റോഡിലെ കൊച്ചു കൊച്ചു നിയമ ലംഘനങ്ങൾ പോലും കണ്ടെത്താനും പിടികൂടാനും മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സംവിധാനം വരുന്നു. ഹെൽമെറ്റ് ഇല്ലാതെ സ്ഥിരമായി യാത്ര ചെയ്യുക, കുട്ടികളെ ഹെൽമറ്റ് ധരിപ്പിക്കാതിരിക്കുക, ബൈക്കിൽ മൂന്നുപേരെ ഇരുത്തിയും മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനം ഓടിക്കുക തുടങ്ങി റോഡിലെ എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് നിർമ്മിത ബുദ്ധിയുടെ സഹായം തേടുന്നു.

റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമ ലംഘനത്തിനെതിരെയുള്ള നടപടി കർശനമാക്കാനും ലക്ഷ്യമിട്ട് പുതിയ എൻഫോഴ്‌സമെന്റ് സംവിധാനത്തിന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം തുടക്കമിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെതന്നെ കാമറയുടെ സഹായത്തോടെ നിയമലംഘനങ്ങൾ പിടികൂടി കൺട്രോൾ റൂമിൽ എത്തിക്കുന്ന സംവിധാനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ജില്ലാ തലത്തിലൂള്ള എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂമിലാകും ഈ ദൃശ്യങ്ങൾ ക്രോഡീകരിക്കപ്പെടുക. ഇതിനായി സംസ്ഥാന തല കൺട്രോൾ റൂമും ആറ് ജില്ലാതല എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂമുകളുമാണ് മോട്ടർവാഹന വകുപ്പ് തുടങ്ങിയത്.

റോഡിലെ നിയമ ലംഘകരെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി 720 കേന്ദ്രങ്ങളിലാണ് നിർമ്മിത ബുദ്ധി സംവിധാനങ്ങൾ സ്ഥാപിക്കുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെതന്നെ നിയമലംഘനങ്ങൾ പിടികൂടുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്ഗ്‌നീഷൻ സംവിധാനമാണിത്. ജില്ലാ തലത്തിലൂള്ള എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂമിലാകും ഈ ദൃശ്യങ്ങൾ ക്രോഡീകരിക്കപ്പെടുക. ഈ നിർമ്മിത ബുദ്ധി ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ വിവരങ്ങൾ എറണാകുളത്തെ മോട്ടർവാഹന വകുപ്പ് വെർച്വൽ കോടതിയിലേക്ക് കൈമാറും. പിഴ വിധിക്കുന്നതും അത് വാഹന ഉടമയെ അറിയിക്കുന്നതും ഉൾപ്പെടെയുള്ള തുടർ നിയമ നടപടികൾ വെർച്വൽ കോടതി സംവിധാനത്തിലൂടെയാണ് നടപ്പാക്കുക.

അമിതവേഗം, ഹെൽമെറ്റ് ഇല്ലാതെ യാത്ര, ബൈക്കിൽ മൂന്നുപേരെ വച്ചുള്ളയാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങ് തുടങ്ങി നിരവധി നിയമലംഘനങ്ങൾ ഈ സാങ്കേതിക വിദ്യ സ്വയം തിരിച്ചറിയും. നേരിട്ട് പരിശോധനയില്ലാതെ തന്നെ ക്യാമറകൾ വഴി അപകടങ്ങൾ, നിയമ ലംഘനങ്ങൾ എന്നിവയ്ക്ക് നടപടിയെടുക്കാൻ കഴിയുമെന്നും റോഡിലെ അപകടങ്ങൾ കുറയ്ക്കുകയാണു പ്രധാന ലക്ഷ്യമെന്നാണ് മോട്ടർ വാഹന വകുപ്പ് അറിയിക്കുന്നത്.