- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു മണിക്കൂർ ജോലി ചെയ്താൽ കുറഞ്ഞത് 500 രൂപ കിട്ടുന്ന അമേരിക്കയിൽ ഒരു ലിറ്റർ പെട്രോളിന് 45 രൂപ മാത്രം; മണിക്കൂറിന് 1000 രൂപ കുറഞ്ഞ ശമ്പളമുള്ള ബ്രിട്ടനിൽ പോലും 120; അയൽ രാജ്യങ്ങളിലെല്ലാം പാതിവിലയ്ക്ക് കിട്ടും: ഇന്ത്യയിലെ വിലയിൽ ഇന്ത്യൻ പൗരന്മാർ ചതിക്കപ്പെടുന്നതിങ്ങനെ
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ കുറയുമ്പോൾ ഇന്ത്യയിൽ മാത്രം എണ്ണ വില പിടിവിട്ടു കുതിക്കുകയാണ്. നമ്മുടെ രാജ്യത്ത് എണ്ണ വില ലിറ്ററിന് 90 കടന്ന് കുതിക്കുമ്പോൾ മറ്റെല്ലാ രാജ്യങ്ങളിലും എണ്ണ വില വളരെ കുറവാണ്. ഒരു മണിക്കൂർ ജോലി ചെയ്താൽ കുറഞ്ഞത് 500 രൂപ കിട്ടുന്ന അമേരിക്കയിൽ ഒരു ലിറ്റർ പെട്രോളിന് 45 രൂപ മാത്രമാണ് വില. മണിക്കൂറിന് 1000 രൂപ കുറഞ്ഞ ശമ്പളമുള്ള ബ്രിട്ടനിൽ പോലും 120 രൂപയാണ് പെട്രോൾ വില. അയൽ രാജ്യങ്ങളിലെല്ലാം പാതിവിലയ്ക്ക് കിട്ടും. എന്നാൽ ഇന്ത്യയിലെ പൗരന്മാർ മാത്രം ചതിക്കപ്പെടുകയാണ്.
എണ്ണ വിലയിൽ അന്താരാഷ്ട്ര വിപണിയിൽ വൻ കുറവ് അനുഭവപ്പെട്ടപ്പോൾ ലോകരാജ്യങ്ങളെല്ലാം അതിനനുസൃതമായി വില കുറച്ചു. എന്നാൽ ഇന്ത്യയിൽ മാത്രം വില കുതിച്ചുയരുകയാണ്. രാജ്യത്തെ പൗരന്മാരെ എല്ലാം വിഡ്ഡികളാക്കി ഇന്ധനവില കുതിക്കുന്നത് അസംസ്‌കൃത വില ഉയരുന്നതിനാലെന്നാണ് കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ആവർത്തിക്കുന്ന ന്യായം. എന്തു കൊണ്ടാണ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് നൽകേണ്ടിവരുന്നത് വളരെ ഉയർന്ന വില എന്നത് ചിന്തിക്കേണ്ടതാണ്. ഇന്ത്യയിലെ കുത്തകകളായ എണ്ണ കമ്പനികളും കേന്ദ്രസർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇന്ത്യയിൽ എണ്ണ വില റെക്കോർഡുകൾ ഭേദിച്ച് ഇത്രയധികം ഉയർത്തിയത്.
കഴിഞ്ഞ വർഷം ആദ്യം ബാരലിന് 70 ഡോളർ വരെ വിലയെത്തിപ്പോൾ 77 രൂപയായിരുന്നു കൊച്ചിയിലെ പെട്രോൾ വില. എന്നാൽ കോവിഡ് കാലമായതോടെ വില കുറഞ്ഞ് ഇപ്പോൾ രാജ്യാന്തര എണ്ണവില 63 ഡോളർ എത്തി നിൽക്കുകയാണ്. എന്നാൽ ഈ സമയത്ത് നമ്മുടെ നാട്ടിലെ എണ്ണ വില 90 രൂപ കടന്നു. അതായത് രാജ്യാന്തരതലത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ഇന്ത്യയിൽ എണ്ണ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. ബാരലിന് 70 ഡോളറിൽ നിന്നും ഈ വർഷം ആദ്യം 63 രൂപയായി കുറഞ്ഞപ്പോൾ ഇന്ത്യയിലെ വിപണിയിൽ എണ്ണ വില 13 രൂപ കൂടുകയാണ് ചെയ്തിരിക്കുന്നത്. എങ്കിലും അസംസ്‌കൃത എണ്ണ വില ഉയരുന്നു എന്ന പൊള്ള ന്യായത്തിൽ കടിച്ചു തൂങ്ങുകയാണ് സർക്കാർ.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്നതിന് അനുസരിച്ച് ആനുപാതിക വിലക്കുറവു വരുത്താത്തതും കേന്ദ്ര എക്‌സൈസ് നികുതികൾ കുത്തനെ കൂട്ടിയതുമാണു വില കുതിക്കുന്നതിന്റെ യഥാർഥ കാരണം. എന്നാൽ വിദേശ രാജ്യങ്ങളാകട്ടെ എണ്ണ വില കുറയുന്നതിന് അനുസരിച്ച് തങ്ങളുടെ വിപണി വിലയിലും ആനുപാതികമായ കുറവ് വരുത്തി നൽകി. വിദേശരാജ്യങ്ങളിലെ വില ഇനിയും കോവിഡിനു മുൻപുള്ള വിലയ്‌ക്കൊപ്പം എത്തിയിട്ടില്ല എന്നതാണ് വസ്തുത. വില കുറയുമ്പോഴും ഉയർന്ന നികുതി ഈടാക്കിയും മറ്റും സർക്കാരും ജനങ്ങളെ വഞ്ചിക്കുകയാണ്.
രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസൃതമായല്ല ഒരിക്കലും നമ്മുടെ രാജ്യത്ത് എണ്ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുമ്പോഴും കൂടുന്നു എന്ന പച്ചക്കള്ളം ആവർത്തിക്കുന്ന സർക്കാർ തോന്നും പോലെ എല്ലാം വില കൂട്ടുകയാണ്. വില കുറവായി നിൽക്കുന്ന ഈ സമയത്ത് ഇത്രയധികം വില കൂടുകയാണെങ്കിൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുമ്പോൾ നമ്മുടെ രാജ്യത്തെ എണ്ണ വില എന്തായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ്.
രാജ്യാന്തര വിപണിയിൽ വില കുറയുന്നതിന്റെ നേട്ടം ഒരിക്കലും ഇന്ത്യയിലെ ഉപയോക്താക്കൾക്കു ലഭിക്കുന്നില്ല. എന്നാൽ സർക്കാർ വില കുറയുമ്പോൾ നേട്ടമുണ്ടാക്കുകയും വില കൂടുമ്പോൾ നഷ്ടമുണ്ടാകാതെ നികുതി ഉയർത്തുകയുമാണു ചെയ്യുന്നത്. സർക്കാരിന്റെ ഈ ഒത്തുകളിയിൽ എണ്ണക്കമ്പനികളും വലിയ നേട്ടമാണ് കൊയ്യുന്നത്. ഇന്ത്യയിലെ ഇന്ധന വില കുതിക്കുന്നതിനു കാരണം ഉയർന്ന നികുതിയാണ്. 2020 ജനുവരിയിൽ ഒരു ലീറ്റർ പെട്രോളിന് ഈടാക്കിയിരുന്ന കേന്ദ്ര എക്‌സൈസ് നികുതി 26.6 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ 37.1 രൂപയാണു നികുതി. ഡീസലിന് 2020 ജനുവരിയിൽ 23.3 ശതമാനമായിരുന്നു കേന്ദ്ര എക്‌സൈസ് നികുതി. ഇപ്പോൾ ഇത് 40.1 രൂപയായി ഉയർന്നു.
2020 ജനുവരി മുതൽ 2021 ജനുവരി ഇന്ത്യയിൽ ഇന്ധനവിലയിലുണ്ടായ വർധന 13 ശതമാനമാണ്. അതേസമയം ഇക്കാലയളവിൽ അസംസ്‌കൃത എണ്ണവില 14 ശതമാനം കുറഞ്ഞു. വിദേശരാജ്യങ്ങൾ ഈ സമയം ഇന്ധനവില കുറയ്ക്കുകയാണുണ്ടായത്. ബ്രസീൽ 20.6% വില കുറച്ചു. അമേരിക്ക 7.5 ശതമാനവും ചൈന 1.4 ശതമാനവും യുകെ 1.8 ശതമാനവും വില കുറച്ചു.
നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരാനാണു സാധ്യത. കോവിഡിനു ശേഷം ഫാക്ടറികളിലെയും മറ്റും നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗതവും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും കൂടിയതോടെ ആഗോള തലത്തിൽ എണ്ണ ഡിമാൻഡ് ഉയരുകയാണ്. ഡിമാൻഡ് ഉയരുമ്പോൾ സ്വാഭാവികമായും വില ഉയരും. ഇതിനോടൊപ്പം പ്രധാന എണ്ണ ഉൽപാദകരായ സൗദി വില ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉൽപാദനം കുറച്ചിട്ടുമുണ്ട്. 10 ലക്ഷം ബാരൽ കുറച്ച് പ്രതിദിന ഉൽപാദനം മാർച്ച് വരെ 80.125 ലക്ഷം ബാരലായി പരിമിതപ്പെടുത്താനാണു തീരുമാനം.