- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കള പൂട്ടുന്ന ഇന്ധന വില വർദ്ധന ഭരണവും പൂട്ടിക്കെട്ടും: ടോണി ചിറ്റിലപ്പിള്ളി
ജനങ്ങളുടെ തലയിൽ ഇടിത്തീ, ഇരുട്ടടി മുതലായ ക്ലീഷെ പ്രയോഗങ്ങൾ തലങ്ങും വിലങ്ങും ഉപയോഗിക്കാൻ അവസരമൊരുക്കിക്കൊണ്ടു പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില സർവ്വകാല റെക്കൊർഡായി ഉയർന്നു.കേന്ദ്ര ഗവണ്മെന്റിലെ ബുദ്ധിജീവികൾ പറയുന്നത് ആഡംബരപ്രിയരായ ജനങ്ങൾക്കു സുഖിക്കാൻ പെട്രോളിന് സബ്‌സിഡി കൊടുത്തു മടുത്തു എന്നാണ്.
ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ആളുകൾക്കു പെട്രോളടിച്ചു കളയാൻ സബ്‌സിഡി കൊടുക്കുന്ന വിഡ്ഡിത്തത്തെക്കുറിച്ചു ശീതികരിച്ച മുറികളിലിരുന്ന് ഉമ്മാക്കി കാണിക്കുന്നവരെ ജനങ്ങൾ അഥവാ വോട്ടർമാർ ഇപ്രാവശ്യം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദുർലഭമായ വസ്തുക്കൾ അധികം ഉപഭോഗം ചെയ്യാതിരിക്കാനുള്ള ഒരു ബോധവൽക്കരണം മാർക്കറ്റിങ്ങ് പഠന ഗ്രന്ഥങ്ങളിൽ കാണാം. ഉത്തമോദാഹരണമായി കൊടുക്കുന്നത് പെട്രോളിയം ഉൽപ്പന്നങ്ങളാണ്.ഓരോ തുള്ളിയും അമൂല്യമാണെന്ന് പാവപ്പെട്ടവരുടെ ചാനലായ ദൂരദർശനിൽ പരസ്യം കാണിക്കുകയും അതിനൊപ്പം തന്നെ കോടിക്കണക്കിന് രൂപ ചിലവഴിച്ചു പെട്രോളിയം ഉൽപ്പന്നങ്ങൾക്കു പരസ്യം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ ചിലർ സാമ്പത്തികശാസ്ത്ര തത്വമുപയോഗിച്ച് ന്യായീകരിച്ച് പാടുപെടുന്നതും കണ്ടു.തീർച്ചായായും ജനത്തിന് ഇരുട്ടടി നൽകിയ വിഷയമാണ് ഇന്ധനവില വർദ്ധന.
പാവപ്പെട്ടവന്റെ അടുക്കള പൂട്ടാൻ വേണ്ടി നടത്തുന്ന ഇന്ധന വില വർധനക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഇന്ത്യയിലും കേരളത്തിലും തീർത്തും ദുർബലമാണ്.പാവങ്ങളോടും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണു സർക്കാർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. എത്ര വിലവർധിപ്പിച്ചാലും സാധാരണക്കാർക്കുവേണ്ടി ആരും ശബ്ദിക്കുകയില്ലെന്ന ധൈര്യത്തിലാണ് ഇടയ്ക്കിടെ ഇന്ധനവിലയും പാചകവാതക വിലയും വർധിപ്പിക്കുന്നത്.
ബാങ്കുകളിൽനിന്നു കോടികൾ തട്ടിയെടുത്ത കോർപ്പറേറ്റുകൾ ഒരു നയാപൈസ തിരിച്ചടയ്ക്കാതെ സസുഖം കഴിയുമ്പോൾ പാവപ്പെട്ടവന്റെ അടുക്കള പൂട്ടിക്കുന്ന തീരുമാനങ്ങൾ ജനങ്ങളെ രോഷാകുലരാക്കിയിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനും ഗതാഗതച്ചെലവ് കുത്തനെ കൂട്ടാനും കുടുംബബജറ്റ് താളം തെറ്റിക്കാനും ഇടയാക്കുന്ന തീരുമാനങ്ങൾ ഭരണം പൂട്ടിക്കെട്ടാനും ഇടയാക്കുമെന്ന് ഓർക്കുന്നത് നല്ലതാണ്.
പെട്രോളിയം പ്ലാനിങ് ആൻഡ് ആനാലിസിസ് സെല്ലിന്റെ കണക്കുകൾ പരിശോധിക്കുക. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനവില ഏറ്റവും ഉയർന്നത് ഇന്ത്യയിലാണ്. സാമ്പത്തികമായി ഇന്ത്യയേക്കാൾ പിന്നാക്കം നിൽക്കുന്ന അയൽരാജ്യങ്ങളേക്കാൾ 30 രൂപയോളം കൂടുതലാണ് ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ചൈനയിൽ പോയാൽ 74 രൂപ കൊടുത്താൽ പെട്രോൾ കിട്ടും; നേപ്പാളിൽ 70 ഉം; ശ്രീലങ്കയിൽ വില 60 രൂപ; മ്യാന്മറിൽ പോയാൽ വെറും 48 രൂപയ്ക്ക് ഇന്ധനം; ഡോളറിന്റെ മൂല്യം ഉയരുന്നതും ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നതും അയൽ രാജ്യങ്ങളുടെ ഇന്ധന വിലയിൽ കാണുന്നില്ല; ഇന്ത്യയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള തന്നെ.
