- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗവ്യാപന നിരക്കിലും മരണ നിരക്കിലും വീണ്ടും കുറവ്; ജൂലായ് 31 ന് മുൻപായി 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സിൻ; നിയന്ത്രണങ്ങൾ നീക്കാൻ സമ്മർദ്ദമേറുന്നു; ആൽഫ്രെസ്കോ ഏപ്രിലിന് തുറക്കാൻ തയ്യാറെന്ന് റെസ്റ്റോറന്റുകൾ; ബ്രിട്ടനിലെ പുതിയ കോവിഡ് കാല വിശേഷങ്ങളിങ്ങനെ
ജൂലായ് അവസാനത്തോടെ ബ്രിട്ടനിലെ, 18 വയസ്സു പൂർത്തിയാക്കിയ എല്ലാവർക്കും ചുരുങ്ങിയത് ഒരു ഡോസ്സ് വാക്സിനെങ്കിലും നൽകിയിരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കാനിരിക്കെ, ഇതും നാളെ തന്നെ പ്രഖ്യാപിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ശരത്ക്കാലമെത്തുന്നതിനു മുൻപായി 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്നായിരുന്നു നേരത്തേ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ വാക്സിൻ പദ്ധതിയുടെ വൻവിജയവും പ്രതീക്ഷിച്ചതിലധികം വേഗത്തിൽ അത് മുന്നോട്ടുപോകുന്നതും ലക്ഷ്യം നേരത്തേ കൈവരിക്കാമെന്ന വിശ്വാസം സർക്കാരിന് നൽകുകയാണ്.
അതുപോലെ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം ഏപ്രിൽ 15 ന് മുൻപായി വാക്സിൻ നൽകാനാകും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. നേരത്തേ ഇത് മെയ് പകുതിയോടെ നൽകി പൂർത്തിയാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. ഈ പശ്ചാത്തലത്തിൽ, നേരത്തേ തീരുമാനിച്ചിരുന്നതുപോലെ മാർച്ച് 8 ന് തന്നെ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുപോലെ, കെയർഹോം അന്തേവാസികൾക്ക് സ്ഥിരമായി എത്തുന്ന ഒരു സന്ദർശകനെ അനുവദിക്കും. ഏപ്രിൽ ആദ്യത്തോടെ തന്നെ രണ്ട് വ്യത്യസ്ത കുടുംബങ്ങൾക്ക് വാതില്പുറ ഇടങ്ങളിൽ ഒത്തുചേരാനുള്ള അനുവാദം നൽകും.
അതിനു ശേഷമായിരിക്കും അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുക. തുടർന്ന് റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഔട്ട് ഡോർ സർവീസ് മാത്രം അനുവദിക്കും. മെയ് മാസമാകുമ്പോഴേക്കും ഹോസ്പിറ്റാലിറ്റി മേഖല പൂർണ്ണമായും പ്രവർത്തിക്കാൻ ആരംഭിക്കും. ഇന്ന് മുതിർന്ന മന്ത്രിമാരെ കണ്ടശേഷം ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നീക്കം ചെയ്യുവാനുള്ള പദ്ധതിക്ക് അവസാന രൂപം നൽകും. നാളെ പാർലമെന്റിൽ അവതരിപ്പിച്ചശേഷം നാളെ ഉച്ചയോടെ ഒരു ടെലിവിഷൻ സംപ്രേഷണത്തിലൂടെയായിരിക്കും പൊതുജനങ്ങളെ ഇക്കാര്യം അറിയിക്കുക.
65 നും 69 നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ടുഭാഗവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായി എൻ എച്ച് എസ് അറിയിച്ചു. അതേസമയം ചില വംശീയ ന്യുനപക്ഷങ്ങൾ വാക്സിനോട് മുഖം തിരിച്ചു നിൽക്കുന്നത് ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനെ വൈകിപ്പിച്ചേക്കാം എന്നൊരു ആശങ്ക ഉയര്ന്നുവന്നിട്ടുണ്ട്. ബിർമ്മിങ്ഹാമിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത്, 70 വയസ്സിനു മുകളിൽ പ്രായമുള്ള പാക്കിസ്ഥാനി-ബംഗ്ലാദേശി വംശജരില മൂന്നിലൊരു ഭാഗം വാക്സിൻ എടുത്തിട്ടില്ല എന്നാണ്. ആഫ്രിക്കൻ വംശജരായ കറുത്തവർഗ്ഗക്കാരിൽ 47 ശതമാനവും കരീബിയൻ വംശജാരായ കറുത്തവർഗ്ഗക്കാരിൽ 41 ശതമാനവും വാക്സിൻ സ്വീകരിച്ചിട്ടില്ല.അതേസമയം ബ്രിട്ടീഷ് വംശജരിൽ 9 ശതമാനം മാത്രമേ വാക്സിനോട് മുഖം തിരിച്ചു നിൽക്കുന്നുള്ളു.
നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കണമെന്ന് ആവശ്യം
ഇന്നലെ ബ്രിട്ടനിൽ 10,406 പേർക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം മരണനിരക്കിൽ കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതിനേക്കാൾ 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയത് 445 മരണങ്ങളായിരുന്നു. അങ്ങനെ കോവിഡുമായി ബന്ധപ്പെട്ട് പൊതുവേ നല്ല വാർത്തകൾ വരുവാൻ തുടങ്ങിയപ്പോൾ നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
കൊറോണ മുക്ത ലോകം എന്നത് വെറുമൊരു സ്വപ്നമാണെന്ന് തെളിഞ്ഞിരിക്കുന്നു. എന്നാൽ, ആധുനികശാസ്ത്രത്തിന്റെ സംഭാവനകളായ വിവിധ വാക്സിനുകൾ അതിനെ പ്രതിരോധിക്കുകയോ അല്ലെങ്കിൽ അതിന്റെ കാഠിന്യം കുറയ്കുവാനോ കെല്പുള്ളവയാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ നിയന്ത്രണങ്ങൾ അപ്പാടെ മാറ്റണമെന്നാൺ! ആവശ്യമുയരുന്നത്. കോവിഡ് മുക്ത ബ്രിട്ടൻ എന്നത് കേവലം ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും ഒരിക്കലും ശാസ്ത്രത്തിന് അത്തരത്തിലൊരു വാദം ഉയർത്താൻ കഴിയില്ലെന്നുമാണ് പ്രൊഫസർറോബർട്ട് ഡിങ്വാൽ പറയുന്നത്.
അത്തരമൊരു സാഹചര്യത്തിൽ നീണ്ടുപോകുന്ന നിയന്ത്രണങ്ങൾ കൊണ്ട് ജനങ്ങളുടെ വ്യക്തിജീവിതവും രാജ്യത്തിന്റെ സമ്പദ്ഘടനയും തകർക്കുന്നതെന്തിനാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഭരണകക്ഷി എം പി മാർ ഉൾപ്പടെ നിരവധിപേർ ഇത്തരത്തിലുള്ള അഭിപ്രായം വച്ചുപുലർത്തുന്നവരാണ്. എന്നാൽ, കരുതലോടെ നീങ്ങാൻ തന്നെയാണ് ബോറിസ് ജോൺസന്റെ ഉറച്ച തീരുമാനം. ഘട്ടം ഘട്ടമായി മാത്രമായിരിക്കും നിയന്ത്രണങ്ങൾ നീക്കുക. മാത്രമല്ല, റൂൾ ഓഫ് സിക്സും മാസ്‌കും കുറേനാൾ കൂടി ഇവിടെയുണ്ടാകുമെന്നും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
ഔട്ട്ഡോർ ഡൈനിംഗിന് തയ്യാറെന്ന് ഹോസ്പിറ്റാലിറ്റി മേഖല
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കാനിരിക്കെ വാതിൽപ്പുറയിടങ്ങളിൽ ഭക്ഷണം വിളമ്പാൻ തങ്ങൾ സജ്ജമാണെന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖർ പറയുന്നു. ഇതിനായി, തങ്ങൾ മാസങ്ങളോളമായി തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു എന്നും അവർ പറഞ്ഞു. ഈസ്റ്ററിനു മുൻപായി പ്രവർത്തിക്കാനുള്ളാ അനുമതി നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നതെങ്കിലും ഏപ്രിൽ 15 ന്ശേഷം മാത്രമേ ഈ മേഖലയ്ക്ക് പ്രവർത്തനാനുമതി നൽകൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സ്‌കൂളുകൾ തുറക്കുന്നത് രോഗവ്യാപനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദമായി പഠിക്കുവാനുള്ള സമയം കണ്ടെത്താനാണ് ഹോസ്പിറ്റാലിറ്റി സെക്ടർ പ്രവർത്തിക്കുന്നത് വൈകിക്കുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് 72 ബില്ല്യൺ പൗണ്ടിന്റെ നഷ്ടവും ഒരു ദശലക്ഷത്തിലധികം തൊഴിൽ നഷ്ടങ്ങളും അഭിമുഖീകരിക്കേണ്ടിവന്ന ഈ മേഖലയുടെ പ്രതിനിധികൾ കഴിഞ്ഞയാഴ്‌ച്ച സർക്കാരിനെ സമീപിച്ചിരുന്നു. ഏപ്രിൽ 1 മുതൽ തുറന്നു പ്രവർത്തിക്കുവാനുള്ള പത്തിന പരിപാടികൾ അവർ സർക്കാരിന് സമർപ്പിച്ചിട്ടുമുണ്ട്.