കൊച്ചി: സഭയുടെ നന്മയ്ക്ക് എന്നവകാശപ്പെടുന്ന മൗലികവാദത്തിനും അസഹിഷ്ണുതയ്ക്കും പ്രകോപനപരമായ പ്രവർത്തനങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നു സിറോ മലബാർ സർക്കുലർ. കഴിഞ്ഞ മാസം സമാപിച്ച സിനഡിന്റെ തീരുമാനങ്ങൾ ഉൾപ്പെടുന്ന സർക്കുലറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മൗലികവാദങ്ങൾ സമൂഹത്തിന്റെ ഭദ്രതയ്ക്കും സമുദായസൗഹാർദത്തിനും ഹാനികരമാണ്. മറ്റു മതങ്ങളുമായുള്ള ബന്ധം, ആരാധനാക്രമം, കരിസ്മാറ്റിക് നവീകരണം തുടങ്ങിയ മേഖലകളിൽ മൗലികവാദം ഉണ്ടാകുന്നതായി സിനഡ് വിലയിരുത്തി. അസഹിഷ്ണുതയുള്ള നിലപാടുകളും പ്രവർത്തനങ്ങളും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു. അതിന്റെ അപകടങ്ങൾ ദൂരവ്യാപകമാകയാൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നു സർക്കുലർ വായിച്ച് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശദീകരിച്ചു.

സഭാംഗങ്ങളുടെ മൃതദേഹം ദഹിപ്പിക്കുമ്പോൾ സിനഡ് അംഗീകരിച്ച പ്രാർത്ഥനാക്രമം അനുഷ്ഠിക്കണം. കുർബാനകളിലെ പരമ്പരാഗത വായനാപഞ്ചാംഗത്തിനൊപ്പം മറ്റൊന്നുകൂടി സിനഡ് അംഗീകരിച്ചു. അടുത്ത ആരാധനാക്രമവർഷത്തിൽ ഇതുപയോഗിക്കണം. പ്രാധാന്യത്തിന് അനുസൃതമായി ക്രമീകരിച്ച തിരുനാൾ പട്ടികയ്ക്കും അംഗീകാരമായി.

മറ്റു തീരുമാനങ്ങൾ: സിറോ മലബാർ യൂത്ത് മൂവ്‌മെന്റിൽ 15 മുതൽ 30 വരെ പ്രായക്കാർ അംഗമാകണം. 30 പൂർത്തിയായവർ കത്തോലിക്കാ കോൺഗ്രസിലൂടെ സഭാശുശ്രൂഷയിൽ സജീവമാകണം. സഭയുടെ പ്രബോധനങ്ങൾക്കും നേതൃത്വത്തിനും എതിരായ നിലപാടുള്ളവരെ തിരുത്താനും ആവശ്യമെങ്കിൽ സഭാനിയമമനുസരിച്ചു ശിക്ഷിക്കാനും രൂപതാധ്യക്ഷന്മാരെ സിനഡ് ചുമതലപ്പെടുത്തി.