ശ്രീനഗർ: കശ്മീരിൽ ബിഎസ്എഫ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ഭീകരസംഘടനകളുമായി ബന്ധമുള്ള ലഹരിമരുന്നു കടത്തുകാർക്കു സഹായം നൽകിയ് ബിഎസ്എഫ് അസി. സബ് ഇൻസ്‌പെക്ടർ റോമേഷ് കുമാറാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ പിടിയിലായത്.

പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തുന്നതിലൂടെ ലഭിച്ചിരുന്ന പണം ലഷ്‌കറെ തയ്ബ, ഹിസ്ബുൽ മുജാഹിദീൻ എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. നേരത്തേ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിൽ ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിരുന്ന റോമേഷ് അവിടെവച്ചാണ് ലഹരികടത്തുകാരുമായി ബന്ധം സ്ഥാപിച്ചത്. ലഹരികടത്തിനിടെ അറസ്റ്റിലായവർ റോമേഷിനെക്കുറിച്ചു വിവരം നൽകിയിരുന്നു. കഴിഞ്ഞ വർഷം ബിഎസ്എഫിലേക്കു തിരിച്ചയച്ചു.

ഒന്നര വർഷത്തിനിടെ ഭീകരരെ സഹായിച്ചതിന് കശ്മീരിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണു റോമേഷ് കുമാർ. 2020 ജനുവരിയിൽ ഡിവൈഎസ്‌പി ദവീന്ദർ സിങ് അറസ്റ്റിലായിരുന്നു. ഹിസ്ബുൽ മുജാഹിദീനു രഹസ്യവിവരം കൈമാറിയതിന് ഇദ്ദേഹത്തിനു കുറ്റപത്രം നൽകുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.