കണ്ണൂർ: സർവ്വ മുന്നൊരുക്കങ്ങളും നടത്തി ഞൊടിയിടയിൽ എടിഎം കവർന്ന് സ്ഥലം വിട്ട കള്ളന്മാരെ ഞൊടിയിടയിൽ പിടിച്ച് പൊലീസ് ബുദ്ധി. കണ്ണൂരിൽ ഒറ്റ രാത്രി കൊണ്ട് മൂന്ന് എടിഎമ്മുകൾ തകർത്ത് 24.06 ലക്ഷം രൂപയുമായി കടന്ന ഹരിയാന-രാജസ്ഥാൻ സ്വദേശികളെയാണ് പൊലീസ് ബുദ്ധി തന്ത്രപരമായി കുടുക്കിയത്. കൊള്ളയ്ക്കായി മാത്രം ഒരുമിക്കുന്ന ഈ സംഘത്തിലെ മൂന്ന് പേരെ അവരുടെ താവളത്തിലെത്തിയാണ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയത്.

ഹരിയാനയിലെ മേവത്ത് ജില്ലക്കാരനായ നൊമാൻ റിസാൽ (30), മെവ്‌നാഗ് ജില്ലക്കാരനായ സൂജുദ് (33), രാജസ്ഥാനിലെ ഭരത്പൂർ ജില്ലക്കാരനായ മുവീൻ ജമീൽ (30) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെത്തിച്ച പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊള്ള ചെയ്ത തുകയിൽ 16 ലക്ഷം രൂപ മൂന്നു പ്രതികളിൽ നിന്നുമായി കണ്ടെടുത്തു. ഏഴംഗ സംഘത്തിലെ നാലുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലുള്ളവരാണ്. മൂന്നിടത്തും പ്രതികളുമായി ഇന്നലെ പൊലീസ് തെളിവെടുപ്പു നടത്തി.

കഴിഞ്ഞ 21നു പുലർച്ചെയാണു കണ്ണൂരിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള കല്യാശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എടിഎമ്മുകൾ കവർച്ചയ്ക്കിരയായത്. എടിഎം മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്തായിിരുന്നു മോഷണം. അതി വിദഗ്ദമായി നടന്ന മോഷണമായതിനാൽ പൊലീസിന് പൊലീസിന് പ്രതികളെ കുറിച്ചുള്ള തുമ്പുകളൊന്നും ആദ്യഘട്ടത്തിൽ ലഭിച്ചില്ല. എന്നാൽ പ്രതികളെത്തിയ ജീപ്പും ട്രക്കും സിസിടിവികളിൽ പതിഞ്ഞതാണ് തുമ്പായത്.

എടിഎം കൗണ്ടറിൽ നിന്ന് അൽപം വിട്ടു മാറി വാഹനങ്ങൾ നിർത്തി. ഒരാളിറങ്ങി പരിസരം നിരീക്ഷിച്ചു വിജനമെന്ന് ഉറപ്പുവരുത്തി. സംഘത്തിലെ രണ്ടുപേരെത്തി എടിഎം കൗണ്ടർ പരിശോധിച്ചു. ഇതിനിടെ നാലാമൻ സിസിടിവി നശിപ്പിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ചു കൗണ്ടർ ക്യാബിൻ തകർത്തതു മറ്റു മൂന്നുപേരാണ്. ക്യബിൻ പൊളിക്കാനും പണമെടുത്തു വാഹനത്തിലെത്താനും വേണ്ടിവന്നതു പരമാവധി 10 മിനിറ്റ്. ജില്ലയിലെ മൂന്ന് എടിഎമ്മുകളിലും ഇതേ ആസൂത്രണമാണു നടപ്പായത്.

പുലർച്ചെ 1നും 4നും ഇടയിലാണ് 3 എടിഎമ്മുകളിലും കവർച്ച നടന്നതെന്നും കവർച്ചയ്ക്ക് ഉപയോഗിച്ചത് ഗ്യാസ് കട്ടറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നിടത്തും കവർച്ചാ സമയത്ത് ജീപ്പ് എടിഎം കൗണ്ടറിനു സമീപം നിർത്തിയിട്ടതായി നിരീക്ഷണ ക്യാമറകളിൽനിന്നു കണ്ടെത്തി. കൂടുതൽ സിസിടിവികൾ പരിശോധിച്ചപ്പോൾ കണ്ടെയ്‌നർ ട്രക്കും ബൊലേറോ ജീപ്പിന് ഒപ്പമുണ്ടെന്നു മനസ്സിലായി.

കല്യാശേരി ഇരിണാവ് മുതൽ തലപ്പാടി വരെ റോഡരികിലെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിച്ചപ്പോൾ കാസർകോട് ഭാഗത്തേക്ക് വാഹനങ്ങൾ നീങ്ങിയെന്നു വ്യക്തമായി. നിരീക്ഷണ ക്യാമറകളും ചെക്‌പോസ്റ്റുകളും കേന്ദ്രീകരിച്ചുള്ള പരിശോധന പല സംസ്ഥാനങ്ങളുടെ അതിർത്തി കടന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കവർച്ച നടത്തുന്ന സംഘം മറ്റു സംസ്ഥാനങ്ങളിലുണ്ടോ എന്ന അന്വേഷണവും സമാന്തരമായി നടത്തിയിരുന്നു.

അനുകൂലമായി പ്രതികരിച്ചതു ഹരിയാന പൊലീസ്. കിട്ടിയ തുമ്പിന്റെ പിന്നാലെ വളപട്ടണം എസ്എച്ച്ഒ എ.അനിൽ കുമാർ, എസ്‌ഐമാരായ റാഫി അഹമ്മദ്, ടി.വി.മഹിജൻ, സിപിഒ കെ.പി.സുജിത്ത് കുമാർ എന്നിവർ ഹരിയാനയിലെത്തി. ഹരിയാന പൊലീസുമായി ചേർന്നുള്ള അന്വേഷണത്തിൽ നൊമാൻ റിസാലിനെ തിരിച്ചറിയുന്നു. മേവത്തിലെ ഇയാളുടെ വീട് വളഞ്ഞു.

പൂർണഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും മറയാക്കി വീട്ടിൽനിന്ന് ഓടിരക്ഷപ്പെടാനായിരുന്നു ശ്രമം. കവർച്ചക്കാർക്കു പിന്നാലെ ഹരിയാന വരെയെത്തിയ പൊലീസിന് നൊമാന്റെ പിന്നാലെ അൽപദൂരം ഓടുക ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. നൊമാൻ പിടിയിലായതോടെ മറ്റു രണ്ടുപേരും പിടിയിലായി. മൂവരും ബന്ധുക്കളാണ്.

റിഹേഴ്‌സൽ എടുത്തശേഷമാണ് ഓരോ ഓപറേഷനും സംഘം പുറപ്പെടുക. കണ്ടം ചെയ്ത എടിഎം മെഷീൻ വിലയ്ക്കു വാങ്ങി ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു പരിശീലനം. എടിഎം കൗണ്ടറിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കവർച്ച നടത്തി പുറത്തിറങ്ങുക എന്നതായിരുന്നു സംഘത്തിന്റെ വെല്ലുവിളി. ഓരോരുത്തർക്കും ഓരോ ചുമതല വീതം നൽകിയത് ഇതിനു വേണ്ടിയാണ്.