തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. സഹകരണ സംഘം രജിസ്റ്റ്രാർക്ക് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ, ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് വർദ്ധിപ്പിച്ചത്. 2019 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ്.

സബ് സ്റ്റാഫ് വിഭാഗത്തിൽപെടുന്ന ജീവനക്കാർക്ക് 8 വർഷത്തെ സേവനത്തിന് ഒന്ന്, 16 വർഷത്തെ സേവനത്തിന് രണ്ട്, 23 വർഷത്തെ സേവനത്തിന് മൂന്ന്, 28 വർഷത്തെ സേവനത്തിന് നാല് എന്നിങ്ങനെ പരമാവധി 4 സമയബന്ധിത ഹയർ ഗ്രേഡും മറ്റു ജീവനക്കാർക്ക് 8 വർഷത്തെ സേവനത്തിന് ഒന്ന്, 16 വർഷത്തെ സേവനത്തിന് രണ്ട് എന്നിങ്ങനെ പരമാവധി 2 ഹയർഗ്രേഡും അനുവദിക്കും. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് മറ്റു ജീവനക്കാർക്കു ലഭ്യമാകുന്ന നിരക്കിൽ ക്ഷാമബത്ത, വീട്ടുവാടക എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കും.

പരിഷ്‌കരിച്ച ശമ്പള സ്‌കെയിലിലെ അടിസ്ഥാന ശമ്പളത്തിന്റെ 10% വീട്ടുവാടക ഇനത്തിൽ ലഭിക്കും. ഇതു പരമാവധി 2500 രൂപയാക്കി നിജപ്പെടുത്തി. മെഡിക്കൽ ഇൻഷുറൻസ് സ്‌കീം നടപ്പാക്കുന്നതു വരെ മെഡിക്കൽ അലവൻസായി പ്രതിവർഷം 4000 രൂപ അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് 2019 ജനുവരി മുതൽ പ്രാബല്യത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷാമബത്ത സഹകരണ ജീവനക്കാർക്കും അനുവദിക്കുമെന്നും ഇതിനായുള്ള ഉത്തരവ് ഉടനെ പുറപ്പെടുവിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.