ബ്രിട്ടന് ഏറെ ആശ്വാസമേകിക്കൊണ്ട് രോഗവ്യാപനത്തിൽ വീണ്ടും കാര്യമായ ഇടിവു സംഭവിച്ചിരിക്കുന്നു. ഇന്നലെ ബ്രിട്ടനിൽ പുതിയതായി 12,027 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയിലേതിനേക്കാൾ 20 ശതമാനം കുറവാണ്. അതുപോലെ മരണനിരക്കും ഏകദേശം 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇന്നലെ 533 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കൊറോണയുടേ രണ്ടാംവരവിലെ രോഗവ്യാപനത്തിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് പോവുകതന്നെയാണെന്ന് ഇത് ഉറപ്പിച്ചതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദമേറി.

രോഗവ്യാപനവുമായി നേരിട്ടു ബന്ധമുള്ള ആർ നിരക്ക് ഇപ്പോൾ 0.6 നും 0.9 നും ഇടയിലായതായി സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അറിയിച്ചു. കഴിഞ്ഞയാഴ്‌ച്ച ഇത് 0.7 നും 0.9 നും ഇടയിലായിരുന്നു. രണ്ടാഴ്‌ച്ച മുൻപാണെങ്കിൽ ഇത് ഒന്നിനു മുകളിലുമായിരുന്നു. അതേസ്മയം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം കോവിഡ് ബാധിതരുടെ എണ്ണം രണ്ടാഴ്‌ച്ച കൊണ്ട് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതും കോവിഡ് വ്യാപനം കുറഞ്ഞു എന്നതിനു തെളിവാണ്. മാത്രമല്ല ഇപ്പോൾ ആശുപത്രികളിൽ കോവിഡിന് ചികിത്സക്ക് എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവു വന്നിട്ടുണ്ട്.

ഈ നിലയിൽ കാര്യങ്ങൾ തുടര്ന്നു പോവുകയാണെങ്കിൽ മാർച്ച് പകുതിയാകുമ്പോഴേക്കും പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 200 ആയി കുറയുമെന്ന് ശാസ്ത്രോപദേശക സമിതി പറയുന്നു. മാത്രമല്ല, ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണംഇപ്പോഴുള്ളതിന്റെ മൂന്നിൽ രണ്ടായി കുറയുമെന്നും അവർ പറയുന്നു. എന്നും ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ മാത്രം നടത്തിയിട്ടുള്ള ശാസ്ത്രോപദേശക സമിതി ഈ കോവിഡ് കാലഘട്ടത്തിൽ ഒരുപക്ഷെ ഇതാദ്യമായിട്ടാണ് ശുഭകരമായ ഒരു കാര്യം പ്രവചിക്കുന്നത്. ഇതും ലോക്ക്ഡൗൺ പിൻവലിക്കാനുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം ശാസ്ത്രജ്ഞന്മാരിൽ ഭൂരിഭാഗവും ആരോഗ്യ രംഗത്തെ പ്രമുഖരും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇപ്പോൾ നീക്കുന്നതിനോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. അതിവ്യാപന ശേഷിയുള്ള പുതിയ ഇനങ്ങളുടെ സാന്നിദ്ധ്യം ഉള്ളപ്പോൾ, നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വീണ്ടും രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്നാണ് അവർ പറയുന്നത്. അതേസമയം, രോഗവ്യാപന നിരക്കും മരണനിരക്കും ഇടിയുകയും വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ മുന്നേറുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കണം എന്നാണ് ഭരണകക്ഷിയിലേതുൾപ്പടെ പല എം പി മാരും ആവശ്യപ്പെടുന്നത്.

ഇനിയും ലോക്ക്ഡൗൺ നീണ്ടുപോകുന്നത് ബ്രിട്ടന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കും എന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ താത്ക്കാലികമായി പൂട്ടിക്കിടക്കുന്ന പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങളും മറ്റും ഒരു പക്ഷെ എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടതായി വന്നേക്കും എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇടത്തരക്കാരേയും പാവപ്പെട്ടവരെയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിരിക്കുകയാണേന്നും, തൊഴിൽ നഷ്ടം ഒരു തുടർക്കഥയാകുന്നതോടെ ഇവർക്കിടയിലെ പ്രശ്നം രൂക്ഷമാകുമെന്നും ലോക്ക്ഡൗൺ ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെടുന്നവർ പറയുന്നു.

എന്നാൽ, ഇക്കാര്യത്തിൽ വളരെ കരുതലോടെ നീങ്ങാനാണ് ബോറിസ് ജോൺസൺ തീരുമാനിച്ചിരിക്കുന്നത്. വളരെ സാവകാശം, ഘട്ടം ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങൾ നീക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതനുസരിച്ച്, ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ നിയന്ത്രണങ്ങളോടെ ഒത്തുചേരുവാനുള്ള അനുമതി നൽകും ഈസ്റ്റർ ആകുമ്പോഴേക്കും വീടിനു പുറത്തുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമൊക്കെ ഒത്തുചേരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്ക്ഡൗൺ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തിങ്കളാഴ്‌ച്ച പ്രഖ്യാപിക്കും എന്ന് പ്രധാനമന്ത്രി പറാഞ്ഞിട്ടുള്ള മാർഗ്ഗനിർദ്ദേശരേഖ അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നും നാളെയുമായി ലഭിക്കുന്ന കണക്കുകൾ കൂടി പരിഗണിച്ചായിരിക്കും ഇതിന് അന്തിമ രൂപം നൽകുക. സ്‌കൂളുകൾ മാർച്ച് 8 ന് തന്നെ തുറക്കും എന്നകാര്യം ഉറപ്പായിട്ടുണ്ട്. അതോടൊപ്പം വാതില്പുറ കായിക വ്യായാമങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം.

അടുത്തമാസം അവസാനത്തോടെ ഗോൾഫ്, ടെന്നീസ് തുടങ്ങിയ കളികൾക്ക് അനുവാദം നൽകും. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ പക്ഷെ, ഈസ്റ്ററിനു ശേഷം മാത്രമെ തുറന്നു പ്രവർത്തിക്കാനിടയുള്ളു. എന്നു തുറക്കുമെന്നതിനെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുന്നത് ഹോസ്പിറ്റാലിറ്റി മേഖലയിലാണ്. തുറന്നാലും പത്ത് മണിക്ര്ഫ്യു പോലുള്ള നിയന്ത്രണങ്ങൾ തുടരുമോ എന്ന കാര്യത്തിലും ഉറപ്പില്ല. അതുപോലെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിമാനകമ്പനികളും ടൂറിസം മേഖലയും പൂർണ്ണമായും പ്രവർത്തനസജ്ജമാകാൻ ഇനിയും ഏറെ സമയം എടുക്കും എന്ന് സൂചിപ്പിക്കുന്നു.