നെടുങ്കണ്ടം: കേരളത്തിന്റെ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ തക്കം പാർത്ത് തമിഴ്‌നാട്. കമ്പംമേട്ടിലെ തർക്കഭൂമിയിൽ തമിഴ്‌നാട് പൊലീസ് വെൽകം ടു തമിഴ്‌നാട് ബോർഡ് സ്ഥാപിച്ചു. കേരളത്തിൽ നിന്നു പ്രതിഷേധം വന്നതോടെ ബോർഡ് മാറ്റിയെങ്കിലും തമിഴ്‌നാട് പ്രദേശത്തു വീണ്ടും സ്ഥാപിച്ചു. സംഭവത്തിൽ റവന്യു വകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കരുണാപുരം വില്ലേജ് ഓഫിസറോട് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ നിർദേശിച്ചു.

തമിഴ്‌നാടും കേരളവുമായി 4 വർഷത്തിലേറെയായി അതിർത്തിത്തർക്കം നിലനിൽക്കുന്ന പ്രദേശമാണു കമ്പംമെട്ട്. 2017ൽ കമ്പംമെട്ടിൽ കേരളത്തിലെ എക്‌സൈസ് വിഭാഗം ചെക്‌പോസ്റ്റ് സ്ഥാപിച്ചതോടെയാണ് അതിർത്തിയിൽ തർക്കം തുടങ്ങിയത്. തമിഴ്‌നാടിന്റെ സമ്മർദത്തെത്തുടർന്നു ചെക്‌പോസ്റ്റ് എക്‌സൈസ് വിഭാഗം കൊല്ലം ജില്ലയിലേക്കു മാറ്റി. ഇരുസംസ്ഥാനങ്ങളിലെയും റവന്യു വിഭാഗം സംയുക്ത സർവേ നടത്തി.

സർവേയിൽ കേരളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്കു തമിഴ്‌നാട് അവകാശം ഉന്നയിച്ചു. കമ്പംമെട്ടിലെ കേരളത്തിന്റെ പൊലീസ് സ്റ്റേഷനടക്കം തമിഴ്‌നാട്ടിലെന്നാണു തമിഴ്‌നാട് റവന്യു വിഭാഗം വാദിച്ചത്. ഒടുവിൽ ഇരുസംസ്ഥാനങ്ങളും തർക്കഭൂമിയിൽ പ്രവേശിക്കേണ്ടെന്ന ധാരണയിലെത്തി. തർക്കഭൂമിക്കു സമീപം തമിഴ്‌നാട് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. തമിഴ്‌നാട് പൊലീസ് കഴിഞ്ഞ ദിവസം തർക്കഭൂമിയിൽ വെൽകം ടു തമിഴ്‌നാട് എന്ന ബോർഡ് സ്ഥാപിച്ചു. ഇതിനെക്കുറിച്ചാണ് അന്വേഷണം.

അതേസമയം കേരളാ തമിഴ്‌നാട് അതിർത്തി തർക്കം രൂക്ഷമാക്കുകയാണ് തമിഴ്‌നാട്. അത്രമേൽ കർശന നിയന്ത്രണങ്ങളാണ് കേരളത്തിൽ നിന്നും എത്തുന്നവർക്ക് തമിഴ്‌നാട് ചുമത്തുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്കു പറന്നുപോയ പൂവൻകോഴിയെ പിടികൂടാൻ തമിഴ്‌നാട് വനംവകുപ്പും പൊലീസും സമ്മതിച്ചില്ല. തമിഴ്‌നാട്ടിൽ നിന്നു കോഴികളെ വാങ്ങി വരികയായിരുന്നു ഹൈറേഞ്ച് സ്വദേശിയായ കർഷകൻ. കമ്പംമെട്ട് ചെക്‌പോസ്റ്റിൽ എത്തിയപ്പോൾ കോഴിയുടെ കാലിലെ കെട്ടഴിഞ്ഞു.

പുറത്തു ചാടിയ കോഴി തമിഴ്‌നാട് വനംവകുപ്പിന്റെ ഭൂമിയിൽ കയറി. കോഴിയെ പിടിക്കാൻ എത്തിയ ഉടമസ്ഥനെ തമിഴ്‌നാട് പൊലീസും വനംവകുപ്പും ചേർന്നു തടഞ്ഞു. വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനും കാട്ടുകോഴിയെ വേട്ടയാടിയതിനും കേസെടുക്കുമെന്നു പറഞ്ഞു വിരട്ടിയതോടെ ഉടമസ്ഥൻ സ്ഥലം വിട്ടു. നാട്ടുകോഴി തമിഴ്‌നാട്ടിൽ കയറിയതോടെ കാട്ടുകോഴിയായതിന്റെ രഹസ്യം ഉടമസ്ഥന് ഇതുവരെ പിടികിടിയിട്ടില്ല.