കോട്ടയം: കഴുത്തിലെ ബെൽറ്റ് മുറുകിയതിനെത്തുടർന്നു വേദന സഹിച്ചു പരക്കം പായുന്ന നായയെ സഹായിക്കാൻ മറ്റൊരു തെരുവുനായ ശ്രമിക്കുന്നു. ചെറുപ്രായത്തിൽ ഇട്ട ബെൽറ്റ് വലുതായപ്പോൾ മുറുകിയതോടെ മുറിവായി, പിന്നീട് വ്രണവും. തിരുവാർപ്പ് കൊച്ചുപാലം ജംക്ഷനു സമീപമാണ് ചങ്ങാതിമാരുടെ ഈ സ്‌നേഹ പ്രകടനം. കുറെ നാളുകളായി നായ ഈ പ്രദേശത്തുണ്ട്.

ബെൽറ്റിന്റെ കുരുക്കഴിക്കാൻ നാട്ടുകാർ എത്തുമ്പോൾ നായ ഓടി മാറും. വ്രണത്തിന്റെ വേദനയിൽ കരഞ്ഞ് പരക്കം പായുന്ന നായയെ ആശ്വസിപ്പിക്കാനാണ് ഒപ്പമുള്ള നായയുടെ ശ്രമം. സന്നദ്ധപ്രവർത്തകർ ഇടപെട്ട് നായയുടെ ദുരിതത്തിനു പരിഹാരം കാണുമെന്നാണു തിരുവാർപ്പിലെ നാട്ടുകാരുടെ പ്രതീക്ഷ.