- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഡോക്ടർമാരെ കണ്ടെത്തി ശിക്ഷിക്കാൻ ഉദ്യോഗസ്ഥർ മടിക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : വ്യാജ ഡോക്ടർമാരെയും വ്യാജ ചികിത്സകളും കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കാൻ ബാധ്യസ്ഥരായ സർക്കാർ ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ അധികാരം യഥാവിധി ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം സമീപനം രോഗികളുടെ ജീവന് ആപത്തുണ്ടാക്കാൻ ഇടയാക്കുമെന്ന വസ്തുത ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിവിധതരം രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാമെന്ന് പരസ്യം നൽകുന്ന ഡോക്ടർമാരുടെ യോഗ്യത, രജിസ്‌ട്രേഷൻ, ആശുപത്രി തുടങ്ങിയ വസ്തുതകൾ യഥാസമയം പരിശോധിച്ച് അവയുടെ കൃത്യത അധികാരികൾ ഉറപ്പാക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
വ്യാജ ഡോക്ടർമാരെയും വ്യാജ ചികിത്സകളെയും കുറിച്ച് പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ കാര്യത്തിൽ മാത്രമേ തങ്ങൾക്ക് നടപടിയെടുക്കാൻ കഴിയുകയുള്ളൂവെന്ന മെഡിക്കൽ കൗൺസിലിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വ്യാജ ഡോക്ടർമാരോ വ്യാജ ചികിത്സകളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത മെഡിക്കൽ കൗൺസിലിനുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതി കിട്ടുമ്പോൾ മാത്രം അന്വേഷണം നടത്തി തൃപ്തിയടയാൻ ഡ്രഗ്‌സ് കൺട്രോളർ ശ്രമിക്കരുത്. വ്യാജ ചികിത്സക്കെതിരെ മാതൃകാപരവും കർശനവുമായ നിയമനടപടി സ്വീകരിക്കാൻ ഡ്രഗ്‌സ് കൺട്രോളർ മടി കാണിക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പരസ്യം നൽകി നിയമ വിരുദ്ധ ചികിത്സ നടത്തുന്നവരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ക്യാപ്‌സ്യൂൾ കേരള കൺവീനർ എം. പി. അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.