സ്ട്രേലിയൻ സർക്കാരിനോട് ഏറ്റുമുട്ടാനിറങ്ങിയ ഫേസ്‌ബുക്കിന് വമ്പൻ തിരിച്ചടി. ഓസ്ട്രേലിയയുമായി ബന്ധപ്പെട്ട എല്ലാ വാർത്താ റിപ്പോർട്ടുകളും ബ്ലോക്ക് ചെയ്യാൻ ഉള്ള ഫേസ്‌ബുക്കിന്റെ തീരുമാനത്തിന് പിന്നാലെ ഫേസ്‌ബുക്കിന്റെ ഓഹരിയിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓസ്ട്രേലിയൻ ഉപയോക്താക്കളെ ഫേസ്‌ബുക്കിൽ വാർത്തകൾ വായിക്കുന്നതിൽനിന്നും ഷെയർ ചെയ്യുന്നതിൽനിന്നും വിലക്കിയതിമ്പിന്നാലെയാണ് ഫേസ്‌ബുക്കിന്റെ ഓഹരി വിപണി ഇടിഞ്ഞത്. തങ്ങളുടെ പ്ലാറ്റ്ഫോമിൽ വാർത്തകൾ വന്നാൽ അതിനു ഫേസ്‌ബുക്, ഗൂഗിൾ തുടങ്ങിയ ടെക്ക് ഭീമന്മാർ പണം മുടക്കണമെന്ന ഓസ്ട്രേലിയയുടെ പുതിയ നിയമത്തിത്തിനുള്ള തിരിച്ചടിയായാണ് കമ്പനിയുടെ ഈ നീക്കം.

അതേസമയം ഫേസ്‌ബുക്കിനെ വെട്ടിലാക്കി ഓസ്ട്രേലിയ പാസാക്കിയതിന് സമാനമായ നിയമം പാസാക്കാനുള്ള നീക്കം ബ്രിട്ടനും തുടങ്ങി കഴിഞ്ഞു. ഇതോടെ ഫേസ്‌ബുക്ക് ആഗോള തലത്തിൽ തന്നെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് ഓരോ രാജ്യത്തിനും പണം നൽകേണ്ടി വന്നേക്കും. ഗൂഗിളിലും ഫേസ്‌ബുക്കിലും വരുന്ന വാർത്താ ലിങ്കുകളിൽ വായനക്കാർ ക്ലിക്കു ചെയ്യുന്നുണ്ടെങ്കിൽ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നൽകണമെന്നാണ് ഓസ്ട്രേലിയയുടെ ആവശ്യം. ഗൂഗിളും ഫേസ്‌ബുക്കും ഇതിനെതിരെ പോരാടുന്നുണ്ടെങ്കിലും നിയമം പാസാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെയോടെ എല്ലാ പ്രാദേശിക, ആഗോള വാർത്താ വെബ്സൈറ്റുകളുടെ ഫേസ്‌ബുക് പേജുകളും ലഭ്യമല്ലാതായി. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്ക് വൻ തിരിച്ചടി നേരിട്ടതും ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തിയതും.

ഓസ്ട്രേലിയൻ സർക്കാരിനോട് ഏറ്റുമുട്ടിയതിന് പിന്നാലെ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളും ഫേസ്‌ബുക്കിനെതിരെ നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാവിലെയോടെ എല്ലാ പ്രാദേശിക, ആഗോള വാർത്താ വെബ്സൈറ്റുകളുടെ ഫേസ്‌ബുക് പേജുകളും ലഭ്യമല്ലാതായി. നിരവധി സർക്കാർ ആരോഗ്യ, അടിയന്തര സാഹചര്യ പേജുകളും ബ്ലോക്കാക്കിയെങ്കിലും പിന്നീട് അബദ്ധം പറ്റിയതാണെന്ന് ഫേസ്‌ബുക് അറിയിച്ചു. ഈ നീക്കം സമൂഹമാധ്യമ ഭീമന്മാർ ശക്തിയുണ്ടെന്നു കാണിക്കാൻ ചെയ്യുന്നതാണെന്ന നിലപാടാണ് ഓസ്ട്രേലിയൻ സർക്കാർ എടുത്തത്.

