തിനഞ്ചാം വയസ്സിൽ ആടുമെയ്‌ക്കാൻ സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് തന്റെ പൗരത്വം റദ്ദാക്കിയതിനെതിരായ കേസു വാദിക്കാൻ ബ്രിട്ടനിലേക്ക് വരാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബീഗത്തിന്റെ തിരിച്ചുവരവ് തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും, ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്ന സർക്കാർ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇപ്പോൾ സിറിയയിലെ അൽ റോജ് അഭയാർത്ഥി ക്യാമ്പിലുള്ള ഷമീമ ബീഗം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഈ വിധിയോട് പ്രതികരിച്ചത്.

നേരത്തേ തന്നെ മതമനുശാസിക്കുന്ന വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് ജീൻസും ലെഗിൻസും പോലുള്ള പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് ബ്രിട്ടനിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ഈ ജിഹാദി വധുവിന്റെ ചിത്രം മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള വേഷം മാറലുകളൊന്നും തന്നെ ബ്രിട്ടീഷ് സർക്കാരിന്റെയോ ജനതയുടെയോ സഹതാപം നേടിക്കൊടുക്കാൻ പര്യാപ്തമായില്ല.

2015 ഫെബ്രുവരിയിലാണ് മതാന്ധത തലയ്ക്ക് പിടിച്ച് 15 കാരിയായ ബീഗവും കിഴക്കൻ ലണ്ടനിലെ മറ്റു രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളും ഐസിസിൽ ചേരാനായി സിറിയയിലേക്ക് തിരിച്ചത്. പിന്നീട് 2019-ൽ ഒരു സിറിയൻ അഭയാർത്ഥി ക്യാമ്പിൽ അവരെ ഒമ്പതുമാസം ഗർഭിണിയായി കാണപ്പെട്ടതോടെ ദേശീയ സുരക്ഷ മുൻനിർത്തി അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദുചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങി.

ഈ നടപടിക്കെതിരെ ബീഗം കോടതിയെ സമീപിക്കുകയായിരുന്നു. മാത്രമല്ല, കേസിന്റെ നടത്തിപ്പിനായി തനിക്ക് ബ്രിട്ടനിൽ വരാനും താമസിക്കുവാനുമുള്ള അനുവാദം നൽകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിൽ നിന്നു മാത്രമേ ബീഗത്തിന് കേസുകൾ ശരിയാം വിധം നടത്താനാകൂ എന്നായിരുന്നു അപ്പീൽ കോടതിയുടെ നിരീക്ഷണം. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അവർ തിരിച്ചുവരുന്നത് ദേശീയ സുരക്ഷക്ക് തന്നെ ഭീഷണിയാകുമെന്നും, പൊതുജനങ്ങളെ തീവ്രവാദം ഉയർത്തുന്ന അപകടങ്ങളിലേക്ക് തള്ളിവിടുമെന്നുമായിരുന്നു സർക്കാർ വാദിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ്, പൗരത്വം റദ്ദാക്കിയ നടപടിക്കെതിരായ അപ്പീൽ വാദിക്കാൻ ബീഗത്തെ ബ്രിട്ടനിലേക്ക് വരാൻ സമ്മതിക്കരുതെന്ന സുപ്രീംകോടതി ഉത്തരവുണ്ടായത്. എന്നാൽ, മറ്റെവിടെയെങ്കിലുമിരുന്ന്, പൗരത്വം റദ്ദാക്കിയ നടപടിക്കെതിരായ കേസ് നടത്തിക്കൊണ്ടുപോകാൻ ബീഗത്തിനാവും.

ഈ വാർത്ത അറിഞ്ഞ് ബീഗം അതീവ ദുഃഖിതയും കോപിഷ്ഠയുമായെന്നാണ് അഭയാർത്ഥി ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരം. അവർ അവിടെ ആരോടും സംസാരിക്കാതെ അവരുടെ ടെന്റിനകത്ത് ഏകയായി സമയം ചെലവഴിക്കുകയാണെന്നും ക്യാമ്പിൽ നിന്നും വിവരം ലഭിച്ചു. വടക്കു കിഴക്കൻ സിറിയയിലെ അൽ മാലിഖ്യാ നഗരത്തിനടുത്തുള്ള റോജ് ക്യാമ്പിലാണ് പാശ്ചാത്യ നാടുകളിൽ നിന്നും ഐസിസിൽ ചേരാനെത്തിയ സ്ത്രീകളെ അധികവും പാർപ്പിച്ചിരിക്കുന്നത്.

സർക്കാരിന്റെ നയം ഉയർത്തിപ്പിടിക്കുക മാത്രമല്ല, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കുവാനുള്ള ഹോം സെക്രട്ടറിയുടെ അധികാരം ഊട്ടിയുറപ്പിക്കുന്നതുകൂടിയാണ് ഈ വിധി എന്നായിരുന്നു ഹോം സെക്രട്ടറി പ്രീതീ പട്ടേലിന്റെ പ്രതികരണം. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയെ കരുതി പല കടുത്ത തീരുമാനങ്ങളും സർക്കാർ എടുത്തിട്ടുണ്ടെന്നും ഇനിയും അങ്ങനെ തുടരുമെന്നും അവർ വ്യക്തമാക്കി.

ജമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കനുള്ള തീരുമാനമെടുത്ത മുൻ ഹോം സെക്രട്ടറി സാജിദ് ജാവേദും ഈ വിധിയിൽ സന്തോഷം രേഖപ്പെടുത്തി. എന്നാൽ, ഇത് വളരെ അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ജിഹാദി വധുക്കളെ നിയമത്തിന്റെ ഇരുണ്ട ഗർത്തങ്ങളിലാക്കിയതിന് അവർ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതി ഐക്യകണ്ഠമായാണ് ഈ തീരുമാനം എടുത്തതെന്ന് സുപ്രീം കോടതി പ്രസിഡണ്ട് ലോർഡ് റീഡ് വ്യക്തമാക്കി.

സുതാര്യമായ നിയമനടപടികൾക്കുള്ള അവകാശം ദേശീയ സുരക്ഷയെക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നല്ല എന്ന് വ്യക്തമാക്കിയ കോടതി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അർഹതയും അധികാരവുമുള്ള ഹോം സെക്രട്ടറിയുടെ നടപടികൾ അപ്പീൽ കോടതി ബഹുമാനിക്കാതിരുന്നത് തെറ്റായി എന്നും പറഞ്ഞു.