അയിരൂർ: 109ാമത് അയിരൂർചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ലോകത്തെ ഏറ്റവും പുരാതനമായ തത്വശാസ്ത്രമാണ് വേദശാസ്ത്രമെന്ന് ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഹിന്ദുമത പരിഷത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

വേദശാസ്ത്രത്തിൽ നിന്നാണ് പല ശാസ്ത്ര ശാഖകളും വികസിച്ചത്. മഹദ് ഗ്രന്ഥങ്ങളിലൂടെയും മഹത്തായ വേദ വേദാന്ത പാഠങ്ങളിലൂടെയും ആഗമ ശാസ്ത്രത്തിലൂടെയും ഭാരതം ലോകത്തിനു നൽകിയ സംഭാവന നിസ്തുലമാണെന്നും കാലാതീതമായ ഈ ധിഷണയുടെ സംഭാവനകളെ നമ്മൾ വേണ്ടത്ര തിരിച്ചറിയുന്നുണ്ടോ എന്നു സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഈശ്വരനും താനും ഒന്നാണെന്ന ഭാവം ഉണ്ടാകാൻ ആത്മജ്ഞാനം ഉണ്ടാകണമെന്നും അതിലൂടെ മാത്രമേ ജീവിത സാക്ഷാത്കാരം നേടാൻ കഴിയൂ എന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സ്വാമി പ്രഞ്ജാനാനന്ദ തീർത്ഥപാദർ പറഞ്ഞു. ആത്മസ്വരൂപത്തെ അറിയുന്നതിലൂടെ ആനന്ദം കൈവരും. അപ്പോൾ സാക്ഷാൽകാരവും ലഭിക്കും. കോവിഡ് കാലം ഗുണപരമായ മാറ്റങ്ങൾക്കുള്ള അവസരമാക്കി മാറ്റാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജയസൂര്യൻ പാലാ, കെ. കെ.ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.