ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായവർക്ക് എതിരെ കണ്ടെത്തിയ പ്രധാന തെളിവുകൾ കെട്ടിച്ചമച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ്. ഇവരുടെ ലാപ്ടോപിൽ മാൽവെയർ ഉപയോഗിച്ചു നുഴഞ്ഞുകയറിയാണ് ഇവ സ്ഥാപിച്ചതെന്നും വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകൻ റോണ വിൽസന്റെ ലാപ്‌ടോപിൽ നുഴഞ്ഞുകയറി കുറഞ്ഞതു 10 കത്തുകളെങ്കിലും ഹാക്കർമാർ സ്ഥാപിച്ചുവെന്നാണു യുഎസിലെ ഡിജിറ്റൽ ഫൊറൻസിക്‌സ് സ്ഥാപനമായ ആർസനൽ കൺസൽട്ടിങ് കണ്ടെത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരും സമാനമായ രീതിയിൽ സൈബർ ആക്രമണത്തിന് ഇരകളാണെന്നു റിപ്പോർട്ട് പറയുന്നു.

കേസുകളിൽ അറസ്റ്റിലായ പൊതുപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ കണ്ടെത്തിയ പ്രധാന തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട് പറയുന്നു. ഇവരുടെ ലാപ്‌ടോപിൽ മാൽവെയർ ഉപയോഗിച്ചു നുഴഞ്ഞുകയറിയാണ് ഇവ സ്ഥാപിച്ചതെന്നും വാഷിങ്ടൻ പോസ്റ്റ് പ്രസിദ്ധീകരിച്ച ഫൊറൻസിക് റിപ്പോർട്ട് പറയുന്നു. എന്നാൽ, സൈബർ ആക്രമണം നടത്തിയത് ആരെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. പ്രതികൾക്കെതിരെ തെളിവുകളായി പുണെ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ പരാമർശിക്കുന്നത് ഈ കത്തുകളിലെ ഉള്ളടക്കമാണ്. വിൽസനെതിരെയായ കേസുകൾ തള്ളണമെന്നാവശ്യപ്പെട്ടു ബോംബെ ഹൈക്കോടതി മുൻപാകെ ഇന്നലെ വിൽസന്റെ അഭിഭാഷകർ നൽകിയ ഹർജിയിൽ ഈ റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

2018 ഏപ്രിൽ 17നാണു പുണെ പൊലീസ് മനുഷ്യാവകാശ പ്രവർത്തകനായ റോണ വിൽസന്റെ ഡൽഹിയിൽ വസതി റെയ്ഡ് ചെയ്തത്. ഏതാനും മാസത്തിനുശേഷം, വിൽസന്റെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും സർക്കാരിനെ അട്ടിമറിക്കാനുമുള്ള മാവോയിസ്റ്റ് പദ്ധതി വെളിപ്പെടുത്തുന്ന ഒരു കത്ത് കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടു. തോക്കുകളും മറ്റ് ആയുധങ്ങളും വേണമെന്നാവശ്യപ്പെട്ടു വിൽസൻ ഒരു മാവോയിസ്റ്റിന് എഴുതിയെന്നു പറയുന്ന കത്തും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

വിൽസന്റെ അഭിഭാഷകരുടെ അഭ്യർത്ഥനയെ തുടർന്നാണു ലാപ്‌ടോപിന്റെ ഇലക്ടോണിക് കോപ്പി ആർസനൽ കൺസൽട്ടിങ് പരിശോധിച്ചത്. 2016 ജൂണിലാണു തെലുങ്കു കവിയും കൂട്ടുപ്രതിയുമായ വരവര റാവുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അയച്ച സന്ദേശങ്ങളിലൂടെയാണു സൈബർ ആക്രമണം നടന്നത്. 22 മാസത്തോളം ലാപ്‌ടോപ് മാൽവെയറിന്റെ നിയന്ത്രണത്തിലായിരുന്നു. 2017 ഡിസംബർ 31നു പുണെയിൽ എൽഗാർ പരിഷത് സമ്മേളനത്തിൽ നേതാക്കൾ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും പിറ്റേന്ന് ഭീമ കോറേഗാവിൽ ഇത് സംഘർഷത്തിലേക്കു നയിച്ചുവെന്നുമാണ് കേസ്. 2018 നവംബറിലാണ് ആദ്യ കുറ്റപത്രം ഫയൽ ചെയ്തത്. 2020 ൽ കേസ് എൻഐഎ ഏറ്റെടുത്തു.

മലയാളിയായ ഡൽഹി സർവകലാശാല അദ്ധ്യാപകൻ ഹനി ബാബു അടക്കമുള്ളവർ കേസിൽ അറസ്റ്റിലായിരുന്നു. ഇഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമാണ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മാവോയിസ്റ്റ് ആശയവും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയെന്നും എൻഐഎ വിശദീകരിച്ചിരുന്നു. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച കേസ് ജനുവരിയിലാണ് എൻഐഎ ഏറ്റെടുത്തത്. അദ്ധ്യാപക ദമ്പതികളായ ഹനി ബാബുവിന്റെയും ജെന്നി റൊവേനയുടെയുംവീട്ടിൽ 2019ൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും അഭിഭാഷകരും അദ്ധ്യാപകരും ഇതിനോടകം അറസ്റ്റിലായി.

ആക്ടിവിസ്റ്റും ജെസ്യൂട്ട് സഭ വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. റാഞ്ചിയിൽ നിന്നാണ് 83-കാരനായ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വിവിധ തലങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു്. ആദിവാസികളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ മാറ്റിവെച്ചയാളാണ് സ്റ്റാൻ സ്വാമി. ഏറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ആളാണ് സ്റ്റാൻ സ്വാമി. കേസിൽ തടങ്കലിലാക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയുമാണദ്ദേഹം. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.സ്റ്റാൻ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ഝാർഖണ്ഡിൽ ആദിവാസികൾക്കിടയിലാണ് പ്രവർത്തിക്കുന്നത്.

ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ 2017 ഡിസംബർ 31നാണ് എൽഗാർ സംഗമം സംഘടിപ്പിച്ചത്. മോദി സർക്കാരിന്റെ നയങ്ങളിൽ എതിർപ്പുള്ള നിരവധി പേർ പങ്കെടുത്തു. ഇവരുടെ പ്രസം?ഗമാണ് പിന്നീട് സംഘർഷത്തിന് കാരണമായതെന്നാണ് കേസ്.