കൊച്ചി: ചെലവു വർധനയും അസംസ്‌കൃത വസ്തുക്കളുടെ വിതരണ തടസങ്ങളുടെയും ഇരട്ട പ്രഹരത്തിൽ കോറഗേറ്റഡ് ബോക്സ് (കാർട്ടൺ ബോക്സ്) വ്യവസായം അടച്ചു പൂട്ടൽ ഭീഷണിയിൽ. പേപ്പർ വില വർധനയിൽ മാത്രം 70 ശതമാനം ബോക്സ് നിർമ്മാതാക്കളും അടച്ചു പൂട്ടി. ബോക്സ് നിർമ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലയിലുണ്ടായ അഭൂതപൂർവമായ വർദ്ധനവ് കാരണം വ്യവസായം നട്ടം തിരിയുകയാണ്.

കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണും രാജ്യാന്തര ലോജിസ്റ്റിക്സ് തടസങ്ങളും ക്രാഫ്റ്റ് പേപ്പറിന്റെ ലഭ്യത കുറച്ചു. അഭ്യന്തര വേസ്റ്റ് പേപ്പറിന്റെ വിതരണത്തിൽ തടസം നേരിട്ടപ്പോൾ ഇറക്കുമതിയിൽ ഉയരുന്ന വില ഭീഷണിയായി. ചൈനയിൽ എല്ലാ ഖരമാലിന്യങ്ങളുടെയും ഇറക്കുമതി നിരോധനത്തെ തുടർന്നുണ്ടായ വിടവ് നികത്താൻ ക്രാഫ്റ്റ് പേപ്പർ റീസൈക്കിൽ ചെയ്ത് പൾപ്പ് രൂപത്തിൽ റോളുകളായി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിലും ഇതിന്റെ നിർമ്മാതാക്കൾ ലാഭം കണ്ടെത്തുന്നു.

ക്രാഫ്റ്റ് പേപ്പർ കൂടാതെ തൊഴിലാളികളുടെ ചെലവ്, പശ, ചരക്ക് കൂലി തുടങ്ങിയവയിലുണ്ടായ ചെലവു വർധനയും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 60-70 ശതമാനം വില വർധനവിന് കാരണമായിട്ടുണ്ട്.

രാജ്യത്തെ കൊറഗേറ്റഡ് വ്യവസായം 350ലധികം ഓട്ടോമാറ്റിക് യൂണിറ്റുകളും 10,000ത്തിലധികം സെമി ഓട്ടോമാറ്റിക് യൂണിറ്റുകളും ഉൾപ്പെടുന്നതാണ്. ഭൂരിഭാഗവും എംഎസ്എംഇകളായി പ്രവർത്തിക്കുന്ന ഇവയെല്ലാം അവിചാരിതമായ വിലവർധനയിൽ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും ഇന്ത്യൻ കൊറഗേറ്റഡ് കേസ് ഉൽപ്പാദക അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് വാധ്വാ പറഞ്ഞു.