ബ്രിട്ടൻ തണുത്തു വിറയ്ക്കുകയാണ്, കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പിൽ. ഇന്നലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലൊക്കെ അന്തരീക്ഷ ഊഷ്ാമാവ് മൈനസ് 23 ഡിഗ്രിവരെയായി താണു. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇതാദ്യമായാണ് താപനില ഇത്രയും താഴുന്നത്. ഇന്നലെ രാവിലെ 8;13 ന് അബെറെഡീബ്ഷയറിലെ ബ്രേയ്മറിലാണ് ഈ റെക്കോർഡ് തണുപ്പ് രേഖപ്പെടുത്തിയത്. 1955 -ന് ശേഷം ഇത്രയും തണുത്ത ദിവസങ്ങൾ ബ്രിട്ടനിൽ ഉണ്ടായിട്ടില്ല എന്നാണ് കാലാവസ്ഥാ വകുപ്പിലെ രേഖകൾ പറയുന്നത്.

ഇതുകൂടാതെ ബ്രിട്ടനിലെ മറ്റ് പതിനഞ്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളും ഫെബ്രുവരി മാസത്തിൽ ഏറ്റവും കുറഞ്ഞ താപനിലയാണ് ബുധനാഴ്‌ച്ച രാത്രി രേഖപ്പെടുത്തിയത്. അബർഡീൻഷയറിനു പുറകെ ഹൈലാൻഡ്സിലെ കിൻബ്രേസ്, സ്റ്റാർട്ടള്ളാൻ എന്നിവിടങ്ങളിലും കടുത്ത തണുപ്പ് രേഖപ്പെടുത്തി. യഥാകരമം മൈനസ് 21.3 ഡിഗ്രി, മൈനസ് 18.2 ഡിഗ്രി എന്നിങ്ങനെയായിരുന്നു ഇവിടങ്ങളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അതേസമയം, ഇംഗ്ലണ്ടിലേയും വെയിൽസിലേയും ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വടക്കൻ യോർക്ക്ഷയറിലെ റാവേൻസ്വർത്തിലായിരുന്നു. മൈനസ് 13.1 ഡിഗ്രിയായിരുന്നു ഇവിടത്തെ താപനില.

ഇതേ തണുത്ത കാലാവസ്ഥ അടുത്ത രണ്ടു ദിവസം കൂടി തുടരും. സ്‌കോട്ട്ലാൻഡിന്റെയും വെയിൽസിന്റെയും ഇംഗ്ലണ്ടിന്റെയും പല ഭാഗങ്ങളിലും യെല്ലോ വാർണിങ് നൽകിയിരിക്കുകയാണ്. എന്നാൽ, ഞായറാഴ്‌ച്ച കഴിയുന്നതോടെ താപനിലയിൽ ഉയർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടന്റെ പടിഞ്ഞാറൻ മേഖലകളിൽ ഞായറാഴ്‌ച്ചയോടെ അന്തരീക്ഷ താപനില 10 ഡിഗ്രിയായും വടക്കൻ മേഖലലകളിൽ 5 ഡിഗ്രിയായും താപനില ഉയരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. എന്നാൽ, ഞായറാഴ്‌ച്ചയും കൂടി മഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് മറ്റൊരു വിഭാഗം കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും കഠിനമായ ശൈത്യകാലമാണിതെന്നാണ് കാലാവസ്ഥാ നിരീക്ഷകരും പറയുന്നത്. 1995 ഡിസംബർ 30 ന് ശേഷം ബ്രെയ്മർ അനുഭവിക്കുന്ന ഏറ്റവും കൊടിയതണുപ്പായിരുന്നു ഇന്നലെ അനുഭവിച്ചത്. അന്ന് രേഖപ്പെടുത്തിയത് മൈനസ് 27.2 ഡിഗ്രിയായിരുന്നു. മാത്രമല്ല, 1995 ന് ശേഷം ബ്രെയ്മർ ദർശിക്കുന്ന ഏറ്റവും തണുപ്പേറിയ ഫെബ്രുവരി മാസം കൂടിയാണിത്. അതേസമയം പടിഞ്ഞാറൻ ലണ്ടനിലെ നോർത്തോൾട്ടിൽ മൈനസ് 5.2 ഡിഗ്രിയായി താപനില താഴ്ന്നു. ഹീത്രൂവിൽ മൈനസ് 3.8 ഡിഗ്രിയും സെൻട്രൽ ലണ്ടനിലെ സെയിന്റ് ജെയിംസ് പാർക്കിൽ മൈനസ് 1.8 ഡിഗ്രിയുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. സ്‌കൊട്ടലാൻഡിലെ ശരാശരി താപനില മൈൻസ് 13 ഡിഗ്രിയായിരുന്നു.

