അറ്റ്‌ലാന്റ: ചില മനുഷ്യർക്ക് ഇരട്ടമുഖങ്ങളുണ്ട്. അത് മറ്റാരും അറിയാതെ കൊണ്ടുനടക്കാനും അറിയാം. ലോക പ്രശസ്ത ക്രൈസ്തവ തത്വ ചിന്തകനും ക്രൈസ്തവ വിശ്വാസങ്ങളുടെ പ്രഘോഷകനുമായ റവ.രവി സക്കറിയാസ് അന്തരിച്ചിട്ട് ഈ മെയ് മാസത്തിൽ ഒരുവർഷം തികയും. രവി സക്കറിയാസ് മിക്ക ക്രൈസ്തവ വിശ്വാസികൾക്കും മാർഗ്ഗദർശി, മാതൃകാമനുഷ്യൻ, ആത്മീയ പിതാവ് ഇങ്ങനെ വിശേഷണങ്ങൾക്ക് അപ്പുറത്ത് എന്തൊക്കെയോ ആയിരുന്നു. 74 ാം വയസിൽ കാൻസർ രോഗബാധിതനായാണ് അദ്ദേഹം വിടവാങ്ങിയത്. സുവിശേഷകൻ ബില്ലി ഗ്രഹാമിനൊപ്പം ക്രൈസ്തവ ലോകം ആദരിക്കുന്ന പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ്. മദ്രാസിൽ ആംഗ്ലിക്കൻ സഭാംഗമായാണു ജനനം. രവി സക്കറിയാസിന്റെ ജീവിതരേഖയിൽ നിന്ന് അൽപം മാറി നിന്ന് നോക്കിയാൽ ക്രിസ്ത്യാനിറ്റി ടുഡേ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. ഹൃദയം തകർക്കുന്നതാണ്. ബലാൽസംഗ ആരോപണം അടക്കം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്ന ആത്മീയ നേതാവായിരുന്നു രവി സക്കറിയാസ് എന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് രവി സക്കറിയാസിന് എതിരെയുള്ള പീഡനാരോപണങ്ങൾ ശരിവച്ചു. 12 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടു. ആത്മീയ സംഭാഷണങ്ങളിലൂടെ ആർജ്ജിക്കുന്ന വിശ്വാസം ചൂഷണം ചെയ്തായിരുന്നു അദ്ദേഹം ഇരകളായ സ്ത്രീകളെ ആകർഷിച്ചിരുന്നത്. അറ്റ്‌ലാന്റയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്പാകളിൽ മാത്രമല്ല, യുഎസിൽ തന്നെ അഞ്ച് സ്ത്രീകളെ പീഡിപ്പിച്ചു. തായ്‌ലൻഡ്, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും തെളിവുകൾ കിട്ടി. നാല് മാസത്തെ അന്വേഷണത്തിന് ശേഷമാണ് തങ്ങളുടെ സൽപ്പേരിനെ തകിടം മറിക്കുന്ന അന്വേഷണ റിപ്പോർട്ട് രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് പുറത്തുവിട്ടത്. കുടുംബാംഗങ്ങളെയും വിശ്വസ്ത അനുയായികളെയും ഒന്നും അറിയിക്കാതെ എല്ലാം രഹസ്യമാക്കി വയ്ക്കാൻ സാധിച്ചുവെന്നതാണ് രവി സക്കറിയാസിന്റെ ഇതുവരെയുള്ള വിജയം. മാസേജ് തെറാപ്പിസ്റ്റുകളെയാണ് അദ്ദേഹം ഏറെയും ലൈംഗിക ദുരുപയോഗം ചെയ്തത്.

