കുമളി: എട്ടു മാസമായി ഒപ്പം താമസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നാൽപ്പതുകാരൻ അറസ്റ്റിൽ. മകനെ ഉപദ്രവിച്ചതിന്റെ പേരിൽ പിണങ്ങിപ്പോയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ(ഉമാ മഹേശ്വരി-36) ആണു മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ വാഗമൺ കോട്ടമല രണ്ടാം ഡിവിഷൻ മണികണ്ഠൻ ഭവനിൽ ഈശ്വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവുമായി ബന്ധം പിരിഞ്ഞ ശേഷം റസിയ മകനെ ചിൽഡ്രൻസ് ഹോമിലാക്കി. പിന്നീട് ഇവിടെ വെച്ച് ഈശ്വരനെ പരിചയപ്പെട്ട റസിയ കഴിഞ്ഞ എട്ടുമാസമായി ഈശ്വരനൊപ്പമായിരുന്നു താമസം. മുസ്ലിം യുവാവിനെ വിവാഹം ചെയ്തതോടെയാണ് ഉമാ മഹേശ്വരി റസിയ എന്ന പേരു സ്വീകരിച്ചത്.

ഈശ്വരന്റെ മകനും ചിൽഡ്രൻസ് ഹോമിൽ നിന്നായിരുന്നു പഠിച്ചത്. ഇവിടെ വച്ചു പരിചയത്തിലായ ഇരുവരും പിന്നീട് ഒന്നിച്ചു താമസിക്കുക ആയിരുന്നു. ഒരിക്കൽ ഈശ്വരൻ റസിയയുടെ മകനെ ഉപദ്രവിച്ചു. ഇതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണമുണ്ടായതിന്റെ പേരിൽ ഇരുവരും തമ്മിൽ തെറ്റിപ്പിരിയുകയും മൂന്ന് ദിവസം മുൻപു റസിയ മറ്റൊരു വാടക വീട്ടിലേക്കു താമസം മാറ്റുകയും ചെയ്തു.

ഇന്നലെ രാവിലെ ഉമ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തിപ്പരുക്കേൽപിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കുമളിയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം. ഈശ്വരനെ വാഗമണ്ണിൽ നിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.