- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിലിന്റെ മൃതദേഹം ഇന്ന് ദഹിപ്പിക്കും; ഭൗതികാവശിഷ്ടം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ എത്തിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും സംസ്‌കാര ശുശ്രൂഷയും നടത്തും
തൃശൂർ: അന്തരിച്ച മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിലിന്റെ മൃതദേഹം ഇന്ന് ദഹിപ്പിക്കും. മധ്യപ്രദേശിലെ സാഗർ രൂപതയുടെ മുൻ ബിഷപ് ആയിരുന്നു മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ (91). കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിക്കവെ കോവിഡ് ബാധിച്ചായിരുന്നു അന്ത്യം. ഇന്നലെ പുലർച്ചെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട അദ്ദേഹത്തെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനാലും ഭൗതികാവശിഷ്ടം സാഗർ രൂപതാ കത്തീഡ്രലിൽ സംസ്‌കരിക്കേണ്ടതിനാലും വൈദ്യുത ശ്മശാനത്തിൽ ഇന്നു ദഹിപ്പിക്കും. ഭൗതികാവശിഷ്ടം നാളെ എട്ടിന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ എത്തിച്ചശേഷം 9.30നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും സംസ്‌കാര ശുശ്രൂഷയും നടക്കും. സിറോ മലബാർ സഭയിൽ ഒരു ബിഷപ്പിന്റെ ഭൗതികദേഹം ദഹിപ്പിക്കുന്നത് ആദ്യമാണ്.
അരണാട്ടുകര ലാസർ നീലങ്കാവിലിന്റെയും പാലത്തിങ്കൽ കുഞ്ഞന്നത്തിന്റെയും മകനായി 1930 മാർച്ച് 19നു ജനിച്ചു. 1960 മെയ് 17ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.റോമിലെ ലാറ്ററൻ സർവകലാശാലയിൽ നിന്നു സഭാ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1987 ഫെബ്രുവരി 22ന് സാഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. 2006 ഫെബ്രുവരി 2നു വിരമിച്ചു.