂണിവേഴ്സിറ്റി ബിരുദം നേടിയതിനു ശേഷം രണ്ടുവർഷം കൂടി വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ തുടരാനാകും എന്ന പുതിയ നിയമം ധാരാളം പേർക്ക് അനുഗ്രഹമായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയൊരു സഹായമായ ട്യുറിങ് പദ്ധതിയെ സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.