അടിമാലി: ഇന്നലെ അടിമാലിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പൊലിഞ്ഞത് നവവധു. ഭർത്താവിനൊപ്പം ചിന്നപ്പാറയിലെ വീട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവതി തെറിച്ചുവീണു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുക ആയിരുന്നു. അടിമാലി ചിന്നപ്പാറ ആദിവാസി കുടിയിൽ നിന്നുള്ള കണ്ടത്തിൻകര അനുവിന്റെ ഭാര്യ ശാന്തിനി (27) ആണ് അതിദാരുണമായി മരിച്ചത്.

അടിമാലി കുമളി ദേശീയ പാതയിലെ ആയിരമേക്കർ തെക്കേ കത്തിപ്പാറ ജംക്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. കഴിഞ്ഞ ശനിയാഴ്ച കട്ടപ്പനയിൽ പിഎസ്‌സി പരീക്ഷ എഴുതിയ ശേഷം ശാന്തിനി മുരിക്കാട്ടുകുടിയിലെ സ്വന്തം വീട്ടിലായിരുന്നു ശാന്തിനി.

ഇന്നലെ ഭർത്താവ് അനുവിനൊപ്പം ചിന്നപ്പാറയിലേക്കു പോകവേയാണ് അപകടം. കാർ ശരിയായ ദിശയിൽ ആയിരുന്നില്ലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ശാന്തിനി അപകടസ്ഥലത്തു തന്നെ മരിച്ചു. അനുവിനു സാരമായ പരുക്കുകളുണ്ട്. 4 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.