- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേപ്പാളിൽ 40 വയസ്സിൽ താഴെയുള്ള സ്ത്രീകൾ വിദേശ യാത്രയ്ക്ക് മാതാപിതാക്കളുടെ അനുമതി നേടണം; സ്ത്രീവിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധവുമായി വനിതാ സംഘടനകൾ
നേപ്പാളിൽ 40 വയസ്സിൽ താഴെയുള്ള സ്ത്രീകൾ വിദേശ യാത്ര നടത്തുന്നതിന് മാതാപിതാക്കളുടെ അനുമതി നേടണമെന്ന് വ്യവസ്ഥ. ആദ്യമായി വിദേശത്ത് പോകുന്ന സ്ത്രീകൾ തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും അനുമതി പത്രം ഹാജരാക്കണമെന്നാണ് ഇമിഗ്രേഷൻ വിഭാഗം ആവശ്യപ്പെടുന്നത്. ഇതിനായി നിയമനിർമ്മാണം നടത്താൻ ഒരുങ്ങുകയായണ് സർക്കാർ. എന്നാൽ ഇത് തികച്ചും സ്ത്രീ വിരുദ്ധതയാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി വനിതാ സംഘടനകൾ രംഗത്തെത്തി.
തികച്ചും സ്ത്രീവിരുദ്ധമായ ഈ നിയമം നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഇമിഗ്രേഷൻ വകുപ്പിനു മുന്നിലേക്ക് സ്ത്രീകൾ മാർച്ച് നടത്തി. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും നിയമം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ മേധാവിത്വ ചിന്താഗതി പുലർത്തുന്നവരാണെന്നും നേപ്പാളിലെ പ്രമുഖ വനിതാ സംഘടനയായ വിമൻ ലീഡ് നേപ്പാളിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഹിമ ബിസ്ത പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടിയാണിതെന്നും നേപ്പാൾ മുൻ ഇലക്ഷൻ കമ്മിഷനർ ഇള ശർമ പറഞ്ഞു.
യുവതികൾ ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കു പോകുന്നതും നേപ്പാൾ നേരത്തെ നിരോധിച്ചിരുന്നു. അതേസമയം നേപ്പാളിൽ നിന്നും സ്ത്രീകളെ മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നതാണ് ഇങ്ങനെ ഒരു നിയമ നിർ്മമാണത്തിന് ഒരുങ്ങുന്നതെന്നാണ് വിശദീകരണം. കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടെ പ്രായ പൂർത്തിയായ പതിനയ്യായിരത്തോളം യുവതികളെ മനുഷ്യക്കടത്തു സംഘം വിദേശത്തേക്കു കടത്തിയതായാണ് കണക്ക്. ഇത് കൂടാതെ, പ്രായപൂർത്തിയാകാത്ത മറ്റ് അയ്യായിരത്തോളം പെൺകുട്ടികളും ചതിയിൽപ്പെട്ടു വിദേശങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
ടൂറിസ്റ്റ് വീസയിൽ കാഠ്മണ്ഡുവിൽ നിന്നു വിമാനം കയറിയ നിരവധി പെൺകുട്ടികൾ ഗൾഫ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ലൈംഗിക അടിമകളാക്കപ്പെട്ടുവെന്നാണ് നേപ്പാൾ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട്. ഈ മനുഷ്യക്കടത്ത് മാഫിയയെ ഇല്ലാതാക്കാൻ രാജ്യത്ത് പുതിയൊരു നിയമം പാസാക്കണമെന്നും നേപ്പാൾ ഇമിഗ്രേഷൻ വകുപ്പ് സർക്കാരിനു ശുപാർശ നൽകിയിട്ടുണ്ട്.
2017ൽ, യുവതികൾ ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കു പോകുന്നതു നിരോധിച്ചുകൊണ്ട് നേപ്പാൾ ഗവൺമെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇങ്ങനെ കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ രേഖകളില്ലാതെ വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുമെന്നും അതിനാൽ റിക്രൂട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സൗത്ത് ഏഷ്യ ഡയറക്ടർ മീനാക്ഷി ഗാംഗുലി പറഞ്ഞു.