കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷൻ ഫ്‌ളൈ അനിമോസ് എന്ന പേരിൽ ഹെലികോപ്റ്റർ ചാർട്ടർ സർവീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എർത്ത് റിസോർട്ടിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാഷ്യോസ് വിശിഷ്ടാതിഥിയായിരുന്നു. ഡിജിസിഎ മുൻ ഡെപ്യൂട്ടി ഡയറക്ടർ ലളിത് ഗുപ്ത ആദ്യ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. അമേരിക്കയിലെ ഹൂസ്റ്റണിലെ റോക്ക്‌ലീഫ് ഡ്രില്ലിങ് കമ്പനിയുടമ എബ്രഹാം തോമസായിരുന്നു ഉദ്ഘാടനയാത്രയിലെ ആദ്യ സഞ്ചാരി.

മൂന്നാർ, തേക്കടി, അതിരപ്പിള്ളി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ശബരിമല, ഗുരുവായൂർ, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങി കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് അനായാസേന പറന്നെത്താൻ ഫ്‌ളൈ അനിമോസ് സൗകര്യമൊരുക്കും. ഇതിന് പുറമേ എയർ ആംബുലൻസ് സേവനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഫ്‌ളൈ അനിമോസിന്റെ സേവനം ലഭ്യമായിരിക്കുമെന്ന് അനിമോസ് ഏവിയേഷൻ വൈസ് പ്രസിഡന്റ് ഷാജി എബ്രഹാം പറഞ്ഞു.

ആറ് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബെൽ 206, ബെൽ 407, എയർബസ് എച്ച്125, 5 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന എയർബസ് എച്ച്135, 13 പേർക്ക് സഞ്ചരിക്കാവുന്ന ബെൽ 412 എന്നീ മോഡലുകളാണ് ഫ്‌ളൈ അനിമോസ് അവതരിപ്പിക്കുന്നത്.