കൊൽക്കത്തയിലെ സമ്പന്നമായ കുടുംബത്തിലാണ് ഋഷിക ജനിച്ചത്. 25കാരിയായ ഋഷികയെ തങ്ങളേക്കാൾ സമ്പത്തുള്ള കുടുംബത്തിലേക്കാണ് ആ കുടുംബം വിവാഹം കഴിപ്പിച്ചയച്ചത്. എന്നാൽ വിവാഹ ജീവിതത്തിന്റെ യാതൊരു സന്തോഷവും ഋഷികയ്ക്ക് ആ വീട്ടിൽ ലഭിച്ചില്ല. ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂര പീഡനം സഹിക്കാതെ കഴിഞ്ഞ മാസമാണ് ഋഷിക അഗൾവാൾ ഭർത്താവിന്റെ വീടിനു മുന്നിൽ വീണു മരിക്കുന്നത്. വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുക ആയിരുന്നു ആ പെൺകുട്ടി.

അത്രമാത്രമായിരുന്നു ആ വാട്ടിൽ അവൾ അനുഭവിച്ചിരുന്ന പീഡനം. സമ്പന്ന കുടുംബങ്ങൾ മാത്രം താമസിക്കുന്ന ആഡംബര ഹൗസിങ് കോളനിയിലായിരുന്നു സംഭവം. എന്നാൽ, ഋഷികയുടെ മരണം കൊലപാതകമെന്നാണ് ഇപ്പോൾ വീട്ടുകാർ ആരോപിക്കുന്നത്. സ്ത്രീധനത്തിനുവേണ്ടി ഭർത്താവും അയാളുടെ വീട്ടുകാരു പീഡിപ്പിച്ചതിനെത്തുടർന്നാണ് മരിച്ചതെന്നും അവർ കുറ്റപ്പെടുത്തുന്നു. മറ്റു ചെലവുകൾക്കു പുറമെ 7 കോടി രൂപ സ്ത്രീധനമായി വാങ്ങിയതിനുശേഷമായിരുന്നു ക്രൂരത എന്നും ആരോപണമുണ്ട്. ഭർത്താവും വീട്ടുകാരും ചേർന്ന് പണം ആവശ്യപ്പെട്ട് വളരെ ക്രൂരമായാണ് ഋഷികയൈ പീഡിപ്പിച്ചത്. ഭർതൃവീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ അവളെ തിരികെ കൂട്ടിക്കൊണ്ടു പോയ മൂന്നാം ദിവസമായിരുന്നു ഋഷികയുടെ മരണം.

മരണത്തിനു പിന്നിലെ അണിയറക്കഥകൾ പുറത്തുവന്നതോടെ രക്ഷികയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടും ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടിവേണം എന്ന ആവശ്യമുന്നയിച്ചും കൊൽക്കത്തയിൽ വ്യാപക പ്രചാരണവും തുടങ്ങിയിട്ടുണ്ട്. പഠിക്കാൻ മിടുക്കിയായിരുന്ന ഋഷിക കൊൽക്കത്ത സെന്റ് സേവ്യേഴ്‌സ് കോളജിൽ നിന്ന് ബിബിഎ നേടിയതിനുശേഷം സിംഗപ്പൂരിൽ നിന്നാണ് ഉന്നത ബിരുദം കരസ്ഥമാക്കിയത്. മിടുക്കിയായ ഋഷികയ്ക്ക് നീതി തേടി കൂടെ പഠിച്ചിരുന്നവരും അദ്ധ്യാപകരും ഒക്കെ ഓൺലൈൻ പ്രചാരണത്തിൽ പങ്കുചേരുന്നുണ്ട്.

നരേഷ് അഗൾവാളിന്റെ മകൻ 26 വയസ്സുള്ള കുശാൽ അഗൾവാളാണ് ഋഷികയുടെ ഭർത്താന്. ഭാരത് ഹൈ ടെക് സിമന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് അഗർവാൾ കുടുംബം. വിവാഹം കഴിഞ്ഞയുടൻ തന്നെ ഋഷിക വീട്ടുകാരോട് കുശാലിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. കുശാൽ ലഹരിമരുന്നിന് അടിമയാണെന്നും സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ വീട്ടുകാർ ആദ്യമൊന്നും ഇത് കാര്യമാക്കിയില്ല.

വിവാഹത്തിനുശേഷം ഭർത്താവ് ആവശ്യപ്പെട്ടതനുസരിച്ച് ഒട്ടേറെത്തവണ ഋഷിക കുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. ഇനി പണം ആവശ്യപ്പെടരുത് എന്നു ഋഷിക പറയുമ്പോൾ കുശാൽ ക്രൂരമായി പീഡിപ്പിച്ചു. നവംബറിൽ പിതാവ് ആശുപത്രിയിലായതോടെ ഭർതൃവീട്ടിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ഋഷിക വീട്ടുകാരോട് ഒന്നും സാസാരിക്കാതായി. പിന്നീട്, ജനുവരിയിൽ ഋഷിക സ്വന്തം വീട്ടിൽ തിരിച്ചെത്തി. ഇനി ഭർതൃവീട്ടിലേക്ക് തിരിച്ചുപോകുന്നില്ലെന്നും ബന്ധുക്കളെ അറിയിച്ചു. എന്നാൽ കുശാലിന് ഒരവസരം കൂടി നൽകണമെന്ന് അദ്ദേഹത്തിന്റെ പിതാവ് അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഋഷിക ഭർതൃവീട്ടിൽ ഫെബ്രുവരിയിൽ തിരിച്ചെത്തി. എന്നാൽ മൂന്നു ദിവസത്തിനുശേഷം മരിച്ച നിലയിൽ കാണുകയായിരുന്നു.

ഭർത്താവിന്റെ കൂടെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഈ വീട്ടിൽ നടക്കുന്ന പീഡനം എന്നെ അതിന് അനുവദിക്കുന്നില്ല. ഞാൻ മരിക്കുന്നതാണ് നല്ലത്. അച്ഛാ എന്നെ മറക്കരുത് -ഇങ്ങനെയൊരു സന്ദേശം അവസാനമായി പിതാവിനും സഹോദരനും ഉൾപ്പെടെയുള്ളവർക്ക് വാട്‌സാപ്പിൽ അയച്ചതിനുശേഷമാണ് ഋഷിക മരിച്ചത്. മൂന്നാം നിലയിൽ നിന്നു താഴേക്കു ചാടി മരിച്ചു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.

എന്നാൽ സംഭവത്തിൽ ഇതുവരെ പൊലീസ് അന്വേഷണം പോലും ഉണ്ടായിട്ടില്ല. ഋഷികയുടെ വീട്ടുകാർ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടെങ്കിലും കുശാലിന്റെ കുടുംബത്തിന്റെ സ്വാദീനത്താൽ പൊലീസും കണ്ണടച്ചു. എന്നാൽ ഇതിന്റെ പേരിൽ കുശാലിന്റെ വീട്ടുകാരിൽ നിന്ന് ഭീഷണിയും നേരിട്ടു. പരാതി കൊടുത്ത് ദിവസങ്ങളായെങ്കിലും പൊലീസ് കുശാൽ കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. അവർ വീട്ടിലില്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അതു സത്യമല്ലെന്ന് ഋഷികയുടെ കുടുംബം ആരോപിക്കുന്നു. രക്ഷികയ്ക്ക് നീതി എന്ന ആവശ്യവുമായി കുടുംബം ഓൺലൈനിൽ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. സമ്പന്നരും സ്വാധീനശേഷിയുള്ളവരുമായ കുശാലിന്റെ കുടുംബം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിക്കുന്നു.