യു കെയുടെ ബാക്കി ഭാഗങ്ങളിലേയും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഷെഫീൽഡിൽ മൈനസ് 5.1 ഡിഗ്രിയായി താപനില താണപ്പോൾ നോട്ടിംഘാമിൽ മൈനസ് 6.6 ഡിഗ്രിയായിരുന്നു. ഡുറാമിൽ മൈനസ് 7.4 ഉം വെയിൽസിലെ സെന്നിബ്രിഡ്ജിൽ മൈനസ് 5.5 ഡിഗ്രിയുമായിരുന്നു രേഖപ്പെടുത്തിയത്. ബ്രേയ്മറും ആൽട്നാറയുമാണ് ബ്രിട്ടനിലെ, ഏറ്റവും കുറഞ്ഞ താപനിലയുടെ റെക്കോർഡുകൾ കൈവശം വയ്ക്കുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് വ്യത്യസ്ത തവണകളിലാൺ' മൈനസ് 27.2 ഡിഗ്രി രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രെയ്മറിനടുത്തുള്ള ബോട്ട് ഓഫ് ഗാർട്ടൻ എന്ന ഗ്രാമത്തിലെ ജെയിംസ് ബീമൗന്റ് എന്ന 33 കാരൻ എടുത്ത ഒരു ശൈത്യകാല വീഡിയോ വൈറലാവുകയാണ്. ഒരു കപ്പ് തിളച്ച വെള്ളം നിമിഷനേരം കൊണ്ട് ഐസ് ആകുന്നതും പിന്നീട് അതിനെ കപ്പിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നതുമാണ് വീഡിയോ.

അതുപോലെ, ഈ വർഷത്തെ ശൈത്യകാലത്തിന്റെ കാഠിന്യം വിളിച്ചോതുന്ന മറ്റൊരു ചിത്രമായിരുന്നു സ്‌കോട്ട് റെയിലിന്റെ ഒരു ട്രെയിനിനടിയിൽ ഐസിന്റെ വലിയ കട്ടകൾ ഉണ്ടായിക്കിടക്കുന്നത്. വലിയ ഹീറ്ററുകൾ കൊണ്ടുവന്ന് അത് ഉരുക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാലതാമസം ഉണ്ടാകുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്. ഇതേ കാലാവസ്ഥ തന്നെയായിരിക്കും ഇനിയും രണ്ടുനാൾ കൂടി. ഞായറാഴ്‌ച്ചയും കനത്ത മഞ്ഞുവീഴ്‌ച്ചക്ക് സാധ്യതയുണ്ട്. അതേസമയം സ്‌കോട്ട്ലാൻഡിന്റെ പല ഭാഗങ്ങളിലും 70 സെന്റീമീറ്റർ കനത്തിൽ വരെ മഞ്ഞുവീണു. ഇതിനു മുൻപ് ഇത്രയും മഞ്ഞു വീഴ്‌ച്ചയുണ്ടായത് 1963 ഫെബ്രുവരി 17 നായിരുന്നു. 91 സെന്റീമീറ്റർ കനത്തിലായിരുന്നു സ്‌കോട്ട്ലാൻഡിൽ അന്ന് മഞ്ഞുവീണത്.

പലയിടങ്ങളിലും കഠിനമായ കാലാവസ്ഥമൂലം ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് പോലും മുടങ്ങിക്കിടക്കുകയാണ്. കടുത്ത കാലാവസ്ഥയിൽ ആളുകൾ കൂടുതൽ ജാഗരൂകരാകണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. അനാവശ്യ യാത്രകൾ തീർത്തും ഒഴിവാക്കണമെന്നും പറയുന്നുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പല വാക്സിൻ കേന്ദ്രങ്ങളും തുറന്നിരുന്നതായി എൻ എച്ച് എസ് അറിയിച്ചു. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും മുന്നറിയിപ്പുണ്ട്.

ശനിയാഴ്‌ച്ച രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്‌ച്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ചില ഗ്രാമപ്രദേശങ്ങൾ ഇതുമൂലം ഒറ്റപ്പെട്ടു പോകാനും ഇടയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ വൈദ്യൂതി വിതരണത്തിലും തടസ്സമുണ്ടാകാം. ഗതാഗത തടസവും പ്രതീക്ഷിക്കാം. എന്നാൽ, ഉച്ചയോടെ മഞ്ഞുവീഴ്‌ച്ച മഴയായി രൂപാന്തരം പ്രാപിക്കും.