അതേസമയം, മൂന്ന് ഓസ്ട്രേലിയൻ മാധ്യമ ഔട്ട്‌ലെറ്റുകളുമായി ഗൂഗിൾ അടുത്ത ദിവസങ്ങളിൽ കരാർ ഒപ്പിട്ടിരുന്നു. ഫേസ്‌ബുക്കിന്റെ നടപടി വരുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് റൂപേർട്ട് മർഡോക്കിന്റെ മാധ്യമ കോർപ്പറേഷനുമായി ഗൂഗിൾ കരാർ ഒപ്പിട്ടത്. ഇതോടെ സർക്കാരുമായി അനുരഞ്ജനപ്പെട്ടു പോകാനുള്ള നീക്കമാണ് ഗൂഗിൾ നടത്തുന്നതെന്നു വിലയിരുത്തപ്പെടുന്നു. പേജുകൾ ബ്ലോക്ക് ആക്കിയതോടെ സർക്കാരിനെ ഫേസ്‌ബുക്ക് വെല്ലുവിളിക്കുകയാണോ എന്ന ചോദ്യവും ഉയരുന്നു.

വാർത്തകളിലൂടെ ഫേസ്‌ബുക്കും ഗൂഗിളും കോടിക്കണക്കിനു രൂപയാണ് നേടുന്നത്. എന്നാൽ, ഈ വാർത്തകൾ തയാറാക്കുന്ന പ്രസാധകർക്ക് (മാധ്യമങ്ങൾ, ഏജൻസികൾ തുടങ്ങിയവ) ഇതിന്റെ മെച്ചം ലഭിക്കുന്നില്ല. വാർത്ത തയാറാക്കുന്നവർക്കും ലാഭത്തിന്റെ ഒരു വിഹിതം ലഭിക്കുന്ന രീതിയിൽ ഒട്ടേറെ രാജ്യങ്ങൾ നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഓസ്ട്രേലിയയുടെ നീക്കവും. എന്നാൽ ഇതിനെതിരെ ഫേസ്‌ബുക്ക് രംഗത്ത് എത്തുകയായിരുന്നു. ഇതോടെയാണ് ഫേസ്‌ബുക്കിന്റെ ഓഹരി വിലയിൽ ഒരു ശതമാനം ഇടിവ് ഇന്നലെ രേഖപ്പെടുത്തിയത്. എന്തായാലും ഓസ്ട്രേലിയയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളും ഓസ്ട്രേലിയയ്ക്ക് സമാനമായ നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്.

ബ്രിട്ടനിലെ ഡിജിറ്റൽ വാർത്തകൾ ഫേസ്‌ബുക്കിൽ വരുന്നെങ്കിൽ അതിന് പ്രസാധകർക്ക് ഫേസ്‌ബുക്ക് പണം നൽകണമെന്ന് ഇപ്പോൾ ബ്രിട്ടനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയൻ വാർത്തകളെ ബഹിഷ്‌ക്കരിച്ചതിന് പിന്നാലെ ആഗോള തലത്തിൽ വൻ വിമർശനമാണ് ഫേസ്‌ബുക്ക് നേരിടുന്നത്. ഇതിനിടയിലാണ് തങ്ങളുടെ മാധ്യമങ്ങളിലെ വാർത്തയ്ക്ക് പണം നൽകണമെന്ന ആവശ്യവുമായി ബ്രിട്ടനും രംഗത്ത് എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ വാർത്തകൾക്ക് പണം നൽകണമെന്ന് കൾച്ചർ ആൻഡ് മീഡിയാ കമമ്മറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്രിട്ടനിലെ ന്യൂസുകൾ പ്രസിദ്ധീകരിക്കുന്നതിൽ ഫേസ്‌ബുക്ക് പങ്കാളിയാകുമോ എന്നത് ലോകം ഉറ്റു നോക്കുകയാണ്.

അതേസമയം ഓസ്ട്രേലിയൻ വാർത്തകളെ ബഹിഷ്‌ക്കരിച്ചതിന് പിന്നാലെ ഫേസ്‌ബുക്കിനെതിരെ വൻ കാമ്പയിനാണ് നടക്കുന്നത്. ഡിലീറ്റ് ഫേസ്‌ബുക്ക്, ബോയികോട്ട് സുക്കർബർഗ് തുടങ്ങിയ കാമ്പെയിനുകൾക്ക് ട്വിറ്ററിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. ഓസ്ട്രേലിയയിൽ ഡിലീറ്റ് ഫേസ്‌ബുക്ക് കാമ്പയിനാണ് ഇപ്പോൾ ഡ്രെൻഡിങ് ആയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഈ കാമ്പയിന് പിന്തുണയുമായി ട്വിറ്ററിൽ എത്തിയിരിക്കുന്നത്. മാത്രമല്ല ഫേസ്‌ബുക്കിന്റെ സഹസ്ഥാപനങ്ങളായ ഇൻസ്റ്റഗ്രാമും വാട്സാപ്പും ഡിലീറ്റ് ചെയ്യുന്നതിനും ഇത്തരത്തിൽ കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്.