ഒക്കലഹോമ: വീടിനകത്ത് അതിക്രമിച്ചു കയറി 94 വയസുള്ള വൃദ്ധയെ കൈയും കാലും കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാർച്ച് നാലാം തീയതി വ്യാഴാഴ്ച ഒക്ലഹോമ കോടതിയാണ് എവലിൻ ഗുഡലിനെ (94) കൊലപ്പെടുത്തിയ റോബർട്ട് ഹഷജന (57) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് മാർച്ച് രണ്ടിനു ചൊവ്വാഴ്ച ജൂറി വിധിച്ചിരുന്നു.

2013 ജൂലൈ 5 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വൃദ്ധയുടെ തൊട്ടടുത്ത വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. സംഭവ ദിവസം വീടിന്റെ ജനലരികിൽ ഇരുന്നു പ്രകൃതിഭംഗി ആസ്വദിച്ചിരുന്ന വൃദ്ധയുടെ വീട്ടിലേക്കു കവർച്ചയ്ക്കായി പ്രതി അതിക്രമിച്ചു കയറി. തുടർന്ന് ഇവരെ മർദിച്ചു കൈയും കാലും കെട്ടിയിടുകയായിരുന്നു. മരിക്കുന്നതിനു മുൻപ് എവലിൻ പൊലീസിനോട് സംഭവിച്ചതിനെകുറിച്ച് വിശദീകരണം നൽകിയിരുന്നു.

കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് അംഗീകരിക്കുന്നുവെന്നു പ്രതിയുടെ അറ്റോർണി പറഞ്ഞു. എന്നാൽ കൃത്യം നടത്തിയതു റോബർട്ടല്ലെന്നും ശരിയായ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും അറ്റോർണി പറഞ്ഞു. അപ്പീലിനു കോടതി പത്തു ദിവസം അനുവദിച്ചിട്ടുണ്ട്.

കേസിന്റെ വാദം നടക്കുന്നതിനിടയിൽ റോബർട്ടിന്റെ രണ്ടു മുൻ ഭാര്യമാരും രണ്ടു കാമുകിമാരും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു. തങ്ങളെ മർദ്ദിക്കാറുണ്ടെന്നായിരുന്നു ഇവരുടെ മൊഴി. സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ രക്തത്തിന്റെ ഡിഎൻഎ ഫലവും പ്രതിക്കെതിരായിരുന്നു. പ്രതിക്കു ലഭിച്ച ശിക്ഷ അർഹതപ്പെട്ടതാണെന്ന് എവലിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.