- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉള്ളടക്കം പങ്കിടുന്നതിന് ഗൂഗിളിനോട് പ്രതിഫലം തേടി ഇന്ത്യൻ ദിനപത്രങ്ങളും; ലാഭത്തിന്റെ 85 ശതമാനം നൽകണമെന്ന് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി
ന്യൂഡൽഹി: ഉള്ളടക്കം പങ്കിടുന്നതിന് പ്രതിഫലം നൽകണമെന്ന് ഗൂഗിളിനോട് ഇന്ത്യൻ ദിനപത്രങ്ങൾ ആവശ്യപ്പെട്ടു. വാർത്താമാധ്യമങ്ങളുടെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ 85 ശതമാനം വിഹിതം നൽകണമെന്നാണ് ഇന്ത്യയിലെ 800 ഓളം പ്രസാധകരെ പ്രതിനിധീകരിച്ച് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐഎൻഎസ്) ആവശ്യപ്പെട്ടിരിക്കുന്നത്. സെർച്ച് എൻജിൻ ഭീമനായ ഗൂഗിളുമായി ആഗോളതലത്തിൽ മാധ്യമ സ്ഥാപനങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ ചുവടുപിടിച്ചാണ്് ഉള്ളടക്കം പങ്കിടുന്നതിന് പ്രതിഫലം തേടി ഇന്ത്യൻ ദിനപത്രങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതിഫലം ആവശ്യപ്പെട്ട് ഐഎൻഎസ് ഗൂഗിളിനു കത്തു നൽകി. ഓസ്‌ട്രേലിയൻ സർക്കാരും ഫേസ്‌ബുക്കും തമ്മിൽ ഈ വിഷയത്തിൽ നടക്കുന്ന തർക്കങ്ങൾക്കിടെയാണ് ഐഎൻഎസ് ഇക്കാര്യം ആവശ്യപ്പെട്ട് ഗൂഗിളിനു കത്തു നൽകിയിരിക്കുന്നത്. ''ആയിരക്കണക്കിന് ജേണലിസ്റ്റുകളെ നിയോഗിച്ച് നടത്തുന്ന വാർത്താശേഖരണത്തിന്റെ ചെലവാണ് ആവശ്യപ്പെടുന്നതെന്ന്'' കത്തിൽ പറയുന്നു.
''വലിയ തുക ചെലവിട്ട് നടത്തുന്ന പ്രയത്‌നത്തിന്റെ കൂടി ഭാഗമായാണ് വാർത്താശേഖരണം നടത്തുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം അതാത് ദിനപത്രങ്ങൾക്കാണ്. ഇത്തരത്തിൽ ഉത്തരവാദത്തോടെ, വിശ്വാസം ഉറപ്പിച്ചെടുക്കുന്ന ഉള്ളടക്കമാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ ഗൂഗിളിന്റെയും സ്വീകാര്യത ഉറപ്പിച്ചതെന്ന്'' ഐഎൻഎസ് പ്രസ്താവനയിൽ വ്യക്തമാക്കി.
''പരസ്യങ്ങളാണ് വാർത്താ മാധ്യമ വ്യവസായത്തിന് സാമ്പത്തിക പിൻബലമേകുന്നത്. എന്നാൽ ഡിജിറ്റൽ ലോകത്ത് ദിനപത്രങ്ങളുടെ പ്രസാധകർക്ക് വേണ്ടത്ര പരസ്യവിഹിതം ലഭിക്കുന്നില്ല. പരസ്യവരുമാനത്തിന്റെ 'ഭീമമായ ഭാഗം' ഗൂഗിൾ കയ്യടക്കുമ്പോൾ പ്രസാധകർക്ക് താരതമ്യേന കുറവു വിഹിതമാണ് ലഭിക്കുന്നതും. ഒട്ടും സുതാര്യമല്ലാത്ത നയമാണ് ഇക്കാര്യത്തിൽ ഗൂഗിൾ സ്വീകരിക്കുന്നതെന്നും ഐഎൻഎസ് വ്യക്തമാക്കി.
ഉള്ളടക്കം എടുക്കുന്നതിന് ഗൂഗിളും ഫേസ്‌ബുക്കും മാധ്യമസ്ഥാപനങ്ങൾക്ക് മതിയായ പ്രതിഫലം നൽകണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ പാർലമെന്റ് വ്യാഴാഴ്ച നിയമം പാസാക്കിയിരുന്നു. ഇതിനു സമാനമായി ആഗോളതലത്തിൽ പല രാജ്യങ്ങളും നിയമനിർമ്മാണങ്ങൾക്ക് ഒരുങ്ങുന്നതായാണ് സൂചന. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പല പ്രാദേശിക മാധ്യമസ്ഥാപനങ്ങൾക്കും ഇത്തരം നിയമനിർമ്മാണം സഹായകമാകുമെന്നാണ് വിലയിരുത്തൽ.