കോഴിക്കോട്; ഇന്ത്യൻ എയർപോർട്ടുകളിൽ ഇറങ്ങുന്ന വിദേശയാത്രക്കാർക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ രണ്ടാമതും പി സി ആർ ടെസ്റ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ ഇതിനോടകം രംഗത്ത് വന്നു.

അതേ സമയം നടപടി പിൻവലിക്കാനോ തീരുമാനത്തിൽ അയവുവരുത്താനോ കഴിയില്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ കോഴിക്കോട് വെച്ച് വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ പരിശോധനകൾ വേണ്ടി വരുമെന്നും ജാഗ്രതയുടെ ഭാഗമായുള്ള മാർഗ്ഗ നിർദ്ദേശമാണ് കേന്ദ്രം നൽകുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നടപടി കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണെന്ന് മലപ്പുറം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രവാസി സംഘടനകളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. കെഎംസിസി, മലബാർ ഡവലപ്മെന്റ് ഫോറം തുടങ്ങിയ സംഘടനകളെല്ലാം കേന്ദ്ര സർക്കാറിന് ഇതു സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. കോഴിക്കോട് എംപി എംകെ രാഘവനും ഇക്കാര്യം ഉന്നയിച്ച് സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്.

പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നതോടെ പ്രവാസി യാത്രക്കാരും ആശങ്കയിലായിരിക്കുകയാണ്. ഫെബ്രുവരി 23 മുതൽ നിയമം പ്രാബല്യത്തിൽ വന്നതോടെ നാട്ടിൽ ഇറങ്ങുന്ന പ്രവാസികൾക്ക് ഇനി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിസൽറ്റും മോളിക്യുലാർ ടെസ്റ്റും നിർബന്ധമായിരിക്കുകയാണ്. പി സി ആർ ടെസ്റ്റ് ചാർജ്ജിനു പുറമെ നാട്ടിലെത്തുന്ന സമയം എയർപോർട്ടിൽ വെച്ച് നടത്തുന്ന മോളിക്യുലാർ ടെസ്റ്റിനുള്ള തുകയും യാത്രക്കാർ സ്വന്തം പോക്കറ്റിൽ നിന്നും നൽകേണ്ടി വരുമെന്നത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്കായിരിക്കും ഇത് വലിയ തിരിച്ചടിയാകുക.5000 രൂപയോളം മുടക്കിയാണ് പ്രവാസികൾ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കരസ്ഥമാക്കുന്നത്.അതേ സമയം പുതിയ നിബന്ധനകളും മറ്റും കാരണമായി പല പ്രവാസികളും നാട്ടിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര മാറ്റി വെക്കാൻ നിർബന്ധിതരാവുകയാണ്.നാട്ടിൽ ജാഥയും സമരങ്ങളും നിയന്ത്രണങ്ങളില്ലാതെ തുടരുമ്പോഴാണ് പ്രവാസികളുടെ മടക്കത്തിന് നിബന്ധനയേറുന്നത്. 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയിൽ വച്ച് ഇരുപത്തിനാല് മണിക്കൂർ തികയുന്നതിനു മുമ്പ് നാട്ടിലെത്തിയാൽ വീണ്ടും കാശ്കൊടുത്തു പരിശോധന നടത്തുന്നത് എന്തിനാണെന്നാണ് പ്രവാസികൾ ചോദിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുമായി വിദേശത്ത് നിന്ന് മടങ്ങിവരുന്ന യാത്രക്കാർക്ക് ഇത് അധിക ഭാരമാണ്. കോവിഡ് മൂലം ജോലി നഷ്ടമായവർ, ശമ്പളം വെട്ടികുറച്ചവർ, ബിസിനസ് പരാജയം മൂലം പ്രതിസന്ധിയിലായവർ അങ്ങനെ ഭൂരിഭാഗം പേരും സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ്. അതിനാൽ വിമാനത്താവളത്തിലെ പണമടച്ചുള്ള പിസിആർ പരിശോധന പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് പ്രവാസികളും വിവിധ പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നത്.

എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തി രാഷ്ട്രീയ പാർട്ടികളുടെ ജാഥകളും സമരങ്ങളും കൊടുമ്പിരികൊള്ളുമ്പോൾ രോഗവ്യാപന നിരക്ക് കുറഞ്ഞ ഗൾഫിൽ നിന്നും വ്യാപന നിരക്ക് കൂടുതലുള്ള നാട്ടിലേക്ക് വന്ന നെഗറ്റീവ് റിസൽട്ട് കയ്യിലുള്ള പവാസി യാത്രക്കാർക്ക് വീണ്ടും സാമ്പത്തികവും, സമയനഷ്ടവും അടിച്ചേൽപ്പിക്കുന്ന ഈ നടപടി പുനഃപരിശോധിക്കണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.