ഏറ്റുമാനൂർ: കഞ്ചാവു വിൽപന സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് മോചിപ്പിച്ചു. തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൊബൈൽ ഫോൺ കളഞ്ഞു കിട്ടിയതാണ് പൊലീസ് അന്വേഷണം എളുപ്പമാക്കിയത്. കഞ്ചാവു നൽകാമെന്നു വിശ്വസിപ്പിച്ച് യുവാവ് 25,000 രൂപ വാങ്ങിയതിനു ശേഷം പണവും കഞ്ചാവും നൽകാതിരുന്നതോടെയാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നു ഗാന്ധിനഗർ പൊലീസ് പറഞ്ഞു.

വെള്ളൂർ ഇഞ്ചിക്കാല വീട്ടിൽ ജോബിൻ ജോസിനെ (24) തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പത്തനംതിട്ട പുല്ലാട് മുറി ദ്വാരക വീട്ടിൽ ലിബിൻ പ്രകാശ് (28), പത്തനംതിട്ട പുല്ലാട് മുറി മോളിക്കൽ ചെരുവുകാലായിൽ രതീഷ് സുകുമാരൻ (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ജോബിൻ ജോസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ടയിലെയും കോട്ടയത്തെയും കഞ്ചാവ് വിൽപന സംഘങ്ങളുമായി ബന്ധമുള്ള ജോബിൻ മാലമോഷണക്കേസിൽ ഉൾപ്പെടെ പ്രതിയാണെന്നു കോട്ടയം ഡിവൈഎസ്‌പി എം. അനിൽകുമാർ പറഞ്ഞു. ബുധനാഴ്ച രാത്രി 9.30നു ഗാന്ധിനഗർ ഫ്‌ളോറൽ പാർക്ക് ബാറിനു സമീപമത്തു നിന്നാണ് ജോബിനെ തട്ടിക്കൊണ്ടു പോയത്. ഒരു സംഘം യുവാക്കൾ ജോബിനെ മർദിച്ചതിനു ശേഷം വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുന്നതു സമീപത്തു കട നടത്തിയിരുന്ന ആൾ കണ്ടു. ഇദ്ദേഹം പൊലീസിൽ വിവരമറിയിച്ചു.

പിടിവലിക്കിടയിൽ നിലത്തു വീണ ജോബിന്റെ ഫോൺ പൊലീസ് കണ്ടെടുത്തതാണു വഴിത്തിരിവായത്. ഇതിനു പിന്നാലെ ഫോണിലേക്കു ജോബിൻ തന്നെ വിളിച്ചു. ഫോൺ കളഞ്ഞു പോയി എന്നും സമീപത്തെ കടയിൽ നൽകണമെന്നും പറഞ്ഞു. മൊബൈലിലേക്കു വിളിച്ച നമ്പറിന്റെ വിവരങ്ങൾ പരിശോധിച്ചതാണ് പൊലീസിന് തുമ്പായത്. ഈ സിം കാർഡ് തിരുവല്ല സ്വദേശിയായ ക്രിമിനലിന്റെ പേരിലാണെന്നു ബോധ്യമായി. ഇതോടെ ജോബിനെ തട്ടിക്കൊണ്ടു പോയതാണെന്നു സ്ഥിരീകരിച്ച പൊലീസ് തിരുവല്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ ഒരു മണിയോടെ കണ്ടെത്തി. അമിതവേഗത്തിൽ പാഞ്ഞ കാറിനെ പിന്തുടർന്ന് പൊലീസ് പുലർച്ചെ അഞ്ചരയോടെ പുല്ലാട് ആനമല ഭാഗത്ത് പ്രതികളെ പിടികൂടുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഒന്നാം പ്രതി കടന്നുകളഞ്ഞു. കാറിൽ മർദനമേറ്റ നിലയിലായിരുന്നു ജോബിൻ. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ജോബിനെ എത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി.കേസുമായി ബന്ധപ്പെട്ട് 6 പ്രതികൾ അറസ്റ്റിലാകാനുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി. നായർ, എസ്‌ഐ സി.ആർ. ഹരിദാസ് സിപിഒമാരായ പ്രവീൺ, രാഗേഷ്, പി.വി. മനോജ്, അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ, രാധാകൃഷ്ണൻ, ശശികുമാർ, സോണി എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.