ഉപഭോക്താവിന് ആഗോള വിപണിയിലെ വിലക്കുറവ് ഒരു തരത്തിലും സഹായകമാവരുതെന്ന പിടിവാശിയിലാണ് കേന്ദ്രസർക്കാരും എണ്ണ കമ്പനികളും മുന്നോട്ടുപോകുന്നത്. ഇന്ധന വില നിർണ്ണയാധികാരം കമ്പനികൾക്ക് നല്കിയതോടെയാണ് ഈ കൊള്ളയടി ശക്തമായത്. ആദ്യമൊക്കെ ആഗോള വിപണിയിലെ വില വ്യത്യാസത്തിനനുസരിച്ച് സർക്കാരായിരുന്നു വില നിർണ്ണയം നടത്തിയിരുന്നത്. പിന്നീട് ആഗോളവൽക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി പ്രസ്തുത അവകാശം കമ്പനികൾക്ക് നൽകി. അതോടെ ശക്തമായ കൊള്ളയുടെ ഫലമായി പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഇടയ്ക്കിടെ വിലകയറുന്ന സ്ഥിതിയുണ്ടാക്കി.
വില വർദ്ധനവിന് കാരണം,കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നഭീമമായ നികുതി തന്നെയെന്ന് എല്ലാ വോട്ടർമാർക്കും അറിയാം.അന്തർദ്ദേശീയ മാർക്കറ്റിൽ വില ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ ഭീമമായ വിലവർദ്ധനവിന് കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെമേൽ ചുമത്തുന്ന അന്യായ നികുതി ഒന്നുമാത്രമാണ്.
വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക.അല്പമെങ്കിലും ജനതാൽപര്യമുണ്ടെങ്കിൽ സർക്കാർ വില നിയന്ത്രിക്കേണ്ടതാണ്.മന്മോഹൻസിങ് ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന കാലത്താണ് പെട്രോളിന്റെ വില നിയന്ത്രണം എണ്ണക്കമ്പനികളെ ഏൽപ്പിക്കുന്നത്. അപ്പോഴും ഡീസൽ വില നിയന്ത്രണാധികാരം സർക്കാരിൽ നിക്ഷിപ്തമായിരുന്നു.
പെട്രോളിന്റെ അനിയന്ത്രിതമായ വിലക്കയറ്റം ബിജെപി എന്നും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. വിലനിയന്ത്രിക്കാനാകാത്തത് കോൺഗ്രസ്സിന്റെ പരാജയമാണ് എന്ന് പ്രചാരണം നടത്തിക്കൊണ്ടിരുന്ന ബിജെപി 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും അത് ആയുധമാക്കി. എന്നാൽ അധികാരത്തിലേറി വൈകാതെതന്നെ അവർ ഡീസലിന്റെ മേലുള്ള വിലനിയന്ത്രണവും എടുത്തുകളയുകയാണ് ചെയ്തത്. അതുകൊണ്ട് മോദി സർക്കാർ ആദ്യം ചെയ്യേണ്ടത് വിലനിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക എന്നതാണ്.
പെട്രോളിനും ഡീസലിനും മേൽ ഏർപ്പെടുത്തിയിരിക്കുന്ന അതിഭീമമായ നികുതി പിൻവലിക്കാനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ജനങ്ങളിൽനിന്ന് ഈടാക്കുന്ന തുകയുടെ പകുതിയിലേറെ നികുതിയാണ് എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക?...ജനങ്ങളെ കുത്തിക്കവർന്ന്, ജീവിക്കാനുള്ള അവരുടെ അവകാശംപോലും നിഷേധിക്കുന്ന സർക്കാർ നടത്തുന്ന 'ക്ഷേമ-വികസന പ്രവർത്തനങ്ങൾ' എന്തായാലും ജനങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടുള്ളതല്ല. ജീവിതത്തിൽ പിടിച്ചുനിൽക്കാനാകാതെ കർഷകർ നിത്യേന തെരുവിലിറങ്ങുന്ന നാടാണ് ഇന്ന് ഇന്ത്യ എന്നോർക്കണം.
എണ്ണ കമ്പനികളെയും കോർപറേറ്റുകളെയും കയറൂരി വിട്ടിരിക്കുന്ന സർക്കാരുകൾക്ക് എതിരെയാണ് വരുന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞുടുപ്പിൽ ജനങ്ങൾ വിധിയെഴുതുക. രാജ്യത്തിന് അന്നം നൽകുന്ന കർഷകർ തെരുവിൽ പോരാട്ടത്തിലാണ്. അടുക്കളയിൽ നിന്ന് വീട്ടമ്മമാരും ഇനി കേന്ദ്രസർക്കാരിനെതിരേ തെരുവിലിറങ്ങേണ്ട അവസ്ഥയിലായിരിക്കുന്നു. സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടിയ കേരളത്തിൽ തെരെഞ്ഞുടുപ്പിൽ പ്രധാന ചർച്ചാ വിഷയമാകുക പെട്രോൾ വിലയും പാചകവാതക വിലയുമാകും.