ന്യൂയോർക്ക്: ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്ക് വൈസ് പ്രസിഡന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ നൊറീൻ ഹസനെ നിയമിച്ചതായി ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. മാർച്ച് 15 മുതൽ പുതിയ ചുമതലയിൽ പ്രവേശിക്കണമെന്ന് ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഓഫ് ഗവർണേഴ്സ് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നും കുടിയേറിയ മുൻ ഐബിഎം സീനിയർ എക്സിക്യൂട്ടീവ് ജാവേദ് കെ. ഹസന്റെ മകളാണ് നൊറീൻ. പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നും എംബിഎ ബിരുദവും നേടിയ ഇവർ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് മെക്കൻസി കമ്പനിയിലാണ്.

നൊറീന്റെ പരിചയസമ്പമായ നേതൃത്വം ഫെഡറൽ റിസർവ് ബാങ്കിന്റെ വളർച്ചയ്ക്ക് നിദാനമായിരിക്കുമെന്നു വൈസ് പ്രസിഡന്റ് ഡെന്നിസ് സ്‌കോട്ട് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെന്റ് ചീഫ് ഡിജിറ്റൽ ഓഫീസർ തസ്തികയിൽ നൊറീന്റെ സേവനം സ്തുത്യർഹമായിരുന്നുവെന്നും ഡെന്നീസ് കൂട്ടിച്ചേർത്തു. പുതിയ സ്ഥാനലബ്ദിയിൽ അതീവ കൃതാർഥയാണെന്നും തന്റെ കഴിവിന്റെ പരമാവധി ബാങ്കിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുമെന്നും നൊറീൻ പ്രതികരിച്ചു.