എരുമേലി: ഭാര്യ സുധയുടെ ആഗ്രഹ പ്രകാരം ഭാരതത്തെ തേടിയുള്ള യാത്രയിലായിരുന്നു കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ മുട്ടപ്പള്ളി മന്നിക്കൽ എം.സി.ഓമനക്കുട്ടൻ. എന്നാൽ നാടിനെ അറിഞ്ഞ് ഭർത്താവ് തിരികെ എത്തും മുന്നേ ഭാര്യ സുധ ഈ ലോകത്തോട് തന്നെ വിടപറഞ്ഞ് യാത്രയായി. അപ്രതീക്ഷമായുള്ള ഭാര്യയുടെ വിയോഗ വാർത്തയറിഞ്ഞ് യാത്ര പൂർണമാക്കാതെ എം.സി.ഓമനക്കുട്ടൻ മണാലിക്കടുത്തുള്ള കുളുവിൽനിന്ന് വീട്ടിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടിൽ എത്തി ഭാര്യയ്ക്ക് അന്ത്യ ചുംബനമേകും.

ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് വീടിനുള്ളിൽ കുഴഞ്ഞു വീണാണ് തുമരംപാറ ഗവ. ട്രൈബൽ എൽ.പി.സ്‌കൂൾ പ്രഥമാധ്യാപികയായ കെ.സുധ മരിച്ചത്. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. അച്ഛന്റെ അസാന്നിധ്യത്തിൽ അമ്മയുടെ വിയോഗം കൂടി ആയതോടെ ആേെകാ തളർന്നിരിക്കുകയാണ് ഇവരുടെ മക്കൾ എം. അനന്തുവും എം. നിളയും.

കോട്ടയം സി.എം.എസ്. കോളേജിൽ ബിരുദവിദ്യാർത്ഥികളാണ് മക്കൾ ഇരുവരും. മൂന്നാംവർഷ ബിരുദവിദ്യാർത്ഥിയായ അനന്തുവിന് തിങ്കളാഴ്ച അവസാന സെമസ്റ്ററിന്റെ പരീക്ഷയുമാണ്. മുട്ടപ്പള്ളിയിലെ വീട്ടുവളപ്പിൽ തിങ്കളാഴ്ച വൈകീട്ട് നാലിനാണ് ശവസംസ്‌കാരം. ചങ്ങനാശ്ശേരി ഇത്തിത്താനം മലകുന്നം ഷാജിഭവൻ കുടുംബാംഗമാണ് പരേത.

കഴിഞ്ഞ ആറിനാണ് ഓമനക്കുട്ടനും സുഹൃത്തുക്കളായ കൂവപ്പള്ളി സെന്റ് ജോസഫ് യു.പി.സ്‌കൂളിലെ പ്രഥമാധ്യാപകൻ ഇസിദോറും അദ്ധ്യാപകനായ റോബിനും ഒരുമിച്ച് യാത്രതിരിച്ചത്. 'യാത്രയ്ക്കിടെ എല്ലാ ദിവസവും രാത്രിയിലും രാവിലെയുമായി കുറഞ്ഞത് രണ്ടുതവണയെങ്കിലും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ദൂരദേശങ്ങളിലെങ്കിലും കണ്ട കാഴ്ചകൾ ഓൺലൈനിലൂടെ ഷെയർ ചെയ്യുമായിരുന്നു.

ഞായറാഴ്ച അർധരാത്രിയിൽ ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത ചിത്രത്തിലും, പുലർച്ചെ ഭാര്യയുടെ സാന്നിധ്യമറിഞ്ഞു. കുളുവിലെ പ്രഭാതത്തിൽ അടുത്ത സ്ഥലത്തേക്കുള്ള യാത്രയ്‌ക്കൊരുങ്ങുമ്പോഴാണ് അമ്മയുടെ മരണ വാർത്തയുമായി മകന്റെ വിളിയെത്തുന്നത്. നാടിനെ അറിഞ്ഞുള്ള യാത്ര കഴിഞ്ഞ് വരുമ്പോൾ നമുക്കൊരുമിച്ച് യാത്ര പോകണമെന്നതും സുധയുടെ ആഗ്രഹമായിരുന്നു'-ഓമനക്കുട്ടൻ പറയുന്നു.