പാനൂർ: സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനു സ്‌കൂൾ വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടായിസം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞു സഹപാഠിയായ പെൺകുട്ടിക്കൊപ്പം മടങ്ങിയതിനാണ് ആൺകുട്ടിയെ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ജിനീഷ് വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത്.

പാനൂർ മുത്താരപ്പീടികയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണു സംഭവം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് ജിനീഷിനെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ പ്രതിയെ ഇന്നലെ രാത്രി ഒൻപതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

കേസ് ഒത്തുതീർക്കാൻ എഎസ്‌ഐയും ചില സിപിഎം പ്രവർത്തകരും ശ്രമിച്ചെന്നു കുട്ടിയുടെ പിതാവ് ആരോപിച്ചു. ആളുമാറി മർദിച്ചതെന്നാണു ജിനീഷ് പിന്നീടു പറഞ്ഞത്. വിദ്യാർത്ഥിയുടെ പിതാവ് പരാതിയിൽ ഉറച്ചു നിന്നതോടെ അന്വേഷിക്കാൻ പൊലീസ് നിർബന്ധിതരായി. ഒത്തുതീർപ്പിനു ശ്രമിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു.

പെൺകുട്ടിക്കൊപ്പം നടന്നതു ചോദ്യം ചെയ്തു തടഞ്ഞു നിർത്തി ഓട്ടോഡ്രൈവർ കൂടിയായ ജിനീഷ് മുഖത്തടിക്കുകയായിരുന്നുവെന്ന് ആൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് പിന്തുടർന്നു മർദിച്ചു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. ചെയർമാൻ കെ.വി.മനോജിന്റെ നിർദേശമനുസരിച്ചാണു കേസെടുത്തത്. പാനൂർ പൊലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.