നടുവിനേറ്റ പരുക്ക് മറയാക്കി മസാജും പീഡനവും

മസാജായിരുന്നു രവി സക്കറിയാസിന് പീഡനത്തിനുള്ള മറ. നടുവിനേറ്റ മാരകമായ പരുക്ക് ചികിത്സിക്കാൻ എന്ന വ്യാജേന ആയിരുന്നതുകൊണ്ട് ആരും പതിവ് മസാജിങ് സെഷനുകളെ സംശയിച്ചില്ല. സ്ഥിരമായി ഉഴിച്ചിൽ നടത്താൻ സ്ത്രീകളുണ്ടായിരുന്നു അദ്ദേഹത്തിന്. ഇവർക്കൊപ്പമായിരുന്നു യാത്രകൾ. വിദേശത്ത് പോകുമ്പോൾ ഹോട്ടലിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ മസാജ് ചികിത്സ ഏർപ്പാടാക്കും. പലരെയും മുറിയിലേക്ക് ക്ഷണിക്കും.

ബാങ്കോക്കിൽ 2010 കളുടെ ആദ്യം അദ്ദേഹത്തിന് രണ്ട് അപ്പാർട്ട്‌മെന്റുകൾ ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം മസാജ് തെറാപ്പിസ്റ്റുമായി പങ്കിട്ടിരുന്നുവെന്ന് അന്വേഷകർ കണ്ടെത്തി. യുഎസിലും ഏഷ്യയിലുമായുള്ള 200 വനിതാ മസാജ് തെറാപ്പിസ്റ്റുകളുടെ കോണ്ടാക്റ്റ് നമ്പറുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് കണ്ടെത്തി. ഇരുപതുകാരായ യുവതികളുടെ നൂറുകണക്കിന് ചിത്രങ്ങളാണ് ഫോണിൽ കണ്ടെത്തിയത്. അതിൽ ചില യുവതികൾ പൂർണ നഗ്നരായിരുന്നു. 2020 മെയിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പുവരെയും ഇത്തരത്തിൽ യുവതികളുടെ നഗ്ന ഫോട്ടോകൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് എത്തിയിരുന്നു.

ജീവകാരുണ്യത്തിനുള്ള പണം മസാജ് തെറാപ്പിസ്റ്റുകൾക്കും

രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ജീവകാരുണ്യ ഫണ്ടിൽ നിന്ന് നാല് മസാജ് തെറാപ്പിസ്റ്റുകളെയാണ് രവി സക്കറിയാസ് ചെല്ലും ചെലവും കൊടുത്ത് വളർത്തിയത്. വീട്, കുട്ടികൾക്ക് സ്‌കൂൾ ചെലവ്, മാസാമാസം അധികപണം അങ്ങനെ...ഒരുയുവതി അന്വഷകരോട് പറഞ്ഞത് സാമ്പത്തിക പിന്തുണ നൽകിയ ശേഷം അദ്ദേഹം അവരിൽ നിന്ന് സെക്‌സ് ആവശ്യപ്പട്ടിരുന്നു എന്നാണ്. അത് ബലാൽസംഗം എന്നാണ് സ്ത്രീ വിശേഷിപ്പിച്ചത്. തങ്ങൾക്ക് ഇരുവർക്കും ലഭിച്ച ഈ അവസരത്തിന് ദൈവത്തോട് നന്ദി പറയാൻ തനിക്കൊപ്പം പ്രാർത്ഥിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടുവത്രെ.

രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ്് മില്ലർ ആൻഡ് മാർട്ടിൻ അറ്റോർണിമാരായ ലിൻസെ ബാരൺ, വില്യം ഐസൽസ്റ്റീൻ എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. 50 ഓളം ദൃക്‌സാക്ഷികളെ വിസ്തരിച്ചു. 2014 മുതൽ 2018 വരെ സക്കറിയാസ് ഉപയോഗിച്ച ഫോണുകൾ പരിശോധിച്ചു. അന്വേഷണത്തിന് ഒടുവിൽ ആവശ്യമായ തെളിവുകളും കിട്ടി.

