ലോസ് ഏഞ്ചലസ്സിലേക്ക് പോകുന്നവഴി കാർ അപകടത്തിൽ പെട്ട പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. ജീവന് ഭീഷണി ഉയർത്തുകയില്ലെങ്കിലും മറ്റുവിധത്തിൽ ഗുരുതരമായ നിരവധി പരിക്കുകളാണ് അപകടത്തിൽ താരത്തിന് പറ്റിയിട്ടുള്ളത്. അസ്ഥികളുടെ ഒടിവും കാൽക്കുഴ പൊട്ടിയതുമെല്ലാം ഇതിൽ ഉൾപ്പെടും. തന്റെ ജെനെസിസ് ജി വി 80 സ്വയം ഓടിച്ചുകൊണ്ടുപോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടപ്പോഴും അദ്ദേഹത്തിന് ബോധം നശിച്ചിരുന്നില്ല.

അപകടം സംഭവിക്കുമ്പോൾ ടൈഗർ വുഡ് അമിതവേഗത്തിലായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ഷെറീഫ് അലക്സ് വില്ലാനുയേവ പറയുന്നു. മാത്രമല്ല, അപകടം നടന്ന സ്ഥലം അപകട സാധ്യത വർദ്ധിച്ച ഒരിടം കൂടിയാണ്. കൂടെക്കൂടെ ഇവിടെ അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും വില്ലാനുയേവ പറയുന്നു. ഏതായാലും കാലാവസ്ഥ അപകടത്തിന് ഒരു കാരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിൽ വാഹനം സ്‌കിഡ് ചെയ്തതിന്റെയോ ബ്രേക്ക് ചെയ്തതിന്റെയോ അടയാളങ്ങളില്ല. കർബിൽ ഇടിച്ച്, പിന്നീട് ഒരു മരത്തിൽ ഇടിച്ച്, പിന്നെട് ധാരാളം തവണ മലക്കം മറിയുകയായിരുന്നു വാഹന. അപകടത്തിന് ദൃക്സാക്ഷിയായ ഒരാളായിരുന്നു 911 വിളിച്ചത്. സെക്കന്റുകൾക്കകം അധികൃതർ സംഭവസ്ഥലത്തെത്തി.

ഈ അപകടം കണ്ട് അത് എന്തെന്നറിയുവാൻ വേഗതകുറച്ച മറ്റൊരു കാറും അപകടത്തിലായി. എന്നാൽ ഇതിൽ ആർക്കും പരിക്കുകളൊന്നുമില്ല. ഹാലജൻ ടൂളുകൾ ഉപയോഗിച്ച് ഡോൾ മുറിച്ചാണ് രക്ഷാപ്രവർത്തകർ വുഡ്സിന്റെ കാറിൽ നിന്നും പുറത്തെടുത്തത്. അതിനുശേഷം ഏറ്റവും അടുത്തുള്ള ഹാർബർ-യു സി എൽ എ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയ അദ്ദേഹം , ഇതെഴുതുമ്പോളും ശസ്ത്രക്രിയയ്ക്ക് വിധേയനായി കൊണ്ടിരിക്കുന്നു. കാൽക്കൊഴ തകർന്ന് ചിതറിപ്പോയതായിട്ടാണ് വുഡ്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അത് കൂട്ടിവയ്ക്കുന്ന ശസ്ത്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.

ഗോൾഫ് ടിവിയുടെ ഒരു പ്രോഗ്രാം ഷൂട്ടിനായി റോളിങ് ഹിൽസ് കൺട്രി ക്ലബ്ബിലേക്ക് പോവുകയായിരുന്നു വുഡ്സ്. ഗോൾഫിന്റെ പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു സീരീസ് ആയിരുന്നു ഇത്. ഇതിന്റെ ആദ്യഭാഗത്തിൽ ജാദ പിങ്കെറ്റ് സ്മിത്ത്, ഡ്വാനെ വേഡ്, ഡേവിഡ് സ്പേഡ് എന്നിവർക്കൊപ്പം തിങ്കളാച്ച ഷൂട്ടിംഗിൽ വുഡ്സും പങ്കെടുത്തിരുന്നു. ചൊവ്വാഴ്‌ച്ച എൻ എഫ് എൽ താരങ്ങളായ ഡ്രൂ ബ്രീസ്, ജുസ്റ്റിൻ ഹേർബെർട്ട് തുടങ്ങിയവരോടൊത്തുള്ള എപിസോഡായിരുന്നു ഷൂട്ട് ചെയ്തത്. ഫ്ളോറിഡയിലാണ് സ്ഥിരതാമസമെങ്കിലും പി ജി എ ജെനെസിസ് ഇൻവിറ്റേഷണൽ ടൂർണമെന്റിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് അദ്ദേഹം കാലിഫോർണീയയിൽ താമസിക്കുകയായിരുന്നു. അദ്ദേഹത്തിന് ഓടിക്കാൻ ജെനെസിസ് നൽകിയ ജി വി 80 ആണ് അപകടത്തിൽ പെട്ടത്.

അപകടത്തിന്റെ യഥാർത്ഥ കാരണം എന്തെന്ന് അറിവായിട്ടില്ല. 2017-ൽ ഫ്ളോറിഡയിലെ ജുപീറ്ററിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് വുഡ്സിന്റെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇന്നലത്തെ അപകടത്തിൽ ആൽക്കഹോളിന് പങ്കില്ല എന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട് പറയുന്നത്. അടുത്തയിടെ നടുവിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ വുഡ്സ് അതിനുശേഷം മത്സരങ്ങളിൽ നിന്നും താത്ക്കാലികമായി ഒഴിഞ്ഞു നിൽക്കുകയായിരുന്നു. വുഡ്സിനൊപ്പം താമസിക്കുന്ന പെൺസുഹൃത്ത് എറിക്ക ഹെർമൻ ഇപ്പോൾ ആശുപത്രിയിലുണ്ട്.