ഭോപാൽ: പുതിയ കാർഷിക നിയമങ്ങൾ മധ്യപ്രദേശിൽ പ്രാബല്യത്തിൽ വന്നതിനു ശേഷം മധ്യപ്രദേശിലെ മൊത്തക്കച്ചവട ചന്തകൾ (മണ്ഡി) നഷ്ടത്തിലേക്കു കൂപ്പുകുത്തിയെന്ന് കണക്കുകൾ. കർഷകർ സമര ഭൂമിയിൽ തുടരുമ്പോഴാണ് ഈ കണക്കുകൾ ചർച്ചയാകുന്നത്. കർഷക സമരത്തിന്റെ നടുവൊടിക്കുന്ന വിധത്തിലേക്ക് മണ്ഡികളുടെ ലാഭം കീഴോട്ട് പോവുകയാണ്. കർഷകരുടെ വരുമാനം കുറയുമ്പോൾ പ്രതിസന്ധി കൂടുകയും ചെയ്യും. മധ്യപ്രദേശിന് സമാനമാണ് മറ്റ് സംസ്ഥാനങ്ങളിലെ മണ്ഡലികളുടേയും അവസ്ഥ.

മധ്യപ്രദേശിൽ അഗ്രിക്കൾച്ചർ മാർക്കറ്റിങ് ബോർഡിന്റെ പ്രവർത്തനം അനിശ്ചിതത്തിലായി. കാർഷിക നിയമങ്ങളിൽ ഒന്നായ കാർഷികോൽപ്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) നിയമം പ്രാബല്യത്തിൽ വന്നതോടെ മണ്ഡികൾ അപ്രസക്തമായെന്നാണ് ഇത് വ്യക്തമാക്കുന്നത്. കർഷകർക്ക് ന്യായമായ ലാഭം ഉറപ്പു വരുത്താനായിരുന്നു ഈ സംവിധാനം. ഇവിടെ ആരും വഞ്ചിതരുമാകില്ലായിരുന്നു. ആർക്കും വേണമെങ്കിലും എവിടെ വച്ചും കാർഷിക വസ്തുക്കൾ വിൽക്കാനാണ് നിയമം എന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ വാങ്ങിക്കൊണ്ടു പോകുന്നവരുടെ വഞ്ചനയ്ക്ക് കർഷകർ ഇരയാകുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.

പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തെ മണ്ഡി (സർക്കാർ ഉടമസ്ഥതയിലുള്ള വലിയ മാർക്കറ്റ്) സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ നേരത്തെ പറഞ്ഞിരുന്നു. എ.പി.എം.സി (അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) കൾ സംസ്ഥാന നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര നിയമങ്ങൾ അവയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും കൃഷിമന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നും കർഷകരുടെ അഭിപ്രായമാണ് ശരിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മധ്യപ്രദേശിൽ ജനുവരി 2020 ൽ അഗ്രിക്കൾച്ചർ മാർക്കറ്റിങ് ബോർഡിന് മണ്ഡികളിൽ നിന്നുള്ള വരുമാനം 88 കോടിയായിരുന്നെങ്കിൽ 2021 ജനുവരിയിൽ അത് 29. 26 കോടിയായി ചുരുങ്ങി. വരുമാന നഷ്ടം 69 ശതമാനം. കാർഷിക നിയമങ്ങൾ നിലവിൽ വന്നാൽ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളും (എപിഎംസി), മൊത്തക്കച്ചവട ചന്തകളും (മണ്ഡി) തകർക്കപ്പെടില്ലെന്ന കേന്ദ്രസർക്കാർ അവകാശവാദത്തെ ഖണ്ഡിക്കുന്നതാണ് കണക്കുകൾ. ഈ സംവിധാനം തന്നെ ഇനി അപ്രസക്തമാകും. മുൻപ് കാർഷിക ഉൽപ്പന്നങ്ങൾ സർക്കാർ നിയന്ത്രിത മണ്ഡികളിൽനിന്നു മാത്രമേ വ്യാപാരികൾക്കും സ്വകാര്യ കമ്പനികൾക്കും വാങ്ങാൻ കഴിയുമായിരുന്നുള്ളു. ഇതു കാരണം കർഷകർക്ക് വരുമാനം ഉറപ്പായിരുന്നു.