നുണകളുടെ കൂമ്പാരം

തരാതരം നുണകൾ പറയാൻ മടിച്ചിരുന്നില്ല രവി സക്കറിയാസ്. തന്റെ ഭാര്യയും പെൺമക്കളുമല്ലാതെ സ്ത്രീകളുമായി സമ്പർക്കമില്ലെന്ന സക്കറിയാസിന്റെ അവകാശവാദം പെരുംനുണയായിരുന്നു. ഒരേ സമയം പല ഫോണുകൾ ഉപയോഗിച്ചിരുന്നു. രവി സക്കറിയാസ് ഇന്റർനാഷണലിന്റെ വയർലസ് കണക്റ്റ് ചെയ്യാതെ രഹസ്യകണ്കഷനാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷയാണ് പുറമേ പറഞ്ഞിരുന്ന കാരണം.

രവി സക്കറിയാസ് ജീവിച്ചിരുന്നപ്പോൾ ആ ആരോപണങ്ങൾ ആരും വിശ്വസിച്ചിരുന്നില്ല. സ്ത്രീകൾ അദ്ദേഹത്തെ താറടിക്കാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്നാണ് കരുതിപ്പോന്നത്. എന്നാൽ രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രി ബോർഡ് തങ്ങൾക്ക് പറ്റിയ തെറ്റിൽ ഖേദം പ്രകടിപ്പിച്ചു. സക്കറിയാസിന്റെ സ്പാകളിൽ ജോലി ചെയ്തിരുന്ന മൂന്നു സ്ത്രീകൾ ലൈംഗിക പീഡനാരോപണം ഉന്നയിച്ചത് ക്രിസ്ത്യാനിറ്റി ടുഡേ റിപ്പോർട്ട് ചെയ്തതോടെയാണ് 2020 സെപ്റ്റംബറിൽ അന്വേഷണത്തിന്റെ തുടക്കം.

അന്വേഷണത്തിന് ഇടയിൽ തന്നെ രവി സക്കറിയാസ് ഇന്റർനാഷണലിൽ നിന്ന് പലരും കൊഴിഞ്ഞുപോയി. വലിയ ആഘാതമാണ് ആരോപണങ്ങൾ സ്ഥാപനത്തിന് മേൽ ഏൽപിച്ചത്. സ്‌ക്കറിയാസിന്റെ ഭാര്യ മാർഗി സക്കറിയാസ് ബോർഡിൽ നിന്ന് രാജി വച്ചു. മകൾ സാറാ ഡേവിസ് ബോർഡ് ചെയർമാൻ പദവി ഒഴിഞ്ഞെങ്കിലും സിഇഒ ആയി തുടരുന്നു.

നാല് വർഷം മുമ്പ് കാനഡക്കാരിയ ലോറി ആനി തോംസൺ ഉന്നയിച്ച ആരോപണങ്ങളും ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. സെക്‌സ് സന്ദേശങ്ങളും ഫോട്ടോകളും സക്കറിയാസിന് അയപ്പിച്ച് തന്നെ ചൂഷണം ചെയ്തിരുന്നുവെന്നാണ് ലോറി ആനി തോംസൺ ആരോപിച്ചിരുന്നത്.

രഹസ്യങ്ങൾ പുറത്തുവന്നത് സക്കറിയാസിന്റെ സംസ്‌കാര നാളിൽ

2020 മെയിൽ സക്കറിയാസിന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ അദ്ദേഹത്തിന് ലോകമെമ്പാടും നിന്ന് കിട്ടുന്ന ആദരവ് കണ്ട് ഒരു സ്ത്രീ വല്ലാതെ ഞെട്ടി. തന്നെ കയറിപ്പിടിക്കുകയും, തന്റെ മുന്നിൽ സ്വയം ഭോഗം ചെയ്യുകയും തന്റെ നഗ്ന ഫോട്ടോ ആവശ്യപ്പെടുകയും ചെയ്ത മനുഷ്യനെയാണല്ലോ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടക്കമുള്ളവർ വാഴ്‌ത്തുന്നത് എന്ന് കണ്ടപ്പോൾ ആ പഴയ മസാജ് തെറാപ്പിസ്റ്റിന് സഹിച്ചില്ല. അപ്പോഴാണ് അവർ രവി സക്കറിയാസ് 'സെക്‌സ് സ്‌കാൻഡൽ' എന്ന് ഗൂഗിൾ ചെയ്തത്. സ്റ്റീവ് ബോമാന്റെ രവിവാച്ച് എന്ന ബ്ലോഗ് അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ പെട്ടത്. സക്കറിയാസിനെതിരെ ആഞ്ഞടിച്ചിരുന്ന ബോമാനെ അവർ ബന്ധപ്പെട്ടതോടെ പഴങ്കഥകൾ പുറത്തുചാടി.

