കൊറോണയുടെ ഭീകരതാണ്ഡവത്തിനും തങ്ങളെ തളർത്താനാവില്ലെന്ന് അമേരിക്ക ഒരിക്കൽ കൂടി തെളിയിക്കുകയാണ്. പ്രതിസന്ധി എത്ര രൂക്ഷമായാലും പോരാട്ടവീര്യം തകരാത്ത അമേരിക്ക ലോകത്തിനു മുന്നിൽ തങ്ങളുടെ സാങ്കേതിക മികവും സായുധ ശക്തിയും ഒരുപോലെ തെളിയിച്ച ഒരാഴ്‌ച്ചയായിരുന്നു കടന്നുപോയത്.

ഒപ്പം ജോ ബൈഡൻ എന്ന പുതിയ പ്രസിഡണ്ടിന്റെ നിശ്ചയദാർഢ്യവും പ്രകടമായി. ചൊവ്വാദൗത്യം വിജയകരമാക്കി സാങ്കേതിക മികവ് തെളിയിച്ച അമേരിക്ക അതോടൊപ്പം, സിറിയൻ അതിർത്തികൾക്കുള്ളിലേക്ക് പറന്നിറങ്ങി തെവ്രവാദ ക്യാമ്പുകൾ തകർത്ത് തങ്ങളുടെ സൈനിക ശക്തിയും തെളിയിച്ചു.

ചൊവ്വയുടെ രഹസ്യങ്ങളിലേക്ക് കാമറക്കണ്ണുകൾ നീട്ടി പെർസിവറൻസ്

കഴിഞ്ഞ ഒരാഴ്‌ച്ചയായി ചൊവ്വയുടെ പ്രതലത്തിൽ തന്നെ തങ്ങുന്ന പെർസിവറൻസ് റോവർ ഈ ചെറിയ സമയത്തിനിടയിൽ തന്നെ ആയിരക്കണക്കിന് ഫോട്ടോകളാണ് ഭൂമിയിലേക്ക് അയച്ചത്. അതിൽ ഒരു മനോഹരമായ സെൽഫിയും ഉണ്ടായിരുന്നു. 2.2 ബില്ല്യൺ ഡോളർ ചെലവിൽ നിർമ്മിച്ച റോവറിൽ ആകെ 23 കാമറകളാണ് ഉള്ളത്. അതിൽ ഒമ്പതെണ്ണം എഞ്ചിനീയറിങ് വർക്കുകൾക്കായും ഏഴെണ്ണം ശാസ്ത്ര പഠനങ്ങൾക്കും ഏഴെണ്ണം റോവറിനെ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങാൻ സഹായിക്കുവാനുമുള്ളതാണ്.

ഇതിൽ, യാത്രയെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഒരു കാമറയിൽ പകർത്തിയ പൊടി പൊതിഞ്ഞ ചൊവ്വയുടെ ഉപരിതലത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു ആദ്യം അയച്ചത്. വ്യത്യസ്ത വലിപ്പത്തിലുള്ള നിരവധി പാറകൾ ഈ ചിത്രത്തിൽ കാണാം. അതുകൂടാതെ 360 ഡിഗ്രിയിലുള്ള ചൊവ്വയുടെ ഭൂപ്രകൃതിയുടെ ഒരു പനോരമാ ചിത്രവും റോവർ അയച്ചിരുന്നു. റോവറിലുള്ള കാമറകൾ വൈവിധ്യമാർന്ന ഉദ്ദേശങ്ങൾ പൂർത്തിയാക്കുവാൻ കെല്പുള്ളവയാണ്. ചൊവ്വയുടെ പ്രകൃതി, അന്തരീക്ഷം മുതലായവ വിശദമായ പഠനത്തിനു വിധേയമാക്കുവാൻ ഈ കാമറകൾ ശാസ്ത്രജ്ഞരെ സഹായിക്കും.

എഞ്ചിനീയറിങ് ഉപയോഗത്തിനായി രൂപകല്പന ചെയ്യപ്പെട്ട കാമറകളാണ് ഭൂരിഭാഗം കാമറകളും എന്നതിനാൽ വളരെ ചെറിയവിശദാംശങ്ങൾ പോലും ഉൾക്കൊള്ളുന്ന ചിത്രങ്ങളായിരിക്കും ഇത് പകർത്തുക. ഏറ്റവും പുതിയ ചിത്രങ്ങളിൽ ഏറ്റവും ആകർഷകമായത് ചൊവ്വയുടെ ചക്രവാളങ്ങളിൽ വിടപറയാൻ നിൽക്കുന്ന സൂര്യന്റെ ചിത്രമാണ്. ജീവന്റെ തുടിപ്പുകൾ കാണാനാകാതെ വിടപറയുന്നസൂര്യന്റെ ചിത്രം വൈറലായിക്കഴിഞ്ഞു.

ശത്രു നിഗ്രഹത്തിനുറച്ച് ജോ ബൈഡൻ

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പൊതുവേ ഉയർന്നുവന്ന ഒരു വികാരമായിരുന്നു ജോ ബൈഡൻ വളരെ ദുർബലനായ പ്രസിഡണ്ടായിരിക്കുമെന്നത്. ബൈഡന്റെ പ്രായാധിക്യവും, ശാന്തമായ പ്രകൃതവും, താരതമ്യേന ഇടതുപക്ഷത്തോട് പുലർത്തുന്ന ചായ്വും എല്ലാം അമേരിക്കയുടെ ലോക പൊലീസ് എന്ന പ്രതിച്ഛായയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും മുൻവിധികളും തെറ്റിച്ചുകൊണ്ട്, അമേരിക്കയെ ചൊറിയാൻ വന്ന ഭീകരരെ കൊന്നുതള്ളി താൻ കരുത്തനായ ഭരണാധികാരിയാണെന്ന് അദ്ദേഹം തെളിയിച്ചു.

സിറിയൻ അതിർത്തികൾക്കുള്ളിലേക്ക് കടന്ന് തീവ്രവാദിക്യാമ്പുകൾ ആക്രമിച്ച് 22 ഭീകരരെയാണ് അമേരിക്കൻ സൈനികർ കൊലപ്പെടുത്തിയത്. ഇതിന്റെയും വിശദമായ ഉപഗ്രഹ ചിത്രങ്ങൾ ഇന്നലെ പുറത്തുവിട്ടു. ആക്രമണത്തിനു മുൻപേയുള്ള ചിത്രങ്ങളിൽ, ഇറാഖ് അതിർത്തിയിൽ നിന്നും ഏകദേശം 370 യാർഡ് അകലെയുള്ള ഈ ക്യാമ്പിൽ തലയുയർത്തി നില്ക്കുന്ന കെട്ടിടങ്ങൾ കാണാം. എന്നാൽ, വ്യാഴാഴ്‌ച്ചത്തെ ആക്രമണം കഴിഞ്ഞുള്ള ചിത്രത്തിൽ ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം അറുത്ത പൊടിയും കെട്ടിടാവശിഷ്ടങ്ങളും മാത്രമാണ് ദൃശ്യമാകുന്നത്.

അതിർത്തിക്കപ്പുറം നിന്ന് ആയുധങ്ങൾ കടത്തുവാനാണ് തീവ്രവാദികൾ ഈ സ്ഥലം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ബൈഡൻ അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ സൈനിക നടപടി പക്ഷെ പരിമിതമായ തോതിലായിരുന്നു. മാത്രമല്ല, സിറിയയുടെ അതിർത്തി ലംഘിച്ചപ്പോഴും തൊട്ടടുത്ത ഇറാഖി അതിർത്തിക്കുള്ളിലെ തീവ്രവാദി ക്യാമ്പുകളെ ആക്രമിച്ചില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.