- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിധിയില്ലാത്ത അമേരിക്കൻ ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെ ഉടൻ ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും; ഇംപീച്ച്മെന്റ് നടപടികളിൽ കുറ്റവിമുക്തനായതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ വീണ്ടും ട്രംപ് എന്ന ആവശ്യവുമായി അണികൾ; അനുയായികളെ അഭിവാദ്യം ചെയ്ത് മുൻ പ്രസിഡന്റും
ഫ്ലോറിഡ: ഇംപീച്ച്മെന്റ് നടപടികളിൽ കുറ്റവിമുക്തനായതിന് പിന്നാലെ തന്റെ അണികൾക്കൊപ്പം ആഘോഷിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗോൾഫ് കോഴ്‌സിൽ നിന്ന് വീട്ടിലേക്കുള്ള തന്റെ യാത്രക്കിടെ, വഴിയരുകിൽ അണി നിരന്ന അനുയായികൾ ട്രംപിനെ ഒരു നായകനെ എന്നവണ്ണമാണ് സ്വീകരിച്ചത്. രണ്ടാമത്തെ സെനറ്റ് ഇംപീച്ച്‌മെന്റ് വിചാരണയിൽ മുൻ പ്രസിഡന്റിനെ കുറ്റവിമുക്തനാക്കിയതിന് ശേഷം ആദ്യമായി ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ട്രംപ് കയ്യുയർത്തി അണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
അതേസമയം, 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. കാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിലാണ് ഡൊണാൾഡ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. ഇംപീച്ച്മെന്റ് നടപടികൾ അവസാനിപ്പിച്ചു. ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത ട്രംപിനെ കുറ്റക്കാരൻ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല. 57-43 വോട്ടിനാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്.
ഇതോടെ രണ്ടാം തവണയും ഇംപീച്ച് നടപടികളിൽ നിന്ന് ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടു. 2019 ഡിസംബറിലും ഈ വർഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197 നെതിരെ 232 വോട്ടുകൾക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ട്രംപിന്റെ പ്രസ്താവനകളും കാപിറ്റോൾ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകൾ ഉന്നയിച്ചെങ്കിലും, ട്രംപിന് നേരിട്ട് കലാപത്തിൽ പങ്കില്ലെന്ന നിലപാടിൽ ഭൂരിഭാഗം റിപ്പബ്ലിക്കൻ സെനറ്റർമാരും ഉറച്ചുനിന്നു. ഇതോടെ ട്രംപിന് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഫെഡറൽ പദവി വഹിക്കാനും സാധിക്കും.
അതേസമയം, അണികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ രണ്ടാം വരവിനെ കുറിച്ച് ട്രംപ് വ്യക്തമായി പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ, ശനിയാഴ്ച കുറ്റവിമുക്തനാക്കിയ ശേഷം ട്രംപ് പുറപ്പെടുവിച്ച പ്രസ്താവന അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 'ശോഭയുള്ളതും പ്രസരിപ്പുള്ളതും പരിധിയില്ലാത്തതുമായ അമേരിക്കൻ ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെ ഉടൻ ഞങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്ന് വാഗ്ദാനം ചെയ്തു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ഞങ്ങളുടെ ചരിത്രപരവും ദേശസ്നേഹവും മനോഹരവുമായ പ്രസ്ഥാനം ഇപ്പോൾ ആരംഭിച്ചു," അദ്ദേഹം പറഞ്ഞു.
സെനറ്റ് വോട്ട് എന്നാൽ ട്രംപിന് 2024 ൽ മറ്റൊരു ടേമിലേക്ക് മത്സരിക്കാൻ ഇപ്പോഴും അർഹതയുണ്ടെന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ താൻ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