ജീവിതരേഖ

മദ്രാസിലെ ഒരു ആംഗ്ലിക്കൻ കുടുംബത്തിൽ 1946 മാർച്ച് 26നായിരുന്നു രവിയുടെ ജനനം. പിന്നീട് കുടുംബത്തോടൊപ്പം ഡൽഹിയിലെത്തി. 17-ാം വയസു വരെ നിരീശ്വരവാദിയായിരുന്നു. ആത്മഹത്യ ശ്രമം വിഫലമായി ആശുപത്രിയിൽ കഴിയവേ, അവിടെയെത്തിയ ഒരു സുവിശേഷ പ്രഘോഷകൻ സമ്മാനിച്ച ബൈബിളാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 20-ാം വയസിൽ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഒന്റാരിയോ ബൈബിൾ കോളജ്, ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.

ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അദ്ദേഹം സുവിശേഷ പ്രഘോഷണ രംഗത്ത് അത്ഭുത സാന്നിധ്യമായി ഉയർന്നത് അതിവേഗമാണ്. വിവിധ രാജ്യങ്ങളിൽ സുവിശേഷം പ്രഘോഷിച്ചിട്ടുള്ള അദ്ദേഹം 1984ൽ സ്ഥാപിച്ച 'രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ്' പതിനായിരങ്ങൾക്ക് ക്രിസ്തുവിനെ അറിയാനുള്ള മാർഗമായി.

വിശ്വാസം, ബൈബിൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗഹനമായ ചോദ്യങ്ങൾക്കുവരെ ഉത്തരം നൽകാൻ പ്രാവീണ്യമുള്ള രവി സക്കറിയാസ് ഒട്ടുമിക്ക രാജ്യങ്ങളിലെയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിലും വചനം പ്രസംഗിച്ചിട്ടുമുണ്ട്. നിരവധി ജീവിതങ്ങളെ ക്രിസ്തുവിന് നേടിക്കൊടുത്ത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ നിരവധി പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കി.

ക്യാൻ മാൻ ലിവ് വിത്തൗട്ട് ഗോഡ്, ലൈറ്റ് ഇൻ ദ ഷാഡോ ഓഫ് ജിഹാദ്, ദ ഗ്രാൻഡ് വീവർ, ഡെലിവർ അസ് ഫ്രം ഈവിൾ, ക്രൈസിസ് ഓഫ് ദ ഹേർട്ട്, ദ ബ്രോക്കൺ പ്രോമിസ്, ജീസസ് എമങ്ങ് അദർ ഗോഡ്സ് എന്നിവ ബെസ്റ്റ് സെല്ലറുകളിൽ ചിലതുമാത്രം. 'ക്യാൻ മാൻ ലിവ് വിത്തൗട്ട് ഗോഡ്' എന്ന ഗ്രന്ഥം 1995ൽമാത്രം വിറ്റഴിക്കപ്പെട്ടത് അഞ്ച് ലക്ഷം കോപ്പികളാണ്. 'ദ ലോജിക് ഓഫ് ഗോഡ്: 52 ക്രിസ്റ്റ്യൻ എസൻഷ്യസ് ഫോർ ദ ഹേർട്ട് ആൻഡ് മൈൻഡ്' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗ്രന്ഥം.

നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന ഗുരുതരമായ കാൻസർ ഇക്കഴിഞ്ഞ മാർച്ചിലാണ് സ്ഥിരീകരിച്ചത്. ഭാര്യ മാർഗരറ്റിനും മൂന്നു മക്കൾക്കുമൊപ്പം അറ്റ്ലാന്റയിലായിരുന്നു താമസം.