- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് കപ്പ് നടത്താൻ അനുമതി നൽകി പത്തു വർഷം പൂർത്തിയാകുമ്പോൾ ദോഹ സ്റ്റേഡിയം നിർമ്മാണത്തിന് ബലിയാടായത് 6500 കുടിയേറ്റക്കാർ; സൗകര്യങ്ങൾ ഇല്ലാതെ വെയിലത്തു വാടി മരിച്ചത് ഇന്ത്യാക്കാർ അടങ്ങിയ പാവങ്ങൾ; ഖത്തറിനെ നാണംകെടുത്താൻ ഒരു റിപ്പോർട്ട്
സമ്പന്നരുടെ ആഹ്ലാദം ആരംഭിക്കുന്നത് പാവപ്പെട്ടവരുടെ കണ്ണുനീരോടെയാണെന്ന ബ്രിട്ടീഷ് ചരിത്രകാരൻ തോമസ് ഫുള്ളറുടെ വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു റിപ്പോർട്ടാണ് ഖത്തറിൽ നിന്നും വരുന്നത്. കഴിഞ്ഞ ഒരു പതിറ്റണ്ടിലേറെ കാലമായി 2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുള്ള വേദിയൊരുക്കുന്ന ജോലിക്കിടെ 6,500 ൽ അധികം കുടിയേറ്റത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു എന്നുള്ള ഞെട്ടിക്കുന്ന വിവർമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രഖ്യാപനം വന്ന 2010 ഡിസംബറിനു ശേഷം ഓരോ ആഴ്‌ച്ചയിലും ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞത് 12 പേർ വീതമെങ്കിലും ഓരോ ആഴ്‌ച്ചയിലും മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള കണക്കുകളാണിത്. എന്നാൽ ഒരുക്കങ്ങൾക്കിടയിൽ ജീവൻ പൊലിഞ്ഞ കുടിയേറ്റക്കാരുടെ എണ്ണം ഇതിലും അധികം വരുമെന്നതാണ് യാഥാർത്ഥ്യം. ഖത്തറിലേക്ക് നിർമ്മാണപ്രവർത്തനങ്ങൾക്കായി ധാരാളം തൊഴിലാളികളെ അയച്ച ഫിലിപ്പൈൻസ്, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
ഏകദേശം 2.8 മില്ല്യൺ ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏഴ് പുതിയ സ്റ്റേഡിയങ്ങളും, ഒരു പുതിയ സബ് വേ, വിമാനത്താവളം എന്നിവയും മോട്ടോർവേകളും നിർമ്മിച്ചു. ഇതിനൊക്കെ പുറമേ 2022 വേനലിലെ ഫുട്ബോളിന്റെ പറുദീസയാകുവാനായി ഒരു പുതിയ നഗരം തന്നെ നിർമ്മിക്കപ്പെട്ടു. എന്നാൽ, ഈ പറുദീസക്ക് പിന്നിൽ ഒഴുകിയത് പാവപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ കണ്ണുനീരും വിയർപ്പും മാത്രമല്ല, അവരുടെ രക്തം കൂടിയാണെന്ന വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കത്തുന്ന വെയിലിൽ പകലു മുഴുവൻ പണിയെടുക്കാൻ വിധിക്കപ്പെട്ട ഈ നിസ്സഹായരെ രാത്രികാലങ്ങളിൽ കൊണ്ടുപോയി തള്ളുന്നത് അത്യന്തം ഭീകരമായ അന്തരീക്ഷത്തിലുള്ള ഡോർമിറ്ററികളിലാണ്. തൊഴിലിന്റെ അടിസ്ഥാനത്തിൽ മരണമടഞ്ഞവരുടെ കണക്കെടുത്തില്ലെങ്കിലും, ഈ തൊഴിലാളികൾ മരണമടഞ്ഞത് ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിർമ്മാണവേളയിലാണെന്ന് ഫെയർ സ്‌ക്വയർ പ്രൊജക്ട് ഡയറക്ടർ മെക് ഗീഹാൻ പറയുന്നു. ഗൾഫ് രാജ്യങ്ങളുടെ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തുന്ന സംഘടനയാണ് ഫെയർ സ്‌ക്വയർ പ്രൊജക്ട്സ്.
