വാഷിങ്ടൻ: റഷ്യയ്‌ക്കെതിരെ യുഎസ് ഉപരോധത്തിന് ഒരുങ്ങുന്നു. റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുഖ്യ വിമർശകനുമായ അലക്‌സി നവൽനിയുടെ മേലെടുത്ത നടപടികളിന്മേൽ പ്രതിഷേധിച്ചാണ് യുഎസ് റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. നവൽനിക്ക് വിഷബാധയേറ്റതിനു പിന്നിൽ റഷ്യയാണെന്നാണ് അനുമാനം. അതും ഇപ്പോൾ അദ്ദേഹത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ജയിൽശിക്ഷയും പരിഗണിച്ചാണ് നടപടി.

യുഎസ് ജനാധിത്യത്തിനുമേലുള്ള റഷ്യയുടെ ആക്രമണവും ഉപരോധ കാര്യത്തിൽ പരിഗണിക്കും. റഷ്യയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ ഉപരോധം കൂടിയാകും ഇത്. ഉപരോധം എങ്ങനെ വേണമെന്ന് യൂറോപ്യൻ യൂണിയനുമായി ആലോചിച്ചശേഷമായിരിക്കും യുഎസ് അന്തിമ തീരുമാനം എടുക്കുക. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുടിനുമായി സൗഹൃദത്തിലായിരുന്നു. പലപ്പോഴും ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം ട്രംപ് നിരാകരിക്കുകയും ചെയ്തിരുന്നു.

റഷ്യയുടെ നാലു മുതിർന്ന ഉദ്യോഗസ്ഥർക്കെതിരായ ഉപരോധത്തിന് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയിരുന്നു. നവൽനിക്ക് വിഷബാധയേറ്റതിൽ രാജ്യാന്തര അന്വേഷണം വേണമെന്നും അദ്ദേഹത്തെ ജയിലിൽനിന്നു വിട്ടയയ്ക്കണമെന്നും യുഎൻ മനുഷ്യാവകാശ വിദഗ്ദ്ധർ തിങ്കളാഴ്ച രാവിലെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.