കിളിമാനൂർ: ചൊവ്വാഴ്ച വൈകിട്ട് കിളിമാനൂരിൽ മകളുടെ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യാ പിതാവ് മരിച്ച സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമായി ഉണ്ടായ അപകടമല്ല, മറിച്ച് മരുമകൻ നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഭാര്യാപിതാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ മടത്തറ തുമ്പമൺതൊടി എഎൻഎസ് മൻസിലിൽ യഹിയയെ (75) കൊലപ്പെടുത്തിയെന്ന കേസിൽ മരുമകൻ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം.അബ്ദുൽ സലാം (52) ആണ് അറസ്റ്റിലായത്.

യഹിയയെ കൊല്ലാൻ മനഃപൂർവ്വം അബ്ദുൾ സലാം കാർ ശക്തിയായി ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. അബ്ദുൾ സലാമും ഭാര്യയുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്്. ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ അബ്ദുൾ സലാം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സ്വന്തം മകന്റെ ശരീരത്തിലും കാർ ഇടിപ്പിച്ചു. യഹിയയുടെ ചെറുമകനും കാർ ഓടിച്ചിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സൽ (14) ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

തട്ടത്തുമല പാറക്കടയിൽ ചൊവ്വ വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. അപകടം നടന്നതിന് പിന്നാലെ തന്നെ നാട്ടുകാർ കൊലപാതക ശ്രമമാണെന്ന സംശയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് അബ്ദുൾ സലാം അറസ്റ്റിലായത്. 9 മാസമായി അബ്ദുൽസലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. കൊട്ടാരക്കര കുടുംബ കോടതിയിൽ കേസും നിലവിലുണ്ട്. സലാം തന്റെ വസ്തുക്കൾ സഹോദരങ്ങളുടെയും മറ്റും പേരിലേക്കു മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്ന് 23ന് സ്റ്റേ വാങ്ങി. ഈ ഉത്തരവു നടപ്പാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്കു പോകാൻ ഭാര്യാപിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി തട്ടത്തുമലയിൽ എത്തിയപ്പോഴാണ് കാറിടിപ്പിച്ചത്.

കൊല്ലണമെന്ന ഉദ്ദേശത്തോടെ സലാം കാറിൽ ഇവരെ പിൻതുടർന്നെത്തിയ ശേഷം മകനെയും ഭാര്യാ പിതാവിനെയും കാർ കൊണ്ട് ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. പാറക്കടയിൽ റോഡിൽ യഹിയയും അഫ്‌സലും നിൽക്കുന്നതു കണ്ട് കാറിന്റെ വേഗം കൂട്ടി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരിച്ചു. ഭാര്യ: ഷെരീഫ. മക്കൾ: നിസ, അനീസ, സിയാദ്. കബറടക്കം നടത്തി. പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് കോടതിയിൽ ഹാജരാക്കി.

സാഹചര്യത്തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. ചികിത്സയിൽ കഴിയുന്ന അഫ്‌സലിന്റെ മൊഴിയും പിതാവിനു കുരുക്കായി.