2011 മുതൽ ഖത്തറിൽ മരണമടഞ്ഞ കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും, 2022-ലെ ലോകകപ്പ് നടത്താനുള്ള ഭാഗ്യം ഖത്തറിന് ലഭിച്ചതുകൊണ്ട് മാത്രം ഇവിടെയെത്തിയവരാണ് എന്നാണ് മെക് ഗീഹാൻ പറയുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ലോകകപ്പിനുള്ള നിർമ്മാണത്തിനിടെ മരണമടഞ്ഞത് 37 പേർ മാത്രമാണ്. ഇതിൽ 34 മരണങ്ങളും നടന്നത് തൊഴിലിടത്തോ അല്ലെങ്കിൽ തൊഴിൽ സമയത്തോ അല്ല. ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, വിദൂരപൂർവ്വ ദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 2 ദശലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഖത്തറിലുള്ളത്.
മാധ്യമങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്, ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളുടെ മരണവും സ്വാഭാവിക മരണമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ, നേപ്പാളി, ബംഗ്ലാദേശി തൊഴിലാളികളിൽ മൂന്നിൽ രണ്ടു ഭാഗം ആളുകളുടെ മരണവും സ്വാഭാവികമരണമായാണ് കാണിച്ചിരിക്കുന്നത്. ഇതിൽ 80 ശതമാനത്തോളം പേർ ഇന്ത്യാക്കാരാണ്. ഇത്തരം മരണങ്ങളിൽ പലതിലും ഓട്ടോപ്സി നടത്താതിനാൽ യഥാർത്ഥ മരണകാരണം അറിയുകയുമില്ല. 45 ഡിഗ്രി വരെയുള്ള ജീവനെടുക്കുന്ന ചൂടിൽ ദിവസേന 10 മണിക്കൂർ വരെ ജോലിചെയ്യുന്നതാണ് ഭൂരിഭാഗം മരണങ്ങളുടെയും അടിസ്ഥാന കാരണം എന്നാണ് അനുമാനിക്കപ്പെടുന്നത്.
നേരത്തേ അധികാരികൾ, തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് പറഞ്ഞിരുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ രാവിലെ 11.30 നും 3 മണിക്കും ഇടയിൽ തണലില്ലാത്ത തുറസ്സായ ഇടങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ സമയപരിധിക്ക് പുറത്തും പല ദിവസങ്ങളിലും കഠിനമായ ചൂട് അനുഭവപ്പെട്ടിരുന്നു എന്ന് രേഖകൾ കാണിക്കുന്നു. ഖത്തറിലെ തൊഴിലാളീകൾ അവരുടെ പകുതിയോളം പ്രവർത്തി സമയം, സൂര്യാഘാതം പോലുള്ള അപകടങ്ങൾക്ക് ഇരയാകാൻ ഇടയുള്ളവരാണെന്ന ഒരു റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയും കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു.
കടുത്ത ചൂടിൽ ദീർഘനേരം ജോലിചെയ്യുന്നത് മനുഷ്യന്റെ കാർഡിയോ വാസ്‌കുലാർ സിസ്റ്റത്തിനെ പ്രതികൂലമായി ബാധിക്കും. ഹൃദയസ്തംഭനം പോലെ മരണകാരിയായ രോഗങ്ങൾക്ക് ഇത് കാരണമായേക്കാം. ഇത്തരത്തിൽ മരണം സംഭവിക്കുന്നതിനാലാണ് മിക്ക മരണങ്ങളും സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞതെന്നും വിമർശനമുയരുന്നുണ്ട്.
മരണസംഖ്യയുടെ കാര്യത്തിൽ ഖത്തർ സർക്കാർ തർക്കിക്കുന്നില്ലെങ്കിലും, രാജ്യത്തുള്ള മൊത്തം കുടിയേറ്റക്കാരുടെ എണ്ണത്തിന് ആനുപാതികമായി നോക്കിയാൽ ഇതൊരു വലിയ സംഖ്യ അല്ലെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, വർഷങ്ങളായി ഖത്തറിൽ താമസിക്കുന്ന നിരവധി വൈറ്റ്കോളർ ജീവനക്കാരും ഈ മരണമടഞ്ഞവരിലുണ്ടെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