കർഷകരിൽനിന്ന് വിളകൾ നേരിട്ട് വാങ്ങി പണം നൽകാതെ വ്യാപാരികൾ കടന്നുകളയുന്നതായുള്ള നിരവധി സംഭവങ്ങൾ മധ്യപ്രദേശിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ മണ്ഡികളിൽ മാത്രമായി കാർഷിക വിളകളുടെ വിൽപന നിയന്ത്രിച്ചതിന്റെ പ്രധാന ലക്ഷ്യം കർഷകരെ ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കുകയെന്നതായിരുന്നു. എന്നാൽ കർഷകർ ഇപ്പോൾ ചതിക്കപ്പെടുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തുന്നുണ്ട്. കർഷകരുടെ നടുവൊടിക്കുന്നതാണ് നിയമമാറ്റമെന്ന് ഇതോടെ വ്യക്തമാകുകയാണ്.

പിഎംസികളും മണ്ഡികളും തുടരുമെന്നും താങ്ങുവില കർഷകർക്ക് ലഭ്യമാക്കുമെന്നും കേന്ദ്രവും മധ്യപ്രദേശ് സർക്കാരും ആവർത്തിച്ച് പറയുമ്പോഴും സംസ്ഥാനത്തെ 259 മണ്ഡികളുടെയും 298 സബ് മണ്ഡികളുടെയും ഭാവി അവതാളത്തിലാണ്. അതിനിടെ സംസ്ഥാനത്തെ മൊത്തക്കച്ചവട ചന്തകൾ രാജ്യത്തെ തന്നെ മാതൃ സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മധ്യപ്രദേശ് കൃഷിമന്ത്രി കമൽ പട്ടേൽ പറഞ്ഞു. അങ്ങനെ മണ്ഡികളുടെ പ്രവർത്തനം തുടരുമെന്ന് സർക്കാർ ഉറപ്പും നൽകുന്നു.

മണ്ഡികളെ കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തതോടെ മണ്ഡികളിൽ വൻ നവീകരണം സാധ്യമാക്കുമെന്നും ബാങ്ക്, പെട്രോൾ പമ്പുകൾ, വിത്തു വിപണന കേന്ദ്രങ്ങൾ കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങൾ അടക്കമുള്ള ലഭ്യമാക്കുന്ന കടകൾ, ആർമി കന്റീനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുമെന്നും മണ്ഡികളുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും കൃഷിമന്ത്രി പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങൾ മണ്ഡി സംവിധാനത്തെ തകർക്കുമെന്നും തങ്ങളെ വലിയ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കുമെന്നുമുള്ള ആശങ്ക ഉയർന്നിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള എപിഎംസികൾക്ക് നികുതി ചുമത്തുന്നത് തുടരുകയും കർഷകർ നേരിട്ട് വിൽപ്പന നടത്തുന്നതിന് നികുതിയിളവ് നൽകുകയും ചെയ്യുന്നത് അടക്കമുള്ളവയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. കർഷകരുടെ അധിക വരുമാനത്തിനും നികുതി ചുമത്താൻ ആഗ്രഹിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കേന്ദ്രം പറയുന്നു.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സർക്കാർ നിയന്ത്രണത്തിലുള്ള എപിഎംസികളുടെ നികുതി കുറച്ചിട്ടുണ്ട്. അത്തരം നടപടികൾ തുടർന്നും ഉണ്ടാവും. മധ്യപ്രദേശ് സെസ് 0.5 ശതമാനമായി കുറച്ചു. പഞ്ചാബും ഹരിയാണയും നെല്ലിന് ഏർപ്പെടുത്തിയിരുന്ന നികുതി കുറച്ചു. അത്തരം നടപടികളെല്ലാം സംസ്ഥാനങ്ങളാണ് കൈക്കൊള്ളുന്നത്. രാജ്യത്തെ 17 സംസ്ഥാനങ്ങൾ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കിക്കഴിഞ്ഞു.