കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ ക്രൂരകൃത്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കൂത്തുപറമ്പ് കണ്ടംകുന്ന് ചമ്മനംപറമ്പിൽ സിജി ശശികുമാറാണ് അറസ്റ്റിലായിരുന്നത്. ഇയാളുടെ ഭാര്യ രത്നകുമാരിയെയും പൊലീസ് പ്രതിചേർത്ത് കസ്റ്റഡിയിലെടുത്തിരുന്നു.

2017ലാണ് സിജി ശശികുമാറും രത്നകുമാരിയും തങ്ങൾക്ക് മക്കളിലെന്ന് പറഞ്ഞ് എറണാകുളത്തെ ഒരു അനാഥാലയത്തിൽ നിന്നും 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഫോസ്റ്റർ കെയർ സംവിധാനത്തിൽ താത്കാലികമായ ദത്തെടുത്തത്. സ്‌കൂൾ അവധിക്കാലത്ത് താത്കാലികമായിട്ടാണ് ഫോസ്റ്റർ കെയർ സംവിധാനത്തിൽ കുട്ടികളെ ദത്ത് നൽകാറുള്ളത്. കാലാവധി കഴിഞ്ഞാൽ തിരികെ അനാഥാലയത്തിൽ കുട്ടികളെ തിരിച്ചേൽപിക്കുകയും വേണം. ഇതാണ് ഫോസ്റ്റർ കെയർ സംവിധാനം. ഇത്തരത്തിൽ ദത്തെടുത്ത പെൺകുട്ടിയെ ശശികുമാർ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. 2017ൽ നടന്ന സംഭവം കഴിഞ്ഞ മാസമാണ് പുറത്ത് വരുന്നത്. അന്ന് തന്നെ ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എറണാകുളത്തെ അനാഥാലയത്തിൽ എത്തിയപ്പോഴാണ് ദത്തെടുത്ത പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന വിവരം ലഭിക്കുന്നത്. നേരത്തെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ഡയറിയിൽ നിന്നുള്ള കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൽ ഉണ്ടായിരുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ പെൺകുട്ടി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. 2017ൽ ശശികുമാറിന്റെ വീട്ടിലേക്ക് ആദ്യം പീഡനത്തിനിരയായ പെൺകുട്ടിയെ കാണാൻ സഹോദരി എത്തിയപ്പോഴാണ് സഹോദരിയെയും പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെ ശശികുമാറിനെതിരെ കഴിഞ്ഞ ദിവസം പുതിയ പോക്സോ കേസും രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

കുട്ടികളും ഒന്നിലേറെ ഭാര്യമാരും ഉള്ള കാര്യം മറച്ചുവച്ചാണ് ശശികുമാർ അനഥാലയത്തിൽ നിന്നും പെൺകുട്ടികളെ ദത്തെടുത്തത്. സ്വന്തമായി കുട്ടികളുണ്ടായാലും ഫോസ്റ്റർ കെയർ സംവിധാനത്തിൽ കുട്ടികളെ ദത്തെടുക്കുന്നതിന് തടസ്സമില്ല. എങ്കിലും തങ്ങൾക്ക് കുട്ടികളില്ലെന്ന് പറഞ്ഞാണ് ശശികുമാറും രത്നകുമാരിയും പെൺകുട്ടിയെ ദത്തെടുത്തത്. 2017ലാണ് ആദ്യം പെൺകുട്ടിയെ ദത്തെടുത്തത്. ഈ കുട്ടിയെ വീട്ടിൽ വെച്ച് നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തു. ഇതിനെല്ലം രത്നകുമാരി കൂട്ടുനിൽക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞതിന് ശേഷം പെൺകുട്ടിയെ അനാഥാലയത്തിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു.

തുടർന്നുള്ള വർഷങ്ങളിലും ശശികുമാർ പെൺകുട്ടികളെ ഇത്തരത്തിൽ ദത്തെടുക്കുന്നതിന് താത്പര്യം പ്രകടപ്പിച്ച് അനാഥാലയത്തിൽ എത്തിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പിന്നീടുള്ള വർഷങ്ങളിൽ ദത്ത് നൽകിയിരുന്നില്ല. രത്നകുമാരിയെ കൂടാതെ രണ്ട് ഭാര്യമാർ കൂടി ശശികുമാറിനുണ്ട്. ആദ്യത്തെ പീഡനക്കേസിൽ റിമാന്റിലുള്ള ശശികുമാറിനെതിരെ കോടതി അനുമതിയോടുകൂടി കൂത്ത്പറമ്പ് പൊലീസ് പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി.