- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി കടന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണം; ഇന്ത്യയ്ക്ക് മുന്നിൽ ആവശ്യവുമായി മ്യാന്മാർ
ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചിട്ടും ജനാധിപത്യ പ്രക്ഷോഭം ചൂടുപിടിക്കുകയാണ് മ്യാന്മാറിൽ. പ്രക്ഷോഭം രക്തരൂഷിതമായി മാറുമ്പോൾ പട്ടാളവും ജനങ്ങളും നേർക്ക് നേർ പോരാടുകയാണ്. ഇതിനിടെ, മേലധികാരികളുടെ ജനാധിപത്യവിരുദ്ധ ഉത്തരവുകൾ അനുസരിക്കാൻ മടിച്ച് അതിർത്തി കടന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ചിരിക്കുകയാണ് മ്യാന്മർ.
രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ വിട്ടുതരണമെന്നാണ് ആവശ്യം. കുടുംബത്തോടൊപ്പമാണ് ചില പൊലീസ് ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് കടന്നത്. ഇന്ത്യയിലേക്ക്‌പോന്ന പൊലീസ് ഉദ്യോസ്ഥരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മിസോറമിലെ ചംഫായി ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണർ മരിയ സിടി സുവാലിക്കാണ് കത്ത്ത ലഭിച്ചത്. മ്യാന്മറിലെ ഫാലം ജില്ലയിലെ ഇതേ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനിൽനിന്നുമാണ് കഴിഞ്ഞ ദിവസം ഒരു കത്ത് ലഭിക്കുന്നത്. മ്യാന്മറിലെ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കണം എന്നായിരുന്നു ആവശ്യം.
'രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനിർത്തുന്നതിന്, ഇന്ത്യൻ പ്രദേശങ്ങളിൽ എത്തിയ എട്ട് മ്യാന്മർ പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തശേഷം മ്യാന്മറിന് കൈമാറണം.' കത്തിൽ പറയുന്നതിങ്ങനെ. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കാത്തിരിക്കുകയാണെന്ന് മരിയ സിടി സുവാലി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, പൊലീസ് ഉദ്യോഗസ്ഥരുടേത് അടക്കം ഏകദേശം 30 കുടുംബങ്ങളാണ് മ്യാന്മറിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സ്വന്തം രാജ്യത്തെ അരക്ഷിതാവസ്ഥയിൽനിന്നു രക്ഷതേടി ഇന്ത്യയിലേക്ക് കടക്കുന്നതിനായി അതിർത്തിയിൽ മ്യാന്മർ പൗരന്മാരുടെ തിരക്കാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി ഒന്നിനാണു മ്യാന്മറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്. ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പ്രക്ഷോഭകരെ കടുത്ത നടപടികളുമായാണ് പൊലീസും പട്ടാളവും നേരിടുന്നത്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്നാണു ഔദ്യോഗിക കണക്ക്.
2003 ൽ സൂ ചിയുടെ അനുയായികളായ 70 പേർ വധിക്കപ്പെട്ട ശേഷം ഇത്രയധികം പേർ കൊല്ലപ്പെടുന്നത് ആദ്യമാണ്. മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തുനിന്നു വെടിവയ്ക്കുന്ന രീതിയാണ് പൊലീസിന്റെയും പട്ടാളത്തിന്റെയുമെന്നു പ്രക്ഷോഭകർ പറയുന്നു.