ദ്ധ്യപൂർവ്വ മേഖല വീണ്ടും ഒരു യുദ്ധഭൂമിയായി മാറുമെന്ന ആശങ്ക ഉയര്ന്നുകഴിഞ്ഞു. സിറിയൻ അതിർത്തികക്കുള്ളിൽ കടന്നുകയറി കഴിഞ്ഞ ദിവസം നിരവധി തീവ്രവാദി ക്യാമ്പുകൾ അമേരിക്ക തകർത്തതിനു തൊട്ടുപിന്നാലെ അതിർത്തി കടന്നെത്തിയ ഇസ്രയേലി മിസൈലുകളെ തകർത്തതായി സിറിയൻ വൃത്തങ്ങൾ അറിയിച്ചു.

തലസ്ഥാനമായ ദമാസ്‌കസിനെ ഉന്നം വച്ചായിരുന്നു ഇസ്രയേലി മിസൈലുകൾ ചീറിയടുത്തതെന്നും അവർ പറയുന്നു. മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രയേലി മിസൈലുകൾക്ക് ലക്ഷ്യം കാണാൻ കഴിയുന്നതിനു മുൻപ് തന്നെ അവയെ തകർത്തു എന്നാണ് ഒരു സിറിയൻ സൈനികോദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് ടി വി ചാനൽ റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഇസ്രയേലിന്റെ കൈവശമുള്ള ഗോലാൻ പ്രദേശങ്ങളിൽ നിന്നുമായിരുന്നു മിസൈൽ ആക്രമണം എന്നാണ് സിറിയൻ സൈനിക വൃത്തങ്ങൾ പറയുന്നത്. ദമാസ്‌കസിലെ ചില സ്ഥലങ്ങളെയായിരുന്നു അവ ലക്ഷ്യം വച്ചത്. ഇറാനിയൻ റെവലൂഷണറി ഗാർഡുകളുടെയും ലബനീസ് ഹിസ്ബുള്ളയുടെയും സാന്നിദ്ധ്യമുള്ള തെക്കൻ ഡമാസ്‌കസിലെ സയ്യിദാ സീനബ് മേഖലയായിരുന്നു മിസൈലുകളുടെ ലക്ഷ്യം എന്നൊരു വാർത്തയും പുറത്തുവരുന്നുണ്ട്. എന്നാൽ, ഈ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേലി വക്താക്കൾ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ഒമാൻ ഉൾക്കടലിൽ വെച്ച് ഇസ്രയേലി കപ്പലിന് നേറെ ഇറാൻ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ആരമണത്തിനെതിരെയുള്ള നടപടികളെ കുറിച്ച് ആലോചിക്കാൻ ഇന്നലെ ഇസ്രയേലിന്റെ സുരക്ഷാ സമിതി യോഗം ചേർന്നതായി ഇസ്രയേലി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ പിന്തുണയുള്ള കുദ് പോരാളികളും തീവ്രവാദികളും ധാരാളമായി ഉള്ളപ്രദേശമാണ് തെക്കൻ ദമാസ്‌കസ് എന്ന് ചില പ്രാദേശിക രഹസ്യാന്വേഷണ സംഘങ്ങളും റിപ്പോർട്ട് ചെയ്യുന്നു. നേരത്തേയും സിറിയയിലെ വിവിധ ഭീകര ക്യാമ്പുകൾക്കെതിരെ ഇസ്രയേൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അത്തരം ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ അവകാശവാദം ഉന്നയിക്കാറോ അതിനെ കുറിച്ചുള്ള ചർച്ചകളിൽ സജീവമാകുകയോ ചെയ്യാറില്ല.

2020-ൽ മാത്രം ഇത്തരത്തിലുള്ള അമ്പതോളം ലക്ഷ്യങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി, കഴിഞ്ഞദിവസംഇസ്രയേലി സൈനിക വക്താവ് സമ്മതിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നൽകാൻ അവർ തയ്യാറായിട്ടില്ല. തങ്ങളുടെ വടക്കൻ അതിർത്തിയിൽ ഇറാന് സ്വാധീനം ഏറിവരുന്നത് വലിയൊരു അപകടമായി തന്നെയാണ് ഇസ്രയേൽ കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇറാന്റെ സഹായത്തോടെയുള്ള പല പദ്ധതികൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം ദമാസ്‌കസിനടുത്തുള്ള ആയുധ സംഭരണശാലകൾക്ക് നേരെ ഇസ്രയേലീ മിസൈലുകൾ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് ഒമ്പത് തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. ഇപ്പോൾ അമേരിക്കൻ ആക്രമണത്തിനു ശേഷം മറ്റൊരു ആക്രമണത്തിനു കൂടി ഇസ്രയേൽ മുതിർന്നത് കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇസ്രയേലിന്റെ കപ്പലിന് ദുരൂഹമായ സാഹചര്യത്തിൽ തീപിടിച്ചതും ഇന്നലത്തെ ആക്രമണവുമെല്ലാം ഈ പ്രദേശത്തെ വീണ്ടും യുദ്ധഭീഷണിയിലാഴ്‌ത്തുകയാണ്.