ശ്രീകണ്ഠേശ്വരത്തിന്റെ 75-മത് ചരമ ദിനാചരണവും ശ്രീകണ്ഠേശ്വരവും നിഘണ്ടു നിർമ്മാണവും സെമിനാറും നാളെ

ശ്രീകണ്ഠേശ്വരത്തിന്റെ എഴുപത്തിഅഞ്ചാം ചരമവാർഷികദിനമായ മാർച്ച് 4ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ചർച്ചയും സെമിനാറും സംഘടിപ്പിക്കുന്നു. നാളെ (മാർച്ച് 4ന് വ്യാഴാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഭാഷാ പണ്ഡിതൻ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ള ഉൽഘാടനം ചെയ്യും.

'ശ്രീകണ്ഠേശ്വരവും നിഘണ്ടു നിർമ്മാണവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ.പി.വേണുഗോപാൽ, പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. പി. കെ. രാജശേഖരൻ എന്നിവർ സംസാരിക്കും. 'ശ്രീകണ്ഠേശ്വരം സ്മാരക റഫറൻസ് ഗ്രന്ഥാലയ നിർവഹണത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും. ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. അസി. ഡയറക്ടർമാരായ ഡോ.ഷിബു ശ്രീധർ സ്വാഗതവും ജി. ബി. ഹരീന്ദ്രനാഥ് നന്ദിയും പറയും.

മലയാളത്തിലെ ലക്ഷണയുക്തമായ ഭാഷാനിഘണ്ടു ശബ്ദതാരാവലിയുടെ കർത്താവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ സ്മാരകമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചുവരുന്ന പൈതൃകമൂല്യമുള്ള കെട്ടിടത്തെ 'ശ്രീകണ്ഠേശ്വരം സ്മാരക റഫറൻസ് ഗ്രന്ഥാലയ'മാക്കി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന്റെ നിർവഹണത്തെക്കുറിച്ചുള്ള ചർച്ചയുമാണ് നടത്തുന്നത്.