കോഴിക്കോട്: കോവിഡ് വാക്‌സീൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാർത്ഥിനി മരിച്ചത് പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ മൂലമെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ (24) ആണ് കോവിഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്.

പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയത് പരിയാരം മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥയാണെന്ന് പെൺകുട്ടിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. വാക്‌സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണ് മിതയുടെ മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു. കോവിഡ് വാക്‌സിൻ എടുക്കുമ്പോൾ പെൺകുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. വാക്‌സിൻ എടുത്തതിന് പിന്നാലെ പെൺകുട്ടി അവശനിലയിലാകുകയും മരണം സംഭവിക്കുകയും ആയിരുന്നു.

പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥിനിയായിരുന്നു മരിച്ച മിതാ മോഹൻ. വാക്‌സീൻ എടുത്തതിനു പിന്നാലെ മിതയ്ക്ക് തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്‌സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്‌സീൻ എടുത്ത ശേഷമുള്ള പ്രശ്‌നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ മിതയ്ക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന് കുടുംബം ആരോപിച്ചു.

ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർത്ഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചു.