- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് 40 സെന്റ് സ്ഥലം സൗജന്യമായി നൽകാൻ ഒരുങ്ങി രാജ്‌മോഹൻ കൈമൾ; കോടികളുടെ മുതൽ പാവപ്പെട്ടവർക്ക് സൗജന്യമായി നൽകിയ ഈ നന്മമരത്തെ നമുക്കും കൈ തൊഴാം
കോട്ടയം: കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് അഭയം നൽകാൻ 40 സെന്റ് സ്ഥലം സൗജന്യമായി നൽകാൻ ഒരുങ്ങി പൊതുപ്രവർത്തകനായ രാജ്‌മോഹൻ കൈമൾ. തിരുവാർപ്പ് പഞ്ചായത്തിലെ 12 ാം വാർഡിൽ കിളിരൂർ കുന്നുംപുറം പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനാണു സ്ഥലം നൽകുന്നത്. പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ തന്റെ സ്ഥലം വിട്ടുൻകാമെന്ന് ഇന്നലെ ഗ്രാമസഭയിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
ഇതാദ്യമായല്ല രാജ്‌മോഹന്റെ ദാനത്തിന്റെ മഹത്വം കോട്ടയത്തുകാർ അറിയുന്നത്. നേരത്തേ ഒരു കുടുംബത്തിനു വീടു നിർമ്മിച്ചു നൽകുകയും ഒരു കുടുംബത്തിനു വീടും സ്ഥലവും നൽകുകയും ചെയ്തിരുന്നു. 2018 ലെ വെള്ളപ്പൊക്ക സമയത്ത് ഒട്ടേറെപ്പേരെ തന്റെ ബസുകളിൽ രാജ്‌മോഹനും സുഹൃത്തുക്കളും രക്ഷിച്ചു. ഒന്നരയേക്കർ സ്ഥലമാണ് രാജ്‌മോഹന് തിരുവാർപ്പിൽ സ്വന്തമായുള്ളത്. ഇതിൽ നിന്നും 40 സെന്റ് സ്ഥലമാണ് 50 കുടുംബങ്ങൾക്കായി നൽകാൻ ഒരുങ്ങുന്നത്.
ബാക്കി വരുന്ന സ്ഥലവും സമൂഹത്തിന് വേണ്ടി നൽകാൻ തന്നെയാണ് രാജ്‌മോഹന്റെ തീരുമാനം. ഈ സ്ഥലം അങ്കണവാടി, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്‌കൂൾ, കായിക പരിശീലനത്തിനുള്ള മൈതാനം തുടങ്ങിയ പദ്ധതികൾക്ക് വിട്ടു നൽകുമെന്നും രാജ്‌മോഹൻ പറഞ്ഞു. ബിജെപി ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും കിളിരൂർ 750-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റുമാണ് രാജ്‌മോഹൻ. പഞ്ചായത്തിൽ വീടില്ലാത്തവരുടെ പട്ടികതയാറാക്കിയതാണ് ഇത്തരം ഒരു ചിന്തയ്ക്ക് പ്രേരണയായതെന്നു രാജ്‌മോഹൻ പറയുന്നു.
പഞ്ചായത്തിലെ സ്ഥിര താമസക്കാരിൽ 102 പേർക്ക് സ്വന്തമായി വീടില്ല. ഇതിൽ 55 പേർക്ക് വീട് വയ്ക്കാൻ സ്ഥലവുമില്ലെന്നു കണ്ടെത്തി. വീട് നിർമ്മിക്കാൻ ലൈഫ് മിഷൻ ഫണ്ട് ഉണ്ടെങ്കിലും സ്ഥലം വാങ്ങാൻ നൽകുന്നത് 2 ലക്ഷം രൂപയാണ്. 2 ലക്ഷം രൂപയ്ക്ക് 3 സെന്റ് സ്ഥലം എങ്ങും ലഭിക്കാതെ വന്നതോടെ ഏതാനും വർഷങ്ങളായി പദ്ധതി പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തന്റെ അധ്വാനം കൊണ്ട് 12 വർഷം മുൻപ് വാങ്ങിയ സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്.
ഈ സ്ഥലത്തേക്ക് പോകുന്നതിനു റോഡ് നിർമ്മിക്കാനുള്ള സ്ഥലവും വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. കുടുംബത്തിന്റെ പിന്തുണയും ഇതിനു ലഭിച്ചു. ആർമി ഇന്റലിജൻസിൽ ഉദ്യോഗസ്ഥനായിരുന്നു രാജ്‌മോഹൻ. പിന്നീട് വിദേശത്ത് ജോലിയിൽ പ്രവേശിച്ചു. വിവിധ കമ്പനികളിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശേഷം മുംബൈയിൽ സ്വന്തമായി ബിസിനസ് ചെയ്തു. ഇതിനു ശേഷമാണ് നാട്ടിൽ എത്തി പൊതുപ്രവർത്തനങ്ങളിൽ സജീവമായത്. ഫാം, ബസ് സർവീസ് തുടങ്ങിയവ നടത്തുന്നുണ